|    Apr 21 Sat, 2018 3:54 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കോടിയേരി കണ്ട മാവോവാദികള്‍

Published : 24th December 2016 | Posted By: SMR

കെ എസ് ഹരിഹരന്‍

കേരളത്തിന്റെ ചരിത്രത്തിലെ വിസ്മയകരമായ ഒരു കാഴ്ചയാണ് ഡിസംബര്‍ ഒമ്പതിന് കോഴിക്കോട് നഗരത്തിലുണ്ടായത്. നിലമ്പൂരിലെ കരുളായി വനത്തില്‍ കേരള പോലിസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജിന്റെ മൃതശരീരം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തതിനുശേഷം പോലിസും അവര്‍ വാടകയ്‌ക്കെടുത്ത ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് അവതരിപ്പിച്ച രാഷ്ട്രീയ നാടകമായിരുന്നു ഈ കാഴ്ച. ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റുവാങ്ങിയ മൃതദേഹം മുതലക്കുളം മൈതാനിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകരും ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകരും നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പൊതുസ്ഥലത്ത് മൃതദേഹം ദര്‍ശനത്തിനു വയ്ക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും രക്തസാക്ഷി വര്‍ഗീസിന്റെ സഹപ്രവര്‍ത്തകനുമായ എ വാസു തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ സ്ഥലമായ പൊറ്റമ്മലിലെ വര്‍ഗീസ് സ്മാരക ബുക്ക് സ്റ്റാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നതിന് തയ്യാറായി. സംഘികള്‍ ഒട്ടും വിട്ടുകൊടുത്തില്ല. അവര്‍ വര്‍ഗീസ് സ്മാരക ബുക്ക്സ്റ്റാളിലേക്കുള്ള റോഡില്‍ കുത്തിയിരുന്ന് വഴി ഉപരോധിച്ചു. ഇതോടെ കുപ്പു ദേവരാജിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചാല്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാവുമെന്നായി കടുത്ത ബിജെപി വിരുദ്ധരായ സിപിഎം നിയന്ത്രിക്കുന്ന പോലിസ്. പക്ഷേ, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിക്കു മുന്നിലും മാവൂര്‍റോഡ് ശ്മശാനത്തിലും ജനങ്ങള്‍ക്ക് മൃതദേഹം ഒരുനോക്ക് കാണാനുള്ള സൗകര്യമൊരുക്കി. ഇതിനിടയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ വൈകിക്കുന്നുവെന്ന് കുറ്റപ്പെടുത്തി കുപ്പു ദേവരാജിന്റെ സഹോദരനെ ഭീഷണിപ്പെടുത്താനും കോളറില്‍ കുത്തിപ്പിടിക്കാനും കോഴിക്കോട്ടെ പോലിസ് ഉദ്യോഗസ്ഥന്‍ ധൈര്യം കാട്ടി. നിലമ്പൂര്‍ വനത്തില്‍ മാവോവാദി നേതാക്കളെ വ്യാജ ഏറ്റുമുട്ടല്‍ക്കഥയുണ്ടാക്കി വെടിവച്ചുകൊന്ന സ്ഥലത്തേക്ക് കേരളത്തിനു പുറത്തുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോഴും ബിജെപിക്കാരാണ് പോലിസിനെ സഹായിക്കാനെത്തിയത്. അവര്‍ സംഘടിതരായെത്തി മനുഷ്യാവകാശപ്രവര്‍ത്തകരെ തടഞ്ഞു. കേരള പോലിസിന് വിലയ്‌ക്കെടുക്കാവുന്ന കൂലിത്തല്ലുകാരാണ് തങ്ങളെന്ന് കേരളത്തിലെ ബിജെപി നേതൃത്വം പരസ്യപ്പെടുത്തി. പിണറായി സര്‍ക്കാരിന്റെ ഏറ്റവും ഹീനമായ മനുഷ്യാവകാശലംഘനത്തെ പിന്തുണച്ചുകൊണ്ട് ബിജെപി തെരുവിലിറങ്ങിയ ഈ രണ്ടു സന്ദര്‍ഭങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളത്തിലെ മുഖ്യമന്ത്രിയിലുള്ള ദയാവായ്പിന്റെ പ്രകടനമായിത്തന്നെ കാണാവുന്നതാണ്.
ഇതു യാദൃച്ഛികമായി സംഭവിച്ചതല്ല. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സ്ഥാനമേറ്റെടുത്തശേഷം ആദ്യമായി ചേര്‍ന്ന അന്തര്‍സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മറ്റു മുഖ്യമന്ത്രിമാര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുമ്പാകെ സമര്‍പ്പിച്ച ആവശ്യങ്ങളുടെ പട്ടികയില്‍ മാവോവാദികളെ ശരിപ്പെടുത്താന്‍ സഹായിക്കണമെന്നതുമുണ്ട്. മാവോവാദികള്‍ക്കും ഭീകരവാദികള്‍ക്കുമെതിരേയുള്ള യുദ്ധത്തിനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൈയയച്ചു ഫണ്ട് നല്‍കുന്നത്. റേഷന്‍കട നിലനിര്‍ത്താന്‍ ഭക്ഷ്യധാന്യം നല്‍കിയില്ലെങ്കിലും മാവോ സാന്നിധ്യം കണ്ടെത്തുന്ന ജില്ലകള്‍ക്ക് നൂറുകോടിയില്‍ കുറയാതെ കേന്ദ്ര ഫണ്ട് കിട്ടും. ഈ ഫണ്ട് അതത് ജില്ലാ പോലിസ് മേധാവികള്‍ക്ക് ഓഡിറ്റ് തടസ്സങ്ങളൊന്നുമില്ലാതെ ചെലവഴിക്കാം. ഇക്കാരണത്താല്‍ കേന്ദ്ര ഫണ്ടിനു വേണ്ടി ആരെയും മാവോവാദിയാക്കുകയോ ഭീകരവാദിയാക്കുകയോ ചെയ്യാന്‍ ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്താറുണ്ട്. ഇന്ത്യയിലെ ഐപിഎസുകാര്‍ക്കും സൈനിക മേധാവികള്‍ക്കും പൊതുവെയുള്ള പ്രത്യേകത അവരെല്ലാം കടുത്ത ഹിന്ദുത്വവാദികളാണെന്നുള്ളതാണ്. ഇതൊന്നും അറിയാത്തയാളല്ല മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടാണ് അന്തര്‍സംസ്ഥാന കൗണ്‍സിലില്‍ 2016 ജൂലൈ 20ന് തന്റെ കന്നിപ്രസംഗത്തില്‍ മലബാറിലെ അഞ്ചു ജില്ലകളില്‍ മാവോവാദികളുടെ ശല്യം തീവ്രമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. കേരളം തന്ത്രപ്രധാനമായ സ്ഥാനത്തായതിനാല്‍ ആഭ്യന്തര സുരക്ഷാപ്രശ്‌നങ്ങള്‍ പ്രധാനമാണെന്നും കേന്ദ്ര സുരക്ഷാ-രഹസ്യാന്വേഷണ വിഭാഗങ്ങളും കേരള പോലിസ് സംവിധാനവും തമ്മിലുള്ള ബന്ധം മികച്ചതായതില്‍ താന്‍ സന്തുഷ്ടനാണെന്നും ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. അതു കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട പിണറായി, മാവോവാദികളെ തുരത്താന്‍ കൂടുതല്‍ സാമ്പത്തിക സഹായവും അര്‍ധസൈനിക വിഭാഗവും മറ്റു സംവിധാനങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നും അപേക്ഷിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ആന്റ് ആന്റി ടെററിസം സ്‌കൂള്‍ ഉടന്‍ അനുവദിക്കണമെന്നും കൂടുതല്‍ റിസര്‍വ് പോലിസ്, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, കേരള പോലിസിന് എന്‍എസ്ജിയുടെയും ഐബിയുടെയും പരിശീലനം തുടങ്ങിയ കാര്യങ്ങള്‍ക്കൊപ്പം പോലിസിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളും ആയുധശേഖരവും ആധുനികവല്‍ക്കരിക്കാനുള്ള സഹായങ്ങളും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഉദാരഹൃദയനായ നരേന്ദ്രമോദി ജനങ്ങളെ വെടിവച്ചുകൊല്ലാനുള്ള ഒരവസരവും പാഴാക്കുന്ന സ്വഭാവക്കാരനല്ലാത്തതിനാല്‍ പിണറായിക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കി. പ്രത്യേകിച്ചും ഗുജറാത്തില്‍ താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇശ്‌റത് ജഹാനെയും പ്രാണേഷ് കുമാറിനെയും വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസന്വേഷിച്ച് സര്‍ക്കാരിനെ പ്രശംസിച്ചു റിപോര്‍ട്ട് നല്‍കിയ ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയായി നിയമിച്ച പിണറായിയെ കൈവിടാന്‍ നരേന്ദ്രമോദിക്കു കഴിയുമോ? ഇതിന്റെ പ്രത്യുപകാരമാണ് നിലമ്പൂരില്‍ നിരായുധരും രോഗികളുമായ കുപ്പു ദേവരാജിനെയും അജിതയെയും വെടിവച്ചുകൊന്ന് പിണറായിയുടെ പോലിസ് പരസ്യപ്പെടുത്തിയത്. അതുകൊണ്ടാണ് കണ്ണൂരില്‍ പരസ്പരം കഴുത്തറുക്കുന്ന ബിജെപിക്കാരും പിണറായിയുടെ പാര്‍ട്ടിക്കാരും ഏകോദരസഹോദരരായി മാവോവാദികള്‍ക്കെതിരേ പോരിനിറങ്ങിയത്.
നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകരിലും സാമൂഹികപ്രവര്‍ത്തകരിലും വലിയ നടുക്കമാണ് സൃഷ്ടിച്ചത്. പോലിസിനെ സംബന്ധിച്ച് ഏറ്റുമുട്ടലാണെന്നു സ്ഥാപിക്കാവുന്ന യാതൊരു സംഭവവും അവിടെയില്ലായിരുന്നു എന്നതുകൊണ്ടാണിത്. എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയെ നയിക്കുന്ന കാനം രാജേന്ദ്രന്‍ തന്നെ ഇതു ചോദ്യം ചെയ്തു. എന്‍ഐഎയുടെ താല്‍പര്യമനുസരിച്ച് കോടിക്കണക്കിനു രൂപയുടെ ഫണ്ടില്‍ കണ്ണുനട്ടുള്ള നടപടിയാണിതെന്ന് അദ്ദേഹം തുറന്നടിച്ചു. ഭരണമുന്നണിയിലെ ഈ തര്‍ക്കം പിണറായി വിജയന് യാതൊരു പോറലുമേല്‍പ്പിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതാവും പ്രതിപക്ഷത്തെ അമരക്കാരനുമായ രമേശ് ചെന്നിത്തല തന്നെ രംഗത്തിറങ്ങി. പോലിസിന്റെ മനോവീര്യം തകര്‍ക്കുന്ന അപക്വമായ നടപടിയാണ് സിപിഐയുടേതെന്ന് പ്രതിപക്ഷനേതാവ് (അദ്ദേഹം പഴയ ആഭ്യന്തരമന്ത്രിയാണല്ലോ) സര്‍ട്ടിഫിക്കറ്റും നല്‍കി. പോലിസിന്റെ മനോവീര്യം നിലനിര്‍ത്താന്‍ ഇടയ്ക്കിടെ കൊലപാതകങ്ങളാവാമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ കരുണാകരന്റെ പുത്രന്‍ കെ മുരളീധരനും നിലമ്പൂരിലെ കോണ്‍ഗ്രസ് സിംഹം ആര്യാടന്‍ മുഹമ്മദും അഭിപ്രായപ്പെട്ടതോടെ പിണറായിക്ക് ഒന്നും ഭയക്കേണ്ടെന്ന സ്ഥിതിയായി. കേരളത്തില്‍ രൂപപ്പെട്ടിട്ടുള്ള സിപിഎം, കോണ്‍ഗ്രസ്, ബിജെപി ഐക്യം ഏവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരണത്തില്‍ വരുന്ന എല്ലായിടത്തും ജനങ്ങളെ മര്‍ദിച്ചൊതുക്കാനുള്ള സംവിധാനമായ പോലിസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പ്രശ്‌നം ഉയര്‍ന്നുവന്നിട്ടുണ്ട്. 1957ല്‍ കേരളത്തില്‍ അധികാരത്തിലേറിയ ഇഎംഎസ് സര്‍ക്കാരില്‍ തന്നെ ഈ പ്രശ്‌നം വലിയ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss