|    Oct 17 Wed, 2018 1:03 am
FLASH NEWS

കോട്ടപ്പടിയില്‍ വീണ്ടും കാട്ടാനക്കൂട്ടംഇറങ്ങി: നാട്ടുകാര്‍ ഭീതിയില്‍

Published : 26th September 2017 | Posted By: fsq

 

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ വീണ്ടും കാട്ടാനക്കൂട്ടങ്ങള്‍ ഇറങ്ങിയതോടെ ഭീതിയുടെ മുള്‍മുനയിലാണ് നാട്ടുകാര്‍. കഴിഞ്ഞ രണ്ടു ദിവസമായി കോട്ടപ്പാറ വനത്തില്‍ നിന്നും എത്തുന്ന കുട്ടിയാനകള്‍ ഉള്‍പ്പെടുന്ന ഇരുപതോളം ആനകള്‍ വരുന്ന കൂട്ടമാണ് ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി കൃഷിനാശവും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കിയിട്ടുള്ളത്. വനമേഖലയ്ക്ക് സമീപമുള്ള പ്ലാമുടി, കണ്ണകട, കര്‍ണൂര്‍ എന്നിവിടങ്ങളിലാണ് കാട്ടാന കൂട്ടങ്ങള്‍ തമ്പടിച്ച് ജനങ്ങള്‍ക്ക് ഭീഷണിയാവുന്നത്. ആദ്യം കര്‍ണൂര്‍ അമ്പലത്തിനു സമീപത്ത് മാത്രമാണ് രണ്ടു ദിവസം മുന്‍പ് കാട്ടാനക്കൂട്ടങ്ങള്‍ വന്ന് നിന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവ ജനവാസ മേഖലയിലെ കൂടുതല്‍ പ്രദേശങ്ങളിലെത്തി കൃഷിക്ക് വന്‍ നാശം വരുത്തുകയും ചെയ്തിട്ടുണ്ട്. മരച്ചീനി, ജാതി, റബര്‍, വാഴ, കന്നാര, കൊക്കോ, കമുക്, തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകള്‍ക്കാണ് ആനക്കൂട്ടം നാശം വരുത്തിയിട്ടുള്ളത്. നിരവധിപേരുടെ വിവിധങ്ങളായ കൃഷികളാണ് ആനക്കുട്ടം നശിപ്പിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത് കരിപ്പക്കാട്ട് അബ്രാഹം, ഇടക്കുഴി വിജയന്‍, കരിമ്പന ചാലില്‍ കുര്യന്‍ എന്നിവര്‍ക്കാണ്. രാവിലെ ചെറിയ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ കൂട്ടമായി എത്തുന്ന കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ കയറി കൃഷി ചെയ്തിട്ടുള്ള പല വസ്തുക്കളും ഭക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. രണ്ടു ദിവസമായി ഇരുചക്രവാഹനയാത്രയും രാത്രി പുറത്തിറങ്ങുന്നതും കാട്ടാന ഭയത്താല്‍ നാട്ടുകാര്‍  ഒഴിവാക്കിയിരിക്കുകയാണ്. കാട്ടാന ഭീഷണിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ വനം വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss