|    Dec 16 Sat, 2017 10:29 pm
FLASH NEWS

കോടികള്‍ തട്ടിപ്പ് നടത്തിയ സംഭവത്തിലെ പ്രധാന പ്രതി അറസ്റ്റില്‍

Published : 17th November 2016 | Posted By: SMR

മാള: നിരവധിപേരില്‍ നിന്നായി കോടികള്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രധാന പ്രതിയായ യുവതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മാള പുത്തന്‍ചിറ സ്വദേശിനി കുര്യാപ്പിള്ളിവീട്ടില്‍ സാലിഹ (31) യെയാണ് ഇരിങ്ങാലക്കുട എഎസ്പി മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്‍വെസ്റ്റ്‌മെന്റ് സൊലൂഷ ന്‍ ആന്റ് സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് വിദേശ മലയാളി നിക്ഷേപകരില്‍ നിന്നടക്കം 30 കോടിയോളം രൂപ തട്ടിയെടുത്തത്. തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേയ്ക്ക് കടന്ന ഇവര്‍ തിരിച്ചെത്തിയപ്പോള്‍ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മാള, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, മതിലകം, മണ്ണുത്തി, തൃശൂര്‍, കാട്ടൂര്‍ തുടങ്ങി ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസുകളുണ്ട്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം പതിനായിരം രൂപ ലാഭവിഹിതം നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് നിക്ഷേപകരില്‍ നിന്നു വന്‍തുക തട്ടിയെടുത്തത്. ആദ്യ മാസങ്ങളില്‍ കൃത്യമായ ലാഭ വിഹിതം നല്‍കിയതിലൂടെ വിശ്വാസം ആര്‍ജിച്ച് കൂടുതല്‍ തട്ടിപ്പ് നടത്തുകയായിരുന്നു. സംസ്ഥാനത്ത് മുമ്പ് നടന്ന ടോട്ടല്‍ ഫോര്‍ യു മോഡല്‍ തട്ടിപ്പാണ് സാലിഹ നടത്തിയതെന്ന് പോലിസ് പറഞ്ഞു. ഇതിനായി തൃശൂര്‍, കൂര്‍ക്കഞ്ചേരി, കൊടുങ്ങല്ലൂര്‍, കോണത്തുകുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ ഓഫിസുകള്‍ ആരംഭിച്ചിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് തൃശൂര്‍ നഗരമധ്യത്തില്‍ ആഡംഭര സൗകര്യങ്ങളോടുകൂടിയ വില്ലയും കോണത്തുകുന്നില്‍ വീടും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആര്‍ഭാട ജീവിതം നയിക്കുകയാണ് ഇവരുടെ രീതി. കേസില്‍ ഇവരുടെ സഹായിയും പിതാവും സഹോദരിയും പ്രതികളാണെന്ന് പോലിസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തില്‍ ഇരിങ്ങാലക്കുട സിഐ എംകെ സുരേഷ്‌കുമാര്‍. എസ്‌ഐ വിവി തോമസ്, എഎസ്‌ഐമാരായ അനില്‍ തോപ്പില്‍, സുരേഷ് തച്ചപ്പിള്ളി, സീനിയര്‍ പോലിസ് ഉദ്യോഗസ്ഥരായ മുരുകേഷ് കടവത്ത്, എംജെ ജയപാല്‍,കെഎ ജനില്‍, വനിത പോലിസ് ഉദ്യോഗസ്ഥരായ വിവ, തെസ്‌നി,ആഗ്‌നസ് എന്നിവരുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss