|    Dec 19 Wed, 2018 6:44 am
FLASH NEWS

കോടികളുടെ ചിട്ടിതട്ടിപ്പ്ഒമ്പതു വര്‍ഷമായിട്ടും നടപടിയായില്ല; തട്ടിപ്പിനിരയായവര്‍ സമരം ശക്തമാക്കി

Published : 27th April 2018 | Posted By: kasim kzm

മതിലകം: നിരവധി ദരിദ്ര കുടുംബങ്ങളുടെ കിടപ്പാടത്തിന്റെ ആധാരങ്ങള്‍ ഈടുവെപ്പിച്ച് ചിട്ടി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒമ്പതു വര്‍ഷം പിന്നിട്ടിട്ടും നടപടിയായില്ല. തട്ടിച്ചെടുത്ത ആധാരങ്ങള്‍ തിരികെ കിട്ടാന്‍ തട്ടിപ്പിന്നിരയായവര്‍ അനിശ്ചിതകാല കുത്തിയിരുപ്പ് സമരം ആരംഭിച്ചു.
മതിലകം, മൂന്നുപീടിക പ്രദേശത്ത് “15 ദിവസത്തിനകം ലോണ്‍ എടുത്തുകൊടുക്കുമെന്ന്’ പരസ്യബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചാണ് നിരവധി കുടുംബളുടെ കിടപ്പാടത്തിന്റെ ആധാരങ്ങള്‍ ഈടുവെപ്പിച്ചത്. ചളിങ്ങാട്ട് മായിന്‍കുട്ടി സുലൈമാനും അഞ്ചോളം ചിട്ടി കമ്പനികളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ഒന്നും, രണ്ടും ലക്ഷം രൂപ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ക്ക് നല്‍കി പത്തും, പതിനെട്ടും ലക്ഷം രൂപ വരെയുള്ള ഭീമമായ സംഖ്യകളാണ് ചിട്ടി സംഖ്യയായി സുലൈമാനെ മുന്‍നിറുത്തി ചിട്ടി മാഫിയ തട്ടിയെടുത്തത്.
വരിക്കാര്‍ തികയാത്ത ചിട്ടികളില്‍ സുലൈമാന്റെ പേരെഴുതി ചേര്‍ത്ത് ചിട്ടി വിളിച്ചെടുത്തതായി രേഖകളുണ്ടാക്കുകയായിരുന്നു. വായ്പയെടുത്തവരുടെ വസ്തു ഈടായി വാങ്ങി അവര്‍ക്ക് തുച്ഛമായ സംഖ്യ നല്‍കി ഭീമമായ തുകകള്‍ പങ്കുവെച്ചെടുക്കുന്ന വന്‍ തട്ടിപ്പാണ് അരങ്ങേറിയത്. എന്നാല്‍ ഇപ്പോള്‍ തട്ടിച്ചെടുത്ത ആധാരങ്ങള്‍ ചിട്ടികമ്പനികള്‍ തിരിച്ചു നല്‍കുന്നില്ലെന്നു മാത്രമല്ല, തുച്ഛമായ തുക നല്‍കി കബളിപ്പിച്ച് വസ്തുവിന്റെ ഈടിലെടുത്ത ഭീമമായ കടബാധ്യതയുടെ പേരില്‍ ചിട്ടികമ്പനികള്‍ വ്യവഹാരങ്ങള്‍ നല്‍കി വസ്തു ജപ്തി ചെയ്യാനുള്ള നീക്കത്തിലാണ്. തട്ടിപ്പിന്നിരയായ ആളുകള്‍ തന്നെ ഒളിവിലിരുന്ന സുലൈമാനെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചിട്ടും ചിട്ടി കമ്പനികളെ പ്രതികളാക്കാതെ ദുര്‍ബലമായ ചാര്‍ജ്ജാണ് പോലിസ് കോടതിയില്‍ കൊടുത്തിട്ടുള്ളത്.
പെനിന്‍സുലാര്‍, ന്യൂ ട്രിച്ചൂര്‍, ഠാണ, സബ്‌സ്‌ക്രൈബര്‍, നമ്പര്‍ വണ്‍ എന്നീ ചിട്ടികമ്പനികളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ചതിവില്‍ പെട്ടവരുടെ കേസുകള്‍ പ്രത്യേകം എടുക്കാതെ ഒറ്റ എഫ്‌ഐആറില്‍ കേസ് ഒതുക്കുകയാണ് പോലിസ് ചെയ്തത്. കഴിഞ്ഞ നാലു വര്‍ഷമായി തട്ടിപ്പിനിരയായ കുടുംബങ്ങള്‍ നിരവധി സമരങ്ങളും അധികൃതര്‍ക്ക് നിവേധനങ്ങളും സമര്‍പ്പിച്ചിട്ടും തട്ടിപ്പ് സംഘത്തിനെതിരേ ഫലപ്രദമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.
തട്ടിപ്പിന് വിധേയരായ പല ആളുകളും ദുരഭിമാനവും ഭയപ്പാടും മൂലം താലി വരെ വിറ്റും പണം കടം വാങ്ങിയും കിടപ്പാടത്തിന്റെ ആധാരം തിരികെ വാങ്ങിക്കാന്‍ നിര്‍ബന്ധിതരായത് തട്ടിപ്പു സംഘത്തിന് കൂസലില്ലാതെ മുന്നോട്ടു പോകുന്നതിന് സഹായകമായി.
കൂലിപ്പണിക്കാരും ഓട്ടോ ഡ്രൈവര്‍മാരും അടങ്ങിയ നിസ്സഹയാ കുടുംബങ്ങളുടെ തട്ടിച്ചെടുത്ത ആധാരങ്ങള്‍ തിരികെ കൊടുക്കാനും തങ്ങളെടുക്കാത്ത കടബാധ്യതയില്‍ നിന്ന് അവരെ ഒഴിവാക്കാനും നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ാണ് ഇപ്പോള്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് തട്ടിപ്പ് സംഘത്തെ സഹായിക്കുന്ന വിചാരണക്കിരിക്കുന്ന കേസുകള്‍ മരവിപ്പിച്ച് ചിട്ടി കമ്പനികളെ കൂടി പ്രതികളാക്കി കൊണ്ട് കേസെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും നിരവധി കുടുംബങ്ങളെ തട്ടിച്ച് സ്വരൂപിച്ച പണം കൊണ്ട് വാങ്ങികൂട്ടിയിട്ടുള്ള മായിന്‍കുട്ടി സുലൈമാന്റെ ബിനാമി പേരിലുള്ള വസ്തു വഹകള്‍ തട്ടിപ്പിനിരയായവര്‍ക്ക് വേണ്ടി കണ്ടു കെട്ടണമെന്നുമാണ് സമരസമിതിയുടെ ആവശ്യം. ചിട്ടികമ്പനികള്‍ പിടിച്ചു വെച്ചിട്ടുള്ള നിര്‍ധന കുടുംബങ്ങളുടെ ആധാരങ്ങള്‍ തിരികെ കൊടുക്കണമെന്നും കടബാധ്യതയില്‍ നിന്നും ഒഴിവാക്കി സിവില്‍ കേസുകള്‍ പിന്‍വലിക്കണമെന്നും സമരസമിതി നേതാക്കളായ കെ കെ ഉസ്മാന്‍, പി എ കുട്ടപ്പന്‍, പി ജെ മാനുവല്‍, വി സി ജന്നി, കെ കെ വേലായുധന്‍, എ ടി ബൈജു ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss