|    Sep 26 Wed, 2018 7:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോട്ടയത്ത് കെടുതികള്‍ തുടരുന്നു; കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തില്‍

Published : 19th August 2018 | Posted By: kasim kzm

കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ പ്രളയക്കെടുതികള്‍ തു—ടരുന്നു. കോട്ടയം പമ്പാവാലി കണമലയില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. വൈദ്യുതിലൈന്‍ വലിക്കാന്‍ സഹായിക്കുന്നതിനിടെ നദീതീരത്തെ തിട്ടയിടിഞ്ഞ് ഒഴുക്കില്‍പ്പെട്ട് എയ്ഞ്ചല്‍വാലി സ്വദേശി പരുവയില്‍ ജോസിനെയാണു കാണാതായത്.
ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ആലപ്പാട്ടുനിന്നും എയ്ഞ്ചല്‍വാലിയിലേക്ക് തകര്‍ന്ന വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായി 11 കെവി ലൈന്‍ വലിക്കാന്‍ കെഎസ്ഇബി ജീവനക്കാരെ സഹായിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാട്ടുകാരനായ ജോസ് തിട്ടയിടിഞ്ഞു നദിയിലേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും നീന്തി രക്ഷപ്പെട്ടു. ശക്തമായ ഒഴുക്കും വെള്ളം കുറയാത്തതും മൂലം പമ്പാനദിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. വേമ്പനാട്ടുകായലില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് ഇന്നലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളംകയറി. കുമരകം, താഴത്തങ്ങാടി, അയ്മനം, ഇല്ലിക്കല്‍, കാഞ്ഞിരം തുടങ്ങിയ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കം തുടരുകയാണ്. നഗരത്തില്‍ മീനച്ചിലാറിന്റെ തീരപ്രദേശങ്ങളായ കുമാരനല്ലൂര്‍, താഴത്തങ്ങാടി, അറപുഴ, പള്ളിപ്പുറം, പഴയ സെമിനാരി, ചുങ്കം, വാരിശ്ശേരി, പനയക്കഴിപ്പ്, ഇല്ലിക്കല്‍, കുമ്മനം കൊടൂരാറിന്റെ പരിസരങ്ങളിലുള്ള കോടിമത, കാഞ്ഞിരം ഭാഗങ്ങില്‍ താഴ്ന്ന പ്രദേശങ്ങളിലെ പുരയിടങ്ങളും വീടുകളും വെള്ളത്തിലായി. അയ്മനം, തിരുവാര്‍പ്പ്, നീണ്ടൂര്‍, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും വീട്ടുകളും വെള്ളക്കെട്ടിലാണ്.
കാരാപ്പുഴ, ചെങ്ങളം ഭാഗങ്ങളിലും കനത്ത വെള്ളപ്പൊക്കമാണ്. മീനച്ചിലാറ്റില്‍ കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് അതിശക്തമാണ്. അടിക്കടി ജലവിതാനം ഉയരുകയാണ്. പടിഞ്ഞാറന്‍ കൈവഴികളും ഇടത്തോടുകളും നിറഞ്ഞുകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളും ഇടവഴികളും വെള്ളത്തിലായി. കോട്ടയം നഗരത്തില്‍ മെഡിക്കല്‍ കോളജ് ബൈപ്പാസില്‍നിന്നുള്ള ചുങ്കം-പഴയ സെമിനാരി പിഡബ്ല്യൂഡി റോഡ് പൂര്‍ണമായും വെള്ളത്തിലായി.
കുടയംപടി ഭാഗത്തും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിട്ടതാണ് വൈക്കം മേഖലയെ ദുരിതത്തിലാക്കിയത്.
ഇന്നലെ വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി പ്രദേശങ്ങള്‍ വെള്ളത്തിലായി. ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു. ഇരുനില വീടുകള്‍ വരെ വെള്ളത്തിലായി. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss