|    Nov 16 Fri, 2018 1:02 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോട്ടയം: താഴ്ന്ന പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു

Published : 18th August 2018 | Posted By: kasim kzm

കോട്ടയം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കോട്ടയം ജില്ലയിലെ താഴ്ന്നപ്രദേശങ്ങളെല്ലാം പൂര്‍ണമായും വെള്ളത്തിലായി. പടിഞ്ഞാറന്‍ മേഖലകള്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. തിരുവാര്‍പ്പ്, കാഞ്ഞിരം, ഇല്ലിക്കല്‍, ചെങ്ങളം, കുമരകം, അയ്മനം, താഴത്തങ്ങാടി, കാരാപ്പുഴ, അറുപുഴ, പള്ളിപ്പുറം, തിരുവാതുക്കല്‍ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. വേമ്പനാട്ടു കായലിലെ ജലനിരപ്പ് ഉയര്‍ന്നതോടെ കുമരകം മേഖലകളടക്കമുള്ള സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം നിയന്ത്രണാതീതമായി. വൈക്കം തലയോലപ്പറമ്പ് മേഖലകളിലും സ്ഥിതി രൂക്ഷമാണ്. തലയോലപ്പറമ്പ് മാര്‍ക്കറ്റും പരിസരവും പൂര്‍ണമായും വെള്ളത്തിലായി.
ജൂണ്‍, ജൂലൈ മാസങ്ങളിലുണ്ടായ കനത്ത മഴയില്‍ കെടുതികള്‍ അനുഭവിച്ചവര്‍ ഒരിക്കല്‍ക്കൂടി വിറങ്ങലിച്ചു നില്‍ക്കുകയാണ്. ആഴ്ചകളോളം ക്യാംപുകളില്‍ കഴിഞ്ഞ ശേഷം മടങ്ങിയെത്തിയവര്‍ വീണ്ടും ക്യാംപുകളിലേക്ക് മടങ്ങേണ്ടിവരുന്ന വേദനയാര്‍ന്ന കാഴ്ചകള്‍ക്കാണു ജില്ല സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുന്നത്.
മഴക്കെടുതിയില്‍ ജില്ലയില്‍ വ്യാഴാഴ്ച മാത്രം അഞ്ചു പേര്‍ മരിച്ചു. ഇതില്‍ ബുധനാഴ്ച രാത്രിയില്‍ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞുവീണാണ് ഈരാറ്റുപേട്ട തീക്കോയിയില്‍ നാലുപേര്‍ മരണപ്പെട്ടത്. വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണാണു വൈക്കത്ത് ഒരാള്‍ മരിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മീനച്ചിലാര്‍, മൂവാറ്റുപുഴയാര്‍, മണിമലയാര്‍ തുടങ്ങിയവ കരകവിഞ്ഞൊഴുകുകയാണ്. പാലാ നഗരം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു. മഴ കുറഞ്ഞതിനെത്തുടര്‍ന്ന് വെള്ളം ഇറങ്ങിത്തുടങ്ങുന്നത് അല്‍പം ആശ്വാസം നല്‍കുന്നുണ്ട്.
തീക്കോയിയിലും ഇളംകാട് വല്യേന്തയിലും പെരുവന്താനം പഞ്ചായത്തിലെ മതമ്പയിലും അഴങ്ങാടിലും ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങളുണ്ടായി. ഈരാറ്റുപേട്ടയില്‍ പത്തിടത്തു കഴിഞ്ഞ ദിവസങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി്. ഈരാറ്റുപേട്ടയിലുണ്ടായ ഉരുള്‍പൊട്ടലിനിടെ കാണാതായ ചെമ്മലമറ്റം കണിയാപടിയില്‍ ജോബിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ മാര്‍മല അരുവിയില്‍ നടത്തിയ പരിശോധനയില്‍ ഒരു കൈപ്പത്തി കണ്ടെടുത്തു. ഒപ്പം ജോബിയുടെ തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചു. ബുധനാഴ്ച 11ഓടെയാണ് ജോബിയെ കാണാതായത്. തീക്കോയി 30 ഏക്കര്‍ വഴി ഭാര്യവീട്ടിലേക്ക് വന്നതായിരുന്നു ജോബി. ഇന്നലെ ശക്തമായ മഴ പെയ്‌തെങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകളെല്ലാം വെട്ടിക്കുറച്ചു. കോട്ടയത്തു നിന്ന് റാന്നി, കുമളി, പായിപ്പാട്, തിരുവല്ല ഭാഗങ്ങളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു. ജില്ലയില്‍ അഞ്ച് താലൂക്കുകളിലായി ആകെ 191 ക്യാംപുകളിലായി 21,928 പേരാണ് കഴിയുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss