|    Dec 15 Fri, 2017 1:50 pm

കോട്ടച്ചേരി മേല്‍പ്പാലത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായ വില നല്‍കും: ജില്ലാ കലക്ടര്‍

Published : 19th August 2016 | Posted By: SMR

കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിന് വേണ്ടി ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമിക്ക് ന്യായമായ വില നല്‍കാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു.
സ്ഥലം ഉടമകളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ സപ്തംബര്‍ ഒന്നിന് കലക്ട്രേറ്റില്‍ യോഗം വിളിച്ച് ചേര്‍ക്കുമെന്ന് മേല്‍പ്പാലം കര്‍മ്മ സമിതി നിവേദക സംഘത്തെ ജില്ലാ കലക്ടര്‍ അറിയിച്ചു.
കാഞ്ഞങ്ങാട് നഗരത്തില്‍ കോട്ടച്ചേരിയിലെ കണ്ണായ സ്ഥലമാണ് മേല്‍പ്പാലത്തിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത്. സ്ഥലമെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും ഭൂമിയുടെ വില നിശ്ചയിച്ചതിലും തരംതിരിച്ചതിലും അപാകതയുള്ളത് മൂലമാണ് ഭൂമി ഏറ്റെടുക്കല്‍ വൈകുന്നത്.
മുന്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ നേതൃത്വത്തില്‍ ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി നിശ്ചയിച്ച വിലയേക്കാള്‍ കുറഞ്ഞ വിലയാണ് കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ ജില്ലാ കലക്ടര്‍ ദേവദാസ് നിശ്ചയിച്ചത്.
ഇത് സംബന്ധിച്ച് കര്‍മ്മ സമിതി നേതൃത്വത്തില്‍ സര്‍വ്വകക്ഷി നിവേദക സംഘം മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും തിരുവനന്തപുരത്ത് ചെന്ന് കണ്ട് പരാതി നല്‍കിയികുന്നു.
നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, നഗര വികസന കര്‍മ്മ സമിതി ചെയര്‍മാന്‍ അഡ്വ.പി അപ്പുക്കുട്ടന്‍, ജനറല്‍ കണ്‍വീനര്‍ സി യൂസഫ്ഹാജി, മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എച്ച് ശിവദത്ത്, ജനറല്‍ കണ്‍വീനര്‍ എ ഹമീദ്ഹാജി, കണ്‍വീനര്‍ സുറൂര്‍ മൊയ്തുഹാജി, എ വി രാമകൃഷ്ണന്‍, ടി മുഹമ്മദ് അസ്‌ലം, എം പി ജാഫര്‍, വി കമ്മാരന്‍, എസ് കെ കുട്ടന്‍, എ ദാമോദരന്‍, എം ഹദീദ് ഹാജി, ടി ഹംസ മാസ്റ്റര്‍, പി എം ഫാറൂഖ് എന്നിവരാണ് ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തിയത്.
ലാന്റ് അക്വിസിയേഷന്‍ ഡപ്യൂട്ടി കലക്ടര്‍ ജയശ്രീ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ലാന്റ് അക്വിസിയേഷന്‍ തഹസില്‍ദാര്‍ ജയലക്ഷ്മി, സീനിയര്‍ സൂപ്രണ്ട് ചന്ദ്രമതി എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക