|    Apr 20 Fri, 2018 4:58 am
FLASH NEWS

കോടികളുടെ വനഭൂമി കൈമാറ്റം: അഴിമതി നടന്നതായി ആരോപണം

Published : 9th April 2016 | Posted By: SMR

എം വി വീരാവുണ്ണി

പട്ടാമ്പി : കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വനഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ ഉത്തരവിറക്കിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണം. വല്ലപ്പുഴ ചെറുകോട് രാമഗിരി കോട്ടയോട് ചേര്‍ന്ന 120 ഏക്കര്‍ വനഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ കൈമാറാനായി ഡീ നോട്ടിഫിക്കേഷന്‍ ഉത്തരവിട്ടത്. 1971 വരെ നിക്ഷിപ്ത വനഭൂമിയായതും പിന്നീട് പരിസ്ഥിതി ദുര്‍ബല പ്രദേശവുമായിരുന്ന (ഇഎഫ്എല്‍) വല്ലപ്പുഴ ചെറുകോട് രാമഗിരി കോട്ടയോടനുബന്ധിച്ച 460 ഏക്കര്‍ വനഭൂമിയിലെ 120 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാറിന് നഷ്ടപ്പെടുന്നത്.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ലഭിക്കാന്‍ മൂന്ന് സ്വകാര്യ വ്യക്തികള്‍ അന്യായം ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് സ്ഥലം വിട്ടുനല്‍കാന്‍ പാലക്കാട് വനംവകുപ്പ് ട്രൈബ്യൂണലിന്റെ അനുമതിയായത്. 2000 ല്‍ ഇ.എഫ്.എല്‍. ആക്ട് പ്രകാരം ഈ വനഭൂമി 2001 ല്‍ സര്‍ക്കാര്‍ തിരിച്ചു പിടിച്ചു വനം വകുപ്പിന് കീഴില്‍ സംരക്ഷിച്ചു നിലനിര്‍ത്തുന്നതാണ്. വനം വകുപ്പ് ഗസറ്റ് വിജ്ഞാപനത്തിലെ സിഎ/ 21432/ 2000 സെക്ഷന്‍19/3ബി പ്രകാരം ഈ സ്ഥലം തിരിച്ചു ലഭിക്കണമെന്നാവശ്യപ്പെട്ട് 50 ഓളം പേര്‍ നല്‍കിയ ഹര്‍ജിയില്‍ തങ്ങള്‍ കൃഷി ചെയ്തിരുന്ന കൃഷിഭൂമിയാണിതെന്ന് അവകാശപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് 2015 ഫെബ്രുവരി 4 ന് ഇഎഫ്എല്‍ സമിതി നടത്തിയ അന്വേഷണ സമയത്ത് പാലക്കാട് വര്‍ക്കിങ്ങ് പ്ലാന്‍ ഓഫിസറുടെ മുമ്പാകെ വനം വകുപ്പ് മൗനമവംലംബിച്ചതാണ് സംശയത്തിനിടയാക്കിയത്. കൃഷിഭൂമി പരിപാലിക്കാന്‍ തങ്ങള്‍ക്ക് വിട്ടുതരണമെന്നാവശ്യം അംഗീകരിക്കുകയും ചെയ്തു. 2015 ജൂലൈ 15 ന് ഉടമസ്ഥാവകാശം നേടിയ മറ്റുള്ളവടുടെ അപേക്ഷയും ഏകപക്ഷീയമായി അംഗീകരിച്ചത് സംശയം ബലപ്പെടുത്തുന്നു. 2016 ജനുവരി മുതല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ കേരളത്തില്‍ മിക്ക ജില്ലകളിലും നിരവധി സ്ഥലങ്ങള്‍ കുത്തകള്‍ക്കും മറ്റു സ്വകാര്യ വ്യക്തികള്‍ക്കും ഭൂമി പതിച്ചു നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കുന്ന സമയത്ത് വനം വകുപ്പില്‍ ഉള്‍പ്പെടുത്തിയ ഭൂമി 120.5 ഏക്കര്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാന്‍ തിരക്കിട്ട് നടന്ന തീരുമാനങ്ങളാണ് സംശയത്തിനിടയാക്കുന്നത്.
ഇഎഫ്എല്‍ 6/1061/2007 നമ്പറായി 2016 ഫെബ്രുവരി 2 ലെ ഗസറ്റ് വിജ്ഞാപനമായി സി നോട്ടിഫിക്കേഷന്‍ ഇഎഫ്എല്‍ കസ്റ്റോഡിയന്‍ ഇറക്കിയപ്പോഴും വനം വകുപ്പോ റവന്യൂ വകുപ്പോ ഒരു തടസ്സവാദവും നടത്താത്തതുമാണ് ഉന്നതതലത്തില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ഏക്കറിന് കോടിക്കണക്കിന് വിലമതിക്കുന്ന വനഭൂമി യാതൊരു തടസ്സ വാദങ്ങളും ബന്ധപ്പെട്ടവരില്‍നിന്നുണ്ടാകാത്തെതെന്നുമാണ് പരിസരവാസികള്‍ സംശയിക്കുന്നത്. നിജസ്ഥിതി അറിയാന്‍ പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമ നടപടി ആലോചിക്കുന്നതായി അറിയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss