|    Jan 21 Sat, 2017 11:58 am
FLASH NEWS

കോട്ടയം: പോരാട്ടം ഇഞ്ചോടിഞ്ച്; റബറില്‍ വലിഞ്ഞ് യുഡിഎഫ് കോട്ട ഇളകുമോ?

Published : 15th May 2016 | Posted By: SMR

KOTTAYAM DT

പി എം അഹ്മദ്

കോട്ടയം: യുഡിഎഫ് കോട്ടയെന്ന് അറിയപ്പെടുന്ന ജില്ലയില്‍ ഇത്തവണ ഇഞ്ചോടിഞ്ചു പോരാട്ടം. കഴിഞ്ഞ തവണ ആകെയുള്ള ഒമ്പതില്‍ ഏഴും പിടിച്ചെടുത്ത യുഡിഎഫ് കടുത്ത മല്‍സരമാണ് നേരിടുന്നത്. മിക്ക മണ്ഡലങ്ങളിലും ഫലം മാറി മറിയുമെന്നാണ് പ്രചാരണത്തിന്റെ അവസാന ചിത്രം വ്യക്തമാക്കുന്നത്. താര പ്രചാരകരും കേന്ദ്രമന്ത്രിമാരും കേന്ദ്ര നേതാക്കളും പ്രചാരണത്തിനെത്തിയതോടെ മണ്ഡലങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ പ്രവചനാതീതമായി മാറിയിട്ടുണ്ട്.
ജില്ലയില്‍ അനായാസം ജയിച്ചുകയറാമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മല്‍സരിക്കുന്ന പുതുപ്പള്ളി. എസ്എഫ്‌ഐ നേതാവും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ജെയ്ക് സി തോമസ് പ്രചാരണ രംഗത്ത് ഏറെ സജീവമായിരുന്നു. മണ്ഡല രൂപീകരണം മുതല്‍ പകരക്കാരനില്ലാത്ത അമരക്കാരനായി പാലാ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി ഇത്തവണ കടുത്ത മല്‍സരമാണ് നേരിടുന്നത്. കേരളാ കോണ്‍ഗ്രസ്സിലെ പിളര്‍പ്പും ബാര്‍കോഴയും റബര്‍ പ്രതിസന്ധിയും വിധി നിര്‍ണയിച്ചാല്‍ ഫലം ഇടതിന് അനുകൂലമാവുമെന്നാണ് അവസാന വിലയിരുത്തല്‍. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
സംസ്ഥാനത്തെ ഏറെ ശ്രദ്ധേയമായ ചതുഷ്‌കോണ മല്‍സരം നടക്കുന്ന പൂഞ്ഞാറില്‍ ഫലം പ്രവചനാതീതമാണ്. മുന്നണി സ്ഥാനാര്‍ഥികളെ പിന്നിലാക്കുന്ന തരത്തിലുള്ള പ്രചാരണമാണ് ജനപക്ഷ സ്ഥാനാര്‍ഥി പി സി ജോര്‍ജ് കാഴ്ചവച്ചത്. ഈരാറ്റുപേട്ട നഗരസഭയിലുള്‍പ്പെടെ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള എസ്ഡിപിഐ പിന്തുണ പി സി ജോര്‍ജിന് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളതും ഇവിടെയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അഭിപ്രായഭിന്നതയും അടിയൊഴുക്കുമായിരിക്കും ഇവിടുത്തെ ഫലം നിര്‍ണയിക്കുന്നത്. ആറ് തവണ ഇവിടെ എംഎല്‍എയായ പി സി ജോര്‍ജ് സുപരിചിതനാണെന്നതും മണ്ഡലത്തിലെ വികസനവും പ്രചാരണരംഗത്ത് ഏറെ ചര്‍ച്ചയായിരുന്നു.
യുഡിഎഫിന് മുന്‍തൂക്കമുള്ള കാഞ്ഞിരപ്പള്ളി മണ്ഡലത്തിലും ഇത്തവണ മുന്നണി സ്ഥാനാര്‍ഥി കടുത്ത മല്‍സരമാണ് നേരിടുന്നത്. ന്യൂനപക്ഷ വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന എസ്ഡിപിഐ സാന്നിധ്യവും ഫലത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാവും. എന്‍ഡിഎ സ്ഥാനാര്‍ഥി വി എന്‍ മനോജിന്റെ സാന്നിധ്യം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി ബി ബിനുവിന് അനുകൂലമാവുമെന്നാണ് അവസാന വിലയിരുത്തല്‍. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മല്‍സരിക്കുന്ന കോട്ടയത്ത് ഇത്തവണ ത്രികോണ മല്‍സരത്തിന്റെ പ്രതീതിയാണ്. എന്‍ഡിഎ പിടിക്കുന്ന വോട്ടുകള്‍ തിരുവഞ്ചൂരിന്റെ വിജയസാധ്യതയ്ക്ക് ഭീഷണിയാവും. എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി റോയി ചെമ്മനവും രംഗത്തുണ്ട്.
ഇടതിന് മുന്‍തൂക്കമുള്ള ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ഇത്തവണ ഫലം മാറിമറിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ബിഡിജെഎസ് സാന്നിധ്യം ഫലത്തില്‍ നിര്‍ണായകമാവും. ജില്ലയില്‍ ഇടതിന് ശക്തമായ സാന്നിധ്യമുള്ള വൈക്കം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ എ ജി തങ്കപ്പന്റെ സാന്നിധ്യം ഇടതിന് ഭീഷണിയാവും. കേരളാ കോണ്‍ഗ്രസ് പ്രതിനിധികള്‍ മുന്നണി സ്ഥാനാര്‍ഥികളായി ഏറ്റുമുട്ടുന്ന കടുത്തുരുത്തിയില്‍ ഇത്തവണ ശക്തമായ മല്‍സരമാണ് നടക്കുന്നത്. യുഡിഎഫിലെ സിറ്റിങ് എംഎല്‍എയായ മോന്‍സ് ജോസഫിന് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും പോരാട്ടം ശക്തമാണ്. കേരളാ കോണ്‍ഗ്രസ്സുകാര്‍ ഏറ്റുമുട്ടുന്ന ചങ്ങനാശ്ശേരി മണ്ഡലത്തിലും ഇത്തവണ ഫലപ്രവചനം അസാധ്യമായിരിക്കുകയാണ്. ഐക്യമുന്നണിയില്‍ കേരളാ കോണ്‍ഗ്രസ് ലേബലില്‍ സി എഫ് തോമസ് ഇതുവരെ അനായാസം ജയിച്ചുകയറിയിരുന്നെങ്കില്‍ ഇത്തവണ ഏറെ വെള്ളം കുടിക്കേണ്ടി വരും. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 126 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക