|    Nov 17 Sat, 2018 2:10 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കോട്ടയം പുഷ്പനാഥ്, അപസര്‍പ്പക കഥകളുടെ ശില്‍പി

Published : 3rd May 2018 | Posted By: kasim kzm

നിഷാദ്  എം  ബഷീര്‍

കോട്ടയം: ഡിറ്റക്റ്റീവ് കഥക ള്‍ക്ക് സാഹിത്യത്തില്‍ ജനപ്രിയ മുഖം സമ്മാനിക്കുകയും മലയാളിയുടെ വായനാ അഭിരുചിയില്‍ വേഗതയുണ്ടാക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു അന്തരിച്ച പുഷ്പരാജന്‍ പിള്ളയെന്ന കോട്ടയം പുഷ്പനാഥ്. വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സസ്‌പെന്‍സ് ത്രില്ലറുകളായിരുന്നു രചനയിലുടനീളം. ഓരോ ലക്കത്തിലും നോവലുകള്‍ അവസാനിച്ചിരുന്നത് അടുത്ത ലക്കത്തിലേക്ക് വായനക്കാരന്റെ മനസ്സില്‍ ജിജ്ഞാസ അവശേഷിപ്പിച്ചുകൊണ്ടാണ്. തുടര്‍വായനയ്ക്ക് വായനക്കാരനെ പ്രേരിപ്പിക്കാന്‍ തക്ക തരത്തിലുള്ളതായിരുന്നു ഭാഷയും പ്രയോഗങ്ങളും.
കോട്ടയം എംഡി സെമിനാരി ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് പാശ്ചാത്യ കുറ്റാന്വേഷണ കൃതികള്‍; പ്രത്യേകിച്ച് ഷെര്‍ലക് ഹോംസ് കഥകളും മറ്റും വായിക്കുന്നത്. 12ാം വയസ്സില്‍ തിരമാലയെന്ന പേരില്‍ ആദ്യ കഥയെഴുതി. ‘ഡിറ്റക്ടര്‍’ മാസികയില്‍ ചെറിയ കുറ്റാന്വേഷണ കഥകള്‍ എഴുതിത്തുടങ്ങി. അധ്യാപികയായിരുന്ന അമ്മയാണ് രാജനെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്. അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നു പിറവിയെടുത്ത ഡിറ്റക്റ്റീവ് മാക്‌സിനും എലിസബത്തും കേരളത്തിലെ വായനക്കാരിലിപ്പോഴും പച്ചപിടിച്ചുനില്‍ക്കുന്നു.
അപസര്‍പ്പക നോവല്‍ മേഖലയിലേക്ക് ഒരു കൊടുങ്കാറ്റായി 60ന്റെ അന്ത്യപാദത്തിലായിരുന്നു പുഷ്പനാഥിന്റെ വരവ്. പുഷ്പനാഥിന്റെ ഒറാങ് ഒട്ടാങ് എന്ന കഥാപാത്രം പഴയ തലമുറയ്ക്ക് മറക്കാനാവില്ല. ഒരു ആദിമ മനുഷ്യരൂപത്തിന് അദ്ദേഹം നല്‍കിയ പേരാണിത്.
മുന്നൂറിലധികം നോവലുകള്‍ അദ്ദേഹം രചിച്ചു. 50ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് എറണാകുളം സിഐസിസി ബുക്ക് ഹൗസാണ്. 1968ല്‍ കല്ലാര്‍കുട്ടി സ്‌കൂളില്‍ അധ്യാപകനായിരിക്കുമ്പോള്‍ മനോരാജ്യം വാരികയില്‍ ചുവന്ന മനുഷ്യന്‍ എന്ന ആദ്യനോവല്‍ പരമ്പരയായി പ്രസിദ്ധീകരിച്ചതോടെ കോട്ടയം പുഷ്പനാഥ് മലയാളികളുടെ മനസ്സില്‍ പ്രതിഷ്ഠ നേടി. 60കളുടെ അന്ത്യപാദത്തില്‍ കോട്ടയത്തുനിന്നു പുറപ്പെട്ട മനോരാജ്യം വാരിക പ്രചാരമിടിഞ്ഞു വലിയ പ്രതിസന്ധി നേരിട്ടു.
ഈ സാഹചര്യത്തില്‍ അന്നത്തെ ജനകീയ എഴുത്തുകാരില്‍ പ്രമുഖനായ കാനം ഇ ജെ മാനേജ്‌മെന്റിനു മുന്നില്‍ കുറ്റാന്വേഷണ നോവല്‍ ആരംഭിക്കുകയെന്ന അഭിപ്രായം മുന്നോട്ടുവയ്ക്കുന്നത്. കുട്ടനാട്ടിലെ ചമ്പക്കുളത്തുള്ള ബികെഎം ബുക്ക് ഡിപ്പോ എന്ന പുസ്തക പ്രസാധകര്‍ ഇറക്കിയിരുന്ന ‘ഡിറ്റക്ടര്‍’ മാസികയില്‍ പതിവായി കുറ്റാന്വേഷണ കഥകളെഴുതിയിരുന്ന കോട്ടയം പുഷ്പനാഥായിരുന്നു കാനത്തിന്റെ മനസ്സില്‍. 1968 മുതല്‍ മനോരാജ്യം വാരികയില്‍ ചുവന്ന മനുഷ്യന്‍ എന്ന കുറ്റാന്വേഷണ നോവല്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. മൂന്നുമൂന്നര പതിറ്റാണ്ടുകാലം മലയാള കുറ്റാന്വേഷണ സാഹിത്യലോകത്തെ അടക്കിവാണ കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരന്റെ ഉദയമായിരുന്നു അത്. മൂന്നാഴ്ച മുമ്പാണ് പുഷ്പനാഥിന്റെ മകന്‍ സലിം പുഷ്പനാഥ് മരിക്കുന്നത്. വിവിധ തൂലികാനാമങ്ങളിലും ഇദ്ദേഹത്തിന്റെ രചനകളുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss