|    Dec 12 Wed, 2018 3:22 pm
FLASH NEWS
Home   >  Editpage  >  Editorial  >  

കോട്ടയത്തെ രാഷ്ട്രീയ നാടകവും സിപിഎമ്മിന്റെ ആല്‍മരവും

Published : 6th May 2017 | Posted By: fsq

 

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും സിപിഎമ്മും ചേര്‍ന്നു നടത്തിയ ഒത്തുകളി വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുകയാണ്. തഞ്ചവും തരവും പോലെ മുന്നണികള്‍ മാറിമാറിക്കളിക്കുകയും അതിനനുസരിച്ച് പിളരുകയും വീണ്ടും ലയിക്കുകയുമൊക്കെ ചെയ്യുന്ന കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് ഇതുമൊരു പതിവു കളി എന്നു കരുതി പിടിച്ചുനില്‍ക്കാവുന്നതേയുള്ളൂ. എന്നാല്‍, മാണിസാറിന്റെ ഈ കലാപരിപാടിക്ക് രാഷ്ട്രീയമായി കുറേക്കൂടി പ്രസക്തമായ അര്‍ഥധ്വനികള്‍ ഉണ്ടെന്നതാണ് വസ്തുത. ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചുള്ള നമ്മുടെ പൊതുബോധത്തെയും അത് പല വീണ്ടുവിചാരങ്ങള്‍ക്കും വിധേയമാക്കുന്നു. കച്ചവടസ്വഭാവവും ക്രിസ്തീയ സാമുദായികതയും പള്ളിയുടെയും പട്ടക്കാരുടെയും താല്‍പര്യങ്ങളുമെല്ലാം ഉള്‍ക്കൊണ്ടിട്ടുള്ള ഒന്നാണെങ്കിലും കേരളാ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയശക്തി എപ്പോഴും ഊന്നല്‍ നല്‍കിയിട്ടുള്ളത് കേരളീയരുടെ പ്രശ്‌നങ്ങള്‍ക്കാണ്. കേരളത്തിലെ സാമൂഹികജീവിതത്തിന്റെ നട്ടെല്ല് കൃഷിക്കാരാണ്. കൃഷിക്കാരുടെ താല്‍പര്യങ്ങളാണ് സാമാന്യമായി കേരളീയരുടെ താല്‍പര്യങ്ങള്‍. കേരളാ കോണ്‍ഗ്രസ്സിനെപ്പോലെ ഈ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു പാര്‍ട്ടി സംസ്ഥാനത്തില്ല. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളികളുടെ പാര്‍ട്ടിയായിരിക്കുന്നതുപോലെ, അസമില്‍ അസം ഗണതന്ത്ര പരിഷത്ത് അസംകാരുടെ പാര്‍ട്ടിയായിരിക്കുന്നതുപോലെ, തമിഴ്‌നാട്ടിലെ ദ്രാവിഡ കക്ഷികള്‍ തമിഴ് മക്കളുടെ വികാരങ്ങളെ പ്രതിനിധാനം ചെയ്യുന്നതുപോലെയുള്ള ഒരു ദൗത്യമാണ് കേരളാ കോണ്‍ഗ്രസ്സിന്റേത്. ഈ ബലമുപയോഗിച്ച് ഒരു സമ്മര്‍ദ രാഷ്ട്രീയശക്തിയായി വര്‍ത്തിക്കാന്‍ പാര്‍ട്ടിക്കു കഴിയുകയും ചെയ്തിരുന്നു. എന്നാല്‍, ഒരു ഘട്ടത്തില്‍ കേരള രാഷ്ട്രീയത്തിലെ രണ്ടാമന്‍മാരായിരുന്ന ഈ പാര്‍ട്ടിയാണ് ഇപ്പോള്‍ ഒന്നുമല്ലാതായിപ്പോയത്. പ്രധാനമായും മാണിയുടെ രാഷ്ട്രീയതന്ത്രങ്ങളാണ് അതിനു കാരണം. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് കോട്ടയത്തെ നാടകം. പാര്‍ട്ടിയുടെ ശവപ്പെട്ടിമേല്‍ നേതൃത്വം ഒരാണി കൂടി അടിച്ചിരിക്കുന്നു. സിപിഎമ്മും തങ്ങളുടെ രാഷ്ട്രീയ പാപ്പരത്തം ജനസമക്ഷം തെളിയിക്കാനുള്ള അവസരമായി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഉപയോഗിച്ചു. ദേശീയ രാഷ്ട്രീയത്തിലെ ശത്രുവായ കോണ്‍ഗ്രസ്സിനെ തോല്‍പിക്കാന്‍ പ്രാദേശികമായ അടവുനയം പ്രയോഗിച്ചിരിക്കുകയാണത്രേ പാര്‍ട്ടി. ഇതേവരെ അഴിമതിരാജാക്കന്മാരാണെന്നു കൊട്ടിഘോഷിച്ച കേരളാ കോണ്‍ഗ്രസ്സിനെ പുണര്‍ന്നുവേണം പോലും ഇടതുപക്ഷ വിപ്ലവകാരികള്‍ക്ക് കോണ്‍ഗ്രസ്സിനെ തോല്‍പിക്കാന്‍. ഈ ഉരുണ്ടുകളി അതിഗംഭീരം. ഏതായാലും മാര്‍ക്‌സിസ്റ്റുകള്‍ ഒരു കാര്യം ചെയ്യണം. തങ്ങളുടെ മുതുകില്‍ മുളച്ച ആല്‍മരം അവിടെത്തന്നെയുണ്ടോ എന്ന് ഇടയ്ക്കിടെ തപ്പിനോക്കണം. അതിന്റെ തണല്‍ നഷ്ടപ്പെട്ടുപോയാല്‍ ഇടതു വിപ്ലവകാരികള്‍ പൊരിവെയിലത്ത് പിന്നെയെന്തു ചെയ്യും?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss