|    Oct 19 Fri, 2018 2:36 am
FLASH NEWS

കോട്ടയം നഗരത്തിലെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കുമെന്ന് നഗരസഭ

Published : 21st September 2017 | Posted By: fsq

 

കോട്ടയം: പൊതുനിരത്ത് കൈയേറിയുള്ള നഗരത്തിലെ അനധികൃത കച്ചവടങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നാഗമ്പടം ബസ് സ്റ്റാന്‍ഡിലും തിരുനക്കര പഴയ സ്റ്റാന്‍ഡിലും അനധികൃതമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കടകളും ഒഴിപ്പിക്കും. പൊതുജനങ്ങള്‍ക്കു കാല്‍നടയാത്രയ്ക്കുള്ള സൗകര്യമൊരുക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നായിരുന്നു കൗണ്‍സിലിന്റെ പൊതുവികാരം. നേരത്തെ പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായ കച്ചവടങ്ങള്‍ ഒഴിപ്പിക്കാന്‍ നഗരസഭാ തീരുമാനമെടുത്തെങ്കിലും ഫല പ്രാപ്തിയിലെത്താത്ത പശ്ചാത്തലത്തിലാണ് കര്‍ക്കശ നടപടികളിലേക്ക് നീങ്ങാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ ഏകകണ്‌ഠേന തീരുമാനിച്ചത്. ബസ് സ്റ്റാന്‍ഡില്‍ അനുവദിച്ചിരിക്കുന്ന ദൂരപരിധിക്ക് പുറത്തുള്ള കടകളായിരിക്കും പൊളിച്ചുനീക്കുക. ഇതുസംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭാ സെക്രട്ടറിക്കു ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന നിര്‍ദേശം നല്‍കി. പോലിസിന്റെ വികലമായ ഗതാഗതപരിഷ്‌കാരങ്ങളാണ് നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ നിരന്തരമായുണ്ടാവുന്ന അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു.ഇല്ലിക്കല്‍ കൗണ്‍സിലര്‍ എം പി സന്തോഷ്‌കുമാറാണ് നാഗമ്പടം ബസ് സ്റ്റാന്‍ഡിലും പണി നടക്കുന്ന റെയില്‍വേ മേല്‍പ്പാലത്തിലും ജീവനുകള്‍ പൊലിയുന്നതിനെക്കുറിച്ച് കൗണ്‍സില്‍ ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യമുന്നയിച്ചത്. നാഗമ്പടം ബസ് സ്്റ്റാന്‍ഡിലെ കാത്തിരിപ്പുകേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്ക് നില്‍ക്കാനും ഇരിക്കാനുമുള്ള സൗകര്യങ്ങളില്ല. എതിര്‍ദിശയില്‍ ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ബസ്സുകളുടെ ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് കാണാനാവുന്നില്ല. ബോര്‍ഡ് നോക്കാനായി സ്റ്റാന്‍ഡിലേക്ക് ഇറങ്ങുന്നവരാണ് അമിതവേഗതയിലെത്തുന്ന ബസ്സുകള്‍ക്കടിയില്‍പ്പെടുന്നത്. നാലുവരിയായെത്തുന്ന ബസ്സുകള്‍ നാഗമ്പടം മേല്‍പ്പാലത്തിലെത്തുമ്പോള്‍ ഒരുവരിയായി മാറുകയാണ്. ഇതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും അപകടം വര്‍ധിക്കുകയും ചെയ്യുന്നത്. തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്കിരിക്കാനുള്ള ഇരിപ്പിടത്തിന്റെ കമ്പികള്‍വരെ ഇളകിപ്പോയിരിക്കുകയാണെന്നും സന്തോഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി. ബസ് ഉടമകളുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് പോലിസ് ഏകപക്ഷീയമായാണ് ഗതാഗത പരിഷ്‌കാരങ്ങള്‍ സ്റ്റാന്‍ഡില്‍ നടപ്പാക്കുന്നതെന്നു പള്ളിക്കോണം കൗണ്‍സിലര്‍ സി എന്‍ സത്യനേശന്‍ കുറ്റപ്പെടുത്തി. റെയില്‍വേ മേല്‍പ്പാലത്തിന്റെയും കെഎസ്ടിപിയുടെയും നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതില്‍ കാലതാമസം നേരിടുന്നതായി കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. ഇരുവിഭാഗങ്ങളുടെയും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നിര്‍മാണം വേഗത്തിലാക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. നാഗമ്പടം ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വ്യാപകമായ സാഹചര്യത്തില്‍ എക്‌സൈസിന്റെ യോഗം വിളിച്ചുചേര്‍ക്കണമെന്ന് കൗണ്‍സിലില്‍ അഭിപ്രായമുയര്‍ന്നു. എക്‌സൈസുമായി ബന്ധപ്പെട്ട് നിശ്ചിത സമയങ്ങളില്‍ യോഗങ്ങള്‍ ചേരാറുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ മറുപടി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss