|    Oct 19 Fri, 2018 12:47 pm
FLASH NEWS

കോടികള്‍ ചെലവിട്ടു നവീകരിച്ച പട്ടാമ്പി- പുലാമന്തോള്‍ പാത തകര്‍ന്ന നിലയില്‍

Published : 23rd January 2017 | Posted By: fsq

 

പട്ടാമ്പി:  കോടികള്‍ ചെലവിട്ടു നവീകരിച്ച പട്ടാമ്പി-പുലാമന്തോള്‍ റോഡ് തകര്‍ന്നു തരിപ്പണമായി. എണ്ണിയാലൊടുങ്ങാത്ത കുഴികളും താഴ്ചകളുമായി തകര്‍ന്ന സംസ്ഥാന പാതയില്‍ അപകടങ്ങള്‍ നിത്യസംഭവം. മേലെ പട്ടാമ്പി മുതല്‍ വിളയൂര്‍ ടോള്‍ ബൂത്ത് വരെയും റോഡ് നിറയെ പാതാളകുഴികളാണ്. പട്ടാമ്പി ടൗണില്‍ നിന്നും 15 മിനിട്ട് കൊണ്ടു പുലാമന്തോള്‍ എത്തിയിരുന്നത് ഇപ്പോള്‍ ഒരു മണിക്കൂര്‍ യാത്ര ചെയ്താലും ലക്ഷ്യ സ്ഥാനത്ത് എത്തുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. മേലെ പട്ടാമ്പിയില്‍ സിഗ്നല്‍ സംവിധാനത്തിനടുത്ത് തന്നെ വന്‍കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഗവ. ഹൈസ്‌കൂളിനു മുന്നിലും മാര്‍ക്കറ്റ് സമുച്ചയ പരിസരത്തും കുഴികളെണ്ണിയാല്‍തീരില്ല. തെക്കുമ്മുറി, ശങ്കരമംഗലം, കോട്ടപ്പടി, രണ്ടാംമൈല്‍, ആമയൂര്‍, പുതിയ റോഡ്, തൃത്താല കൊപ്പം, കൊപ്പം ടൗണ്‍, കരിങ്ങനാട് കുണ്ട്, കരിങ്ങനാട് ചന്തപ്പടി, വിളയൂര്‍ പഞ്ചായത്ത് ഓഫിസ് പരിസരം, വിളയൂര്‍സെന്റര്‍, പുലാമന്തോള്‍ ടോള്‍ബൂത്ത്, പുലാമന്തോള്‍ പാലം വരെയും കുഴികളാണ്. തവളച്ചാട്ടം ചാടി വേണം വാഹനങ്ങള്‍ ഓടാന്‍. നിലമ്പൂര്‍ – ഗുരുവായൂര്‍ സംസ്ഥാന പാതയില്‍ പട്ടാമ്പിയില്‍ നിന്നും പുലാമന്തോള്‍ വരെയുള്ള 12 കിലോ മീറ്റര്‍ ഭാഗമാണു ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അനാസ്ഥ കൊണ്ട് തകര്‍ന്നിരിക്കുന്നത്. ദീര്‍ഘ ദൂര ബസുകളും ചരക്കുലോറികളും ഇടവിട്ടു പോകുന്ന പാതയില്‍ കുഴികളില്‍ചാടി അപടങ്ങള്‍ നിത്യസംഭവമാണ്. ദിവസത്തില്‍ 100 സ്വകാര്യ ബസുകളെങ്കിലും പാതയിലൂടെ സര്‍വ്വീസ് നടത്തുന്നുണ്ട്. പെരിന്തല്‍മണ്ണയിലേക്ക് കൂടാതെ വളാഞ്ചേരി, മുളയന്‍കാവ് ഭാഗങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും മിനി ബസുകള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്തുന്നുണ്ട്. റോഡ് കേടായതോടെ ചെറുതും വലുതുമായ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ആരും തിരിഞ്ഞുനോക്കാനില്ല. വിദ്യാര്‍ഥികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാരുമായി പോകുന്ന സ്വകാര്യ വാഹനങ്ങളും ബസുകാരും ജീവന്‍ പണയം വച്ചാണു ഓട്ടം നടത്തി വരുന്നത്്.റോഡ് തകര്‍ന്നതോടെ ഈ റൂട്ടില്‍ വാഹന സര്‍വീസ് കുറഞ്ഞെന്ന് യാത്രക്കാര്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പ് അന്നത്തെ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞാണ് റോഡ് റബറൈസ്ഡ് ചെയ്യുന്നതിനു 11 കോടി രൂപ അനുവദിച്ചത്. അന്നത്തെ സ്ഥലം എംഎല്‍എ മുഖേനെ ലഭിച്ച ഫണ്ടില്‍ കൊപ്പം ടൗണില്‍ വച്ച് റോഡ് നിര്‍മാണോദ്ഘാടനവും ഉല്‍സവാന്തരീക്ഷത്തില്‍ നടന്നു. നിര്‍മാണോദ്ഘാടനം നടത്തി പിന്നെയും മാസങ്ങള്‍ക്ക് ശേഷമാണു പണി ആരംഭിച്ചത്. റോഡ് പണി തുടങ്ങിയതോടെ പരാതികളും ഉയര്‍ന്നിരുന്നു. അഴുക്കുചാലുകളും ഓവര്‍ബ്രിഡ്ജുകളും പുനര്‍നിര്‍മിക്കുമെന്നു പറഞ്ഞെങ്കിലും പാതയില്‍ ഒരു സ്ഥലത്തും അഴുക്കുചാലുകളോ ഓവുപാലങ്ങളോ പണിതിട്ടില്ലെന്നു മാത്രമല്ല, റോഡ് നവീകരണം തന്നെ മോശം പണിയായി. പാതയില്‍ പുതിയ ബസ്‌റ്റോപ്പുകള്‍ നിര്‍മിക്കുമെന്നു പറഞ്ഞതും നടന്നില്ല. തകര്‍ച്ചാ ഭീഷണി നേരിടുന്ന ഒരു ഡസനിലേറെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളാണ് അറ്റകുറ്റപണി കാത്തു കഴിയുന്നത്. അതിലേറെ കേടായ ഓവുപാലങ്ങളും ഈ സംസ്ഥാന പാതിയലുണ്ട്.  ഏതു നിമിഷവും തകരാവുന്ന ഓവുപാലങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. റോഡ് നവീകരണ സമയത്ത് പ്രധാനമായും പറഞ്ഞ ടൗണ്‍ വികസനങ്ങളും നടപ്പായില്ല. പ്രധാന ടൗണുകളില്‍ റോഡ് വീതി കൂട്ടുമെന്ന വാഗ്ദാനം കടലാസിലൊതുങ്ങി. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത ടാറിങ്ങിനോളം ഈടും ബലവുമില്ലാത്ത വിധമായി പുതിയ റബറൈസിങ്. 11 കോടി രൂപചെലവില്‍ പാതയില്‍ എന്തു വികസനമാണു നടന്നതെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. കോടികളുടെ നവീകരണം യാത്രക്കാരുടെ നടുവൊടിക്കുന്ന പരുവത്തിലായി. ഗര്‍ഭിണികളുമായി ആശുപത്രികളിലേക്കു പോകുമ്പോള്‍ സംസ്ഥാന പാതിയിലെ യാത്ര ദുഷ്‌കരമാണ്. ആംബുസന്‍സിലൂടെ രോഗികളുമായി പോകുന്നവരും ദുരിതത്തിലാണ്. അത്യാസന്ന നിലയില്‍ രോഗികളുമായി ഈ പാതയിലൂടെ യാത്രചെയ്യാനാവാത്ത അവസ്ഥയാണ്. സീബ്രാലൈനുകള്‍ മുഴുക്കെയും മാഞ്ഞതിനാല്‍ റോഡ് മുറിഞ്ഞു കടക്കാനോ വാഹനങ്ങള്‍ക്ക് പോകാനോ മുന്നറിയിപ്പു സംവിധാനങ്ങളൊന്നുമില്ല. റോഡ് തകര്‍ച്ചയ്‌ക്കെതിരെ വിജിലന്‍സ് കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. റോഡ് പണിയുമായി ബന്ധപ്പെട്ട ആറു ഉദ്യോഗസ്ഥര്‍ക്കെതിരെയാണു പാലക്കാട് വിജിലന്‍സ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ റോഡ് പരിശോധനയും കേസും തുടരുന്നുണ്ടെങ്കിലും നടപടികള്‍ മാത്രം ഉണ്ടാകുന്നില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കേസുണ്ടായതിനാല്‍ പുതിയ നിര്‍മാണ പ്രവൃത്തി ആരംഭിക്കാന്‍ സാങ്കേതിക തടസമുണ്ടെന്നാണ് സ്ഥലം എംഎല്‍എ പറയുന്നത്.  ഉദ്യോഗസ്ഥരുടെ കൃത്യവിലോപവും അലംബാവവുമാണു ഈ സംസ്ഥാന പാതയെ ഈ വിധം തകര്‍ത്തുകളഞ്ഞതെന്നാണ് ആരോപണം. ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുടെ തട്ടിപ്പിനു കൂട്ടുനില്‍ക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. റോഡ് പണിത ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ കേസ് അനന്തമായി നീങ്ങുമ്പോള്‍ വാഹനത്തിരക്കേറിയ പാതയുടെ ശാപമോക്ഷം എന്നു സാധ്യമാകുമെന്ന് സ്ഥലം എംഎല്‍എയും ഉറപ്പൊന്നും തരാത്ത സാഹചര്യത്തില്‍ ജനങ്ങളാണു ദുരിതത്തിലായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss