|    Feb 22 Wed, 2017 5:06 pm
FLASH NEWS

കോട്ടയത്ത് എസ്ബിടി ശാഖയില്‍ തീപ്പിടിത്തം

Published : 25th November 2016 | Posted By: SMR

കോട്ടയം: സിഎംഎസ് കോളജ് ജങ്ഷനിലെ എസ്ബിടി ശാഖയില്‍ ഇന്നലെ പുലര്‍ച്ചെ അഗ്നിബാധ. തീപ്പിടിത്തത്തില്‍ 35 ലക്ഷം രൂപയുടെ നാശമുണ്ടായതായാണു പ്രാഥമിക നിഗമനം. സിഎംഎസ് കോളജ് ജങ്ഷനിലെ കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖയിലാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്നു കരുതുന്നു. ബാങ്കിനുള്ളിലെ സ്‌ട്രോങ് റൂമിനു തകരാറൊന്നും സംഭവിച്ചിട്ടില്ല. ബാങ്കില്‍ അലാറമുണ്ടായിരുന്നുവെങ്കിലും പ്രവര്‍ത്തിച്ചില്ല.
പുലര്‍ച്ചെ ആറോടെ ഇതുവഴി കടന്നുപോയവര്‍ കെട്ടിടത്തില്‍ നിന്നു പുക ഉയരുന്നതുകണ്ട് അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം അഗ്നിശമന സേനയും പോലിസും സ്ഥലത്തെത്തി. രണ്ടു നിലയുള്ള കെട്ടിടത്തിന്റെ പൂട്ടു തകര്‍ത്താണ് അഗ്നിശമനസേനാ ജീവനക്കാര്‍ അകത്തു പ്രവേശിച്ചത്. ബാങ്കിനുള്ളിലെ പുക അഗ്നിശമന ജീവനക്കാര്‍ക്ക് ശ്വാസതടസ്സത്തിനിടയാക്കി. തുടര്‍ന്ന് ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് പുക കളഞ്ഞശേഷമാണു തീയണച്ചത്. മുറിയുടെ മധ്യഭാഗത്തെ രണ്ടു കംപ്യൂട്ടറുകള്‍ തീപ്പിടിച്ച നിലയിലായിരുന്നു. കാഷ് കൗണ്ടര്‍, കംപ്യൂട്ടറുകള്‍, മാനേജരുടെ ക്യാബിന്‍, കസേരകള്‍, ടിവി, ഫയലുകള്‍, മേശകള്‍ തുടങ്ങിയവയെല്ലാം നശിച്ചു. ഓഫിസ് പൂര്‍ണമായും അഗ്നിക്കിരയായെങ്കിലും ബാങ്കില്‍ സൂക്ഷിച്ചിരുന്ന പണത്തിനും സ്വര്‍ണത്തിനും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സ്‌ട്രോങ് റൂം സുരക്ഷിതമാണെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. പുലര്‍ച്ചെ രണ്ടോടെയെങ്കിലും തീപിടിച്ചു തുടങ്ങിയതായിരിക്കാമെന്നാണ് അഗ്നിശമന സേന കരുതുന്നത്. എസി മുറിയായിരുന്നതിനാല്‍ പുറത്തറിയാന്‍ വൈകി. ബാങ്കിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി താഴെയുള്ള നിലയിലേക്കു മാറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക