|    Oct 19 Fri, 2018 1:43 am
FLASH NEWS

കോടികളുടെ ഭൂമിയില്‍ കാടൊരുക്കി മാലിന്യം സംഭരിച്ച് തപാല്‍ വകുപ്പ്‌

Published : 20th September 2017 | Posted By: fsq

 

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂമി സ്വന്തമായുണ്ടായിട്ടും ജില്ലയിലെ ഹെഡ് പോസ്റ്റ് ഓഫീസുകള്‍ക്ക് വാടകക്കാരുടെ ഗതികേടില്‍ നിന്നും മോചനമില്ല. മഞ്ചേരി, മലപ്പുറം, പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഹെഡ് പോസ്റ്റ് ഓഫിസുകളുള്ളത്. മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഈ കാര്യാലയങ്ങള്‍ക്ക് സ്വന്തം കെട്ടിടങ്ങളൊരുക്കാന്‍ തപാല്‍ വകുപ്പ് ഭൂമി വാങ്ങിയിട്ടതല്ലാതെ തുടര്‍ നടപടികളുണ്ടായില്ല. 1984ല്‍ 1.65 ലക്ഷം രൂപ മുടക്കിയാണ് മഞ്ചേരിയില്‍ പോസ്‌റ്റോഫീസിന് 23 സെന്റ് സ്ഥലം വാങ്ങിയത്. നഗരമധ്യത്തില്‍ മലപ്പുറം റോഡിനോടു ചേര്‍ന്നു കിടക്കുന്ന തപാല്‍ വകുപ്പിന്റെ ഭൂമിക്കിപ്പോള്‍ കോടിക്കണക്കിനു രൂപയാണ് മൂല്യം. എന്നാലിവിടം കാടുമൂടിയും മാലിന്യങ്ങള്‍ നിറഞ്ഞും കിടക്കുകയാണ്. നഗരമധ്യത്തില്‍ തന്നെ ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്ന ഭൂമിയില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. തെരുവു നായ്ക്കളുടേയും സാമൂഹ്യ വിരുദ്ധ സംഘങ്ങളുടേയും ഇഷ്ട കേന്ദ്രം കൂടിയാണിവിടം.ഇതേ കാലയളവില്‍തന്നെ മഞ്ചേരി കോവിലകംകുണ്ടില്‍ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാന്‍ വാങ്ങിയ സ്ഥലത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കോവിലകംകുണ്ടില്‍ ജനവാസ പ്രദേശത്ത് കാടു വളര്‍ത്തുകയാണ് തപാല്‍ വകുപ്പ്. മരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ ക്വാര്‍ട്ടേഴ്‌സിനുള്ള സ്ഥലത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. പാമ്പുകളുടേയും മറ്റു ജീവികളുടേയും ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണെന്ന് തദ്ദേശീയര്‍ പറയുന്നു. ജനകീയ പരാതികള്‍ തപാല്‍ വകുപ്പ് പക്ഷേ നിരന്തരം അവഗണിക്കുകയാണ്. ഹെഡ് പോസ്റ്റ് ഓഫിസിനായി മലപ്പുറത്തു വാങ്ങിയിട്ട സ്ഥലത്തിന്റെ കാര്യവും വ്യത്യസ്തമല്ല. തിരൂര്‍, പൊന്നാനി എന്നിവിടങ്ങളിലും തപാല്‍ വകുപ്പ് കെട്ടിടത്തിന്റെ കാര്യത്തില്‍ അനാസ്ഥ തുടരുന്നു.  തപാല്‍ വകുപ്പിനോട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന അവഗണനും വകുപ്പു നേരിടുന്ന സാമ്പത്തിക ഞെരുക്കവും കെട്ടിടമൊരുക്കുന്നതിലെ കാലതാമസത്തിനു പ്രധാന കാരണമാണ്. ഭൂമി സ്വന്തമായുണ്ടെങ്കിലും അവിടെ കെട്ടിടമൊരുക്കുന്നതിനെക്കാള്‍ ലാഭകരം വാടകയ്ക്കുള്ള പ്രവര്‍ത്തനമാണെന്നാണ് വകുപ്പധികൃതരുടെ കണക്കുകൂട്ടല്‍.ഹെഡ്‌പോസ്‌റ്റോഫീസുകള്‍ക്ക് സ്വന്തം കെട്ടിടമില്ലാതിരിക്കെ, തപാല്‍ വകുപ്പ് വിഭാവനം ചെയ്ത വിവിധ പദ്ധതികളും ജില്ലയ്ക്ക് അന്യമാകുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച പോസ്റ്റല്‍ എടിഎം സംവിധാനം ഇതിനു തെളിവാണ്. സ്വന്തം കെട്ടിടമുള്ള പോസ്റ്റ് ഓഫിസുകള്‍ക്കു മാത്രമെ എടിഎം പദ്ധതി ആരംഭിക്കാനാവൂ. സാമ്പത്തിക രംഗത്ത് ബാങ്കുകളുടെ കൊള്ളയില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന തപാല്‍ വകുപ്പിന്റെ പണമിടപാടു പദ്ധതികള്‍ സ്വന്തം കെട്ടിടമെന്ന കടമ്പയിലുടക്കി ജില്ലയ്ക്കു പൂര്‍ണമായും ഭിക്കാതെ പോകുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss