|    Jan 20 Fri, 2017 7:28 am
FLASH NEWS

കോട്ടപ്പുറത്ത് മുഖംമൂടി കവര്‍ച്ച; വീട്ടുകാരെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു

Published : 12th July 2016 | Posted By: SMR

ശ്രീകൃഷ്ണപുരം: കോട്ടപ്പുറത്ത് മുഖം മൂടി സംഘം വീട്ടുകാരെ ആക്രമിച്ചു സ്വര്‍ണവും പണവും കവര്‍ന്നു. നരയന്‍കോട്ടില്‍ ഗോപാലിന്റെ മകന്‍ ഹരിദാസിന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെ കവര്‍ച്ച നടന്നത്. മോഷ്ടാക്കള്‍ ഹരിദാസിന്റെ ഭാര്യ അജിതയെ ആദ്യം തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ചെന്ന ഹരിദാസിന്റെ കയ്യില്‍ വെട്ടേറ്റു.
ഇവര്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹരിദാസിന് സ്റ്റീല്‍ ഫാബ്രിക്കേഷന്‍ പണിയാണ്. മൂന്നരപവന്‍ സ്വര്‍ണവും ആയിരത്തി ഇരുനൂറ് രൂപയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. നാലംഗ സംഘം മുഖംമൂടി ധരിച്ചാണ് വീട്ടിനുള്ളില്‍ പ്രവേശിച്ചത്. പിന്‍വശത്തെ വാതില്‍ ചവിട്ടി പൊളിച്ചാണ് അക്രമിസംഘം അകത്തു കയറിയത്. സൂപ്പര്‍മാന്‍ സ്‌റ്റൈലിലുള്ള വസ്ത്രമാണ് ഇവര്‍ ധരിച്ചിരുന്നത്. മൂന്നുപേര്‍ വീട്ടിനകത്തും, ഒരാള്‍ പുറത്തുമായാണ് നിന്നിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഘത്തില്‍ ഒരാള്‍ മാത്രമാണ് സംസാരിച്ചിരുന്നത്. ബാങ്കില്‍ നിന്ന് എടുത്ത പണം എവിടെയെന്ന് ചോദിച്ചതായും പണമെടുത്തില്ലെന്നു പറഞ്ഞപ്പോള്‍ ആഭരണങ്ങള്‍ ഊരിതരുവാന്‍ ആവശ്യപ്പെടുകയുമുണ്ടായി. അജിതയുടെ കഴുത്തിലെ മൂന്നരപവന്‍ സ്വര്‍ണമാലയും കാതിലെ കമ്മലും അഴിച്ചു നല്‍കി. എന്നാല്‍ കാതിലെ കമ്മല്‍ മുക്കുപണ്ടമാണെന്നു പറഞ്ഞ് തിരിച്ചുനല്‍കുകയും കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെടുകയും ചെയ്തു.
കവര്‍ച്ച നടന്ന ദിവസം സമീപത്തെ ബന്ധുവീട്ടില്‍ മരണാനന്തരചടങ്ങുകള്‍ കഴിഞ്ഞ് രാത്രി പന്ത്രണ്ടരയോടെയാണ് ഹരിദാസും, ഭാര്യ അനിതയും മക്കളായ അലനാഥ്, ആകാശ്, പാര്‍വ്വതി എന്നിവര്‍ തിരിച്ച് വീട്ടിലെത്തിയത്. ഹരിദാസിന്റെ അച്ഛനും, അമ്മയും അന്ന് തിരിച്ചുപോയില്ല.
നിങ്ങളെകൊല്ലാനാണ് വന്നതെന്നും, എന്നാല്‍ കുട്ടികളെ ഓര്‍ത്ത് അത് ചെയ്യുന്നില്ലെന്നും മോഷണസംഘം പറഞ്ഞതായി വീട്ടുകാര്‍ പറയുന്നു. എന്നാല്‍ കവര്‍ച്ച നടന്നിട്ടും വീട്ടിലെ കൂട്ടിലുള്ള വളര്‍ത്തുനായ ഒച്ചവച്ചില്ല. ഷൊര്‍ണൂര്‍ ഡിവൈഎസ്പി സുനീഷ് കുമാര്‍, ചെര്‍പ്പുളശ്ശേരി സി.ഐ ദീപക് കുമാര്‍, ശ്രീകൃഷ്ണപുരം എസ് ഐ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക