|    Sep 20 Wed, 2017 9:51 pm
FLASH NEWS

കോടികള്‍ മുടക്കിയ കുടിവെള്ള പദ്ധതി പ്രയോജനകരമാവുന്നില്ല

Published : 1st December 2016 | Posted By: SMR

പത്തനാപുരം: പത്തനാപുരം നിയോജക മണ്ഡലത്തിലെ കോടികള്‍ മുടക്കിയ കുടിവെള്ള പദ്ധതി ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് പ്രയോജനകരമാവുന്നില്ല. പട്ടാഴിയിലും പരിസര മേഖലയിലും കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു.തലവൂര്‍, പട്ടാഴി, പട്ടാഴി വടക്ക് പഞ്ചായത്തുകളില്‍ കുടിവെള്ളം  എത്തിക്കുന്നതിനാണ് പത്ത് വര്‍ഷം മുമ്പ് പട്ടാഴി കേന്ദ്രമാക്കി പൂക്കുന്നിമല കുടിവെള്ള പദ്ധതിക്ക്  തുടക്കമിട്ടത്. കല്ലടയാറ്റില്‍ കിണറും പൂക്കുന്നിമലയില്‍ കുറ്റന്‍ ടാങ്കും ട്രീറ്റ്‌മെന്റ് പ്ലാന്റും ഒക്കെ സ്ഥാപിച്ചു. 35 കോടിയോളം രൂപയാണ് പദ്ധതിക്കായി  ആദ്യം വകയിരുത്തിയത്. പ്രധാന റോഡരുകിലെല്ലാം പൈപ്പുകള്‍ സ്ഥാപിച്ചു. എന്നാല്‍ പഞ്ചായത്തുകളിലെ പ്രധാന ഗ്രാമീണ പാതകളിലൊന്നും പൈപ്പുകള്‍ സ്ഥാപിക്കാത്തതിനാല്‍ ഇവിടുള്ളവര്‍ക്ക് കുടിവെള്ളം ലഭിക്കുന്നില്ല. മേഖലയില്‍ ഭൂരിഭാഗം ജനങ്ങളും കിണറുകളിലെ ജലമാണ് ഉപയോഗിക്കുന്നത്. വേനല്‍ തുടങ്ങിയതോടെ മിക്ക കിണറുകളും വറ്റി തുടങ്ങി. മൂന്ന് പഞ്ചായത്തിലേയും എല്ലാ വാര്‍ഡുകളിലും പൈപ്പ് സ്ഥാപിച്ച് എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുമെന്ന പ്രഖ്യാപനത്തിലൂടെ കഴിഞ്ഞ പഞ്ചായത്ത്  തിരഞ്ഞെടുപ്പിന് മുന്‍പ് ട്രയല്‍ റണ്‍ ഉദ്ഘാടനവും നടത്തി. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും എല്ലാ വാര്‍ഡുകളിലും പൈപ്പിടുമെന്നത് പ്രഖ്യാപനമായി അവശേഷിക്കുകയാണ്. ഇവിടെ പണികള്‍ അവശേഷിക്കെ ഇത് ആരംഭിക്കാതെ  കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ മൈലം പഞ്ചായത്തിനെ കൂടി ഉള്‍പ്പെടുത്തുവാന്‍ നീക്കങ്ങളുണ്ട്. പൂക്കുന്നിമല പദ്ധതി മൂന്ന് പഞ്ചായത്തിലെ വാര്‍ഡുകളിലും വ്യാപിപ്പിക്കണമെന്ന്  ആവശ്യപ്പെട്ട് യുഡിഎഫും  യുവജന സംഘടനകളും പ്രത്യക്ഷ സമര പരിപാടികള്‍ നടത്തുവാനുള്ള ആലോചനയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക