|    May 23 Tue, 2017 12:43 pm
FLASH NEWS

കോട്ടക്കലില്‍ ട്രാഫിക് പോലിസ് സ്‌റ്റേഷന്‍: നടപടി ത്വരിതപ്പെടുത്തും

Published : 29th November 2015 | Posted By: SMR

കോട്ടക്കല്‍: കോട്ടക്കലില്‍ ട്രാഫിക് പോലിസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ അറിയിച്ചു. താല്‍ക്കാലികമായി കോട്ടക്കല്‍ പോലിസ് സ്റ്റേഷനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ട്രാഫിക് യൂനിറ്റിന് തുടക്കമാകും.
ഒരു ഓഫിസറെയും എ ആര്‍ ക്യാമ്പില്‍ നിന്ന് അഞ്ച് പോലി സുകാരെയും വിട്ടുനല്‍കി ട്രാഫിക് യൂനിറ്റ് പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ പോലിസുകാര്‍ കുറവുള്ള കോട്ടക്കല്‍ സ്‌റ്റേഷനില്‍ കഴിഞ്ഞ ആഴ്ച പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ടു പോലിസുകാര്‍ സസ്‌പെന്‍ഷനിലായത് സ്റ്റേഷന്‍ പ്രവര്‍ത്തനത്തെ കൂടുതല്‍ ബാധിച്ചിട്ടുണ്ടന്നും ജില്ലാ പോലിസ് മേധാവി വ്യക്തമാക്കി.
കോട്ടക്കലിലെ ട്രാഫിക് കുരുക്കിന് ശാശ്വത പരിഹാരം കാണാനായി കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ കെ നാസറിന്റെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത ജില്ലാ ഭരണകൂടവും പോലിസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ്‌പോലിസ് മേധാവിയുടെ പ്രസ്താവന.
കോട്ടക്കല്‍ ടൗണിലെ നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ടൗണിലെ ഓട്ടോ സ്റ്റാന്റുകളുടെ സ്ഥാനത്തിന് മാറ്റം വരുത്തും. ടൗണിലെ ബിഎച്ച്, മാര്‍ക്കറ്റ്, ആട്ടീരി റോഡുകള്‍ വണ്‍വേ ആക്കി നിലനിര്‍ത്തും. കോട്ടക്കലിന്റെ സമീപപ്രദേശമായ പാലച്ചിറമാട്, പൂത്തൂര്‍ പോലുള്ള അപകട മേഖലയില്‍ ബോധവല്‍കരണ നടപടികള്‍ ഊര്‍ജിതപ്പെടുത്തും. ജനുവരി ഒന്നോടെ കോട്ടക്കല്‍ നഗരസഭയിലെ മുഴുവന്‍ ബൈക്ക് യാത്രികര്‍ക്കും ഹെല്‍മറ്റ് ഉപയോഗിക്കുന്ന സ്ഥിതി വരുത്തുന്നതിനുള്ള നിര്‍ദേശം കര്‍ശനമായി നടപ്പാക്കും.
നിലവില്‍ സര്‍ക്കിള്‍ സ്റ്റേഷനില്ലാത്ത സംസ്ഥാനത്തെ ചുരുക്കം ചില നഗരസഭകളിലൊന്നാണ് കോട്ടക്കലെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ക്രമസമാധാനപാലനത്തിന് സി ഐ ഓഫിസും അനിവാര്യമാണെന്നും ചര്‍ച്ച ചൂണ്ടികാട്ടി.
കലക്ടറുടെ പ്രതിനിധിയായി തഹസില്‍ദാര്‍ എസ് കൃഷ്ണകുമാര്‍ പങ്കെടുത്തു. യോഗത്തി ല്‍ മലപ്പുറം ആര്‍ടിഒ എംപി അജിത്കുമാര്‍, തിരൂര്‍ ഡിവെഎസ്പി ടി സി വേണുഗോപാല്‍, പിഡബ്ല്യൂഡി റോഡ് എക്‌സി. എന്‍ജിനീയര്‍ കെ മുഹമ്മദ് ഇസ്മായീല്‍, തിരൂര്‍ ജോ. ആര്‍ടിഒ എംപി സുഭാഷ് ബാബു, സി ഐ ആര്‍ റാഫി, കോട്ടക്കല്‍ എസ് ഐ മഞ്ജിത്ത് ലാല്‍, നഗരസഭാ ഉപാധ്യക്ഷ ബുഷ്‌റ ഷെബീര്‍, പി ഉസ്മാന്‍കുട്ടി, സെക്രട്ടറി മനോജ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day