|    Jan 19 Thu, 2017 2:28 pm
FLASH NEWS

കോടിയേരിയിലെ മിന്നല്‍ റെയ്ഡ്;എസ്പിയുടേത് അപ്രതീക്ഷിത നീക്കം

Published : 7th October 2016 | Posted By: Abbasali tf

തലശ്ശേരി: അഞ്ചു പോലിസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള പ്രി ന്‍സിപ്പല്‍ എസ്‌ഐമാരും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും അപ്രതീക്ഷിതമായി കോടിയേരി മേഖലയില്‍ നടത്തിയ റെയ്ഡ് രാഷ്ട്രീയകേന്ദ്രങ്ങളെയും ഞെട്ടിച്ചു. ജില്ലാ പോലിസ് ചീഫ് കോറി സഞ്ജയ് കുമാര്‍ ഗുരുദിന്റെ നിര്‍ദേശപ്രകാരമാണ് സിപിഎം, ആര്‍എസ്എസ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മേഖലയില്‍ മിന്നല്‍ റെയ്ഡ് നടത്തിയത്. രാവിലെ മുതല്‍ ആരംഭിച്ച തിരച്ചിലില്‍ കാര്യമായ ഒന്നും കണ്ടെത്താനായില്ലെങ്കിലും ഉച്ചയ്ക്ക് ഒന്നോടെ ഡോഗ് സ്‌ക്വാഡ് സംഘത്തില്‍ നിന്നുള്ള സൂചനയുടെ അടിസ്ഥാനത്തിലാണ് വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. ഊരാങ്കോട് സ്വദേശി കാട്ടില്‍പറമ്പത്ത് രാജേഷിന്റെ വീടിന്റെ ടെറസിലേക്കുള്ള കോണിപ്പടിക്ക് താഴെ സൂക്ഷിച്ച സ്‌ഫോടക വസ്തു ശേഖരവും നിര്‍മാണ സാമഗ്രികളുമാണ് പിടികൂടിയത്. റെയ്ഡ് വിവരമറിഞ്ഞ് സ്‌ഫോടകശേഖരം മാറ്റുന്നതിനിടെ അനില്‍രാഖ് എന്ന യുവാവിനെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കോടിയേരിയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നിരന്തരം സംഘര്‍ഷമുണ്ടാവുകയും നിരവധി വീടുകള്‍ക്കു നേരെ ബോംബെറിയുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു തലശ്ശേരി ഡിവൈഎസ്പി ഓഫിസില്‍ നടന്ന രാഷ്ട്രീയപാര്‍ട്ടികളുടെ സമാധാന ചര്‍ച്ചകളില്‍ വീടാക്രമണം ഉണ്ടാവാന്‍ പാടില്ലെന്നും അക്രമം ഉണ്ടായ സ്ഥലത്തുവച്ച് തന്നെ പ്രതികളെ പിടികൂടണമെന്ന് ഇരുവിഭാഗങ്ങളിലെയും പാര്‍ട്ടിനേതാക്കള്‍ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. യോഗത്തിന്റെ മഷിയുണങ്ങും മുമ്പ് തന്നെ കൊളശ്ശേരി, കോടിയേരി ഭാഗങ്ങളില്‍ ബോംബേറുകള്‍ ആവര്‍ത്തിച്ചു. എരഞ്ഞോളി പാലത്തിന് സമീപത്ത് രാത്രിയിലുണ്ടായ ബോംബേറില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷങ്ങള്‍ താല്‍ക്കാലികമായി അവസാനിച്ചിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വീണ്ടും വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബുധനാഴ്ച രാത്രി വൈകിയാണ് കോടിയേരി ഭാഗത്ത് ഒരു ബിജെപി പ്രവര്‍ത്തകന്റെയും ഇതിനുതൊട്ട് തലേന്ന് ഒരു സിപിഎം പ്രവര്‍ത്തകന്റെയും വീടുകള്‍ക്കു നേരെ ബോംബേറുണ്ടായത്. വ്യാപക സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലിസ് ചീഫ് സംഘര്‍ഷബാധിത പ്രദേശങ്ങളിലെ അഞ്ച് പോലിസ് സ്റ്റേഷന്‍ പരിധികളിലും വ്യാപക തിരച്ചിലിന് നിര്‍ദേശം നല്‍കിയത്. പാനൂര്‍ സിഐ കെ എസ് ഷാജി, കതിരൂര്‍ എസ്‌ഐ കെ രാമദാസ്, തലശ്ശേരി എസ്‌ഐ ഫൈസല്‍, ന്യൂമാഹി എസ്‌ഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ മുതല്‍ റെയ്ഡ് നടത്തിയത്. മിന്നല്‍ റെയ്ഡില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടുക കൂടിയ ചെയ്തതോടെ പോലിസ് നടപടിക്കു പിന്തുണയേറുകയും ചെയ്തു. അതേസമയം, തലശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ വീടുകളും വാഹനങ്ങളും സ്ഥാപനങ്ങളും ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് പതിവാണെന്നും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് മൗനാനുവാദം നല്‍കുകയാണെന്നും ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ന്യൂമാഹി തലശ്ശേരി പോലിസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയാല്‍ അക്രമങ്ങള്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക