|    Oct 16 Tue, 2018 1:08 pm
FLASH NEWS

കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം നഗര മധ്യത്തിലേക്കു മാറ്റി

Published : 21st September 2017 | Posted By: fsq

 

കോട്ടയം: ഭാരത് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിനു പുതിയ മുഖം. കഴിഞ്ഞദിവസം വരെ ആശുപത്രിക്കു മുന്നില്‍ സമരം നടത്തിയിരുന്ന നഴ്‌സുമാര്‍ ഇന്നലെ മുതല്‍ തിരുനക്കര പഴയ പോലിസ് സ്റ്റേഷന്‍ മൈതാനത്തിനു സമീപത്തെ സമരപ്പന്തലിലേക്കു മാറി. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ഈ മാസം 15ന് സമരത്തിന് അനുഭാവം പ്രഖ്യാപിച്ച് യുഎന്‍എയുടെ നേതൃത്വത്തില്‍ ആശുപത്രിക്കു മുന്നിലെ സമരവേദിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലിസ് സമരക്കാരെ കൈയേറ്റം ചെയ്തിരുന്നു. ഇതില്‍ 19ഓളം നഴ്‌സുമാര്‍ക്ക് പരിക്കേറ്റിരുന്നു. സമരം 45 ദിവസം പിന്നിടുമ്പോഴും ഉയര്‍ത്തിയ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാവാതിരുന്നതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍കൂടി ബോധ്യപ്പെടുന്നതിനു വേണ്ടിയാണ് സമരവേദി തിരുനക്കരയിലേക്ക് മാറ്റിയത്. ആവശ്യം അംഗീകരിക്കുന്നതു വരെ സമരം തുടരാനാണ് തീരുമാനമെന്ന് നഴ്‌സുമാര്‍ പറഞ്ഞു. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടും ഭാരത് ആശുപത്രിയിലെ ഷിഫ്റ്റ് സമ്പ്രദായത്തിലെ അപാകതക്കെതിരേയുമാണു നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. എന്നാല്‍, സമരം ചെയ്ത അഞ്ചു നഴ്‌സുമാരെ പിരിച്ചുവിട്ടായിരുന്നു ഭാരത് ആശുപത്രി മാനേജ്‌മെന്റ് പ്രതികാരം തീര്‍ത്തത്. ചില നഴ്‌സുമാര്‍ക്കെതിരേ കൈയേറ്റവുമുണ്ടായി. ഇതിനു ശേഷമാണ് ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തത്. എന്നാല്‍, പ്രശ്‌ന പരിഹാരത്തിനു ലേബര്‍ ഓഫിസര്‍ വിളിക്കുന്ന ചര്‍ച്ചകളില്‍ നിന്നു വിട്ടുനിന്ന മാനേജ്‌മെന്റ് പ്രതിനിധികള്‍ സമരം ചെയ്ത മറ്റു നഴ്‌സുമാരെയും സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ പിരിച്ചുവിട്ട നഴ്‌സുമാരുടെ എണ്ണം 19 ആയി. കരാര്‍ കാലാവധി തീരുന്ന മുറയ്ക്ക് നഴ്‌സുമാരെ പിരിച്ചുവിടുകയാണ് ചെയ്തത്. സംസ്ഥാനത്ത് നഴ്‌സുമാരുടെ പ്രശ്‌നം രൂക്ഷമായതോടെ ഹൈക്കോടതി ഇടപെട്ടാണു മിനിമം വേതനം 20,000 രൂപയായി നിശ്ചയിച്ചത്. എന്നാല്‍, ഈ തുകയും നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. തുടര്‍ന്നാണ് സമരം ചെയ്യുന്ന നഴ്‌സുമാര്‍ സംഘടിച്ച് യുഎന്‍എയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്കു മാര്‍ച്ചു നടത്തിയത്. എന്നാല്‍, തിരുനക്കര ക്ഷേത്രത്തിനു മുന്നില്‍ സമരക്കാരെ പോലിസ് തടഞ്ഞു. പി സി ജോര്‍ജ് എംഎല്‍എ ഇടപെട്ടതോടെ നഴ്‌സുമാരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തില്‍ നിന്ന് പോലിസ് പിന്‍വാങ്ങി. എന്നാല്‍, പിസി ജോര്‍ജിന്റെ ഉദ്ഘാടനം കഴിഞ്ഞ ശേഷം സമരക്കാരെ പോലിസ് ബലം പ്രയോഗിച്ചു നീക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തതിനെ തുടര്‍ന്ന് ലാത്തിവീശുകയുമായിരുന്നു. തുടര്‍ന്നാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss