|    Jun 24 Sun, 2018 4:49 am
FLASH NEWS

കോടമഞ്ഞിന്റെ തലപ്പാവുകള്‍

Published : 1st November 2015 | Posted By: TK

യാസിര്‍ അമീന്‍
ഭയം ഘനീഭവിച്ചിരുന്നു ആ കാട്ടുവഴികളില്‍. ചിലയിടങ്ങളില്‍ കാട്ടാനകള്‍ നശിപ്പിച്ച മുളം കൂട്ടങ്ങളും ചെറിയമരങ്ങളും. സമയം വൈകിയതു കൊണ്ട് വളരെ വേഗത്തിലാണ് അനസ് ഡ്രൈവ് ചെയ്യുന്നത്. ഗ്ലാസ് തുറന്നിട്ടതുകൊണ്ട് കാറിനകത്തേക്ക് അസ്ഥി തുളയ്ക്കുന്ന തണുത്ത കാറ്റ് അടിച്ചുകയറുന്നുണ്ട്.
പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് അവസാനമായി നെല്ലിയാമ്പതി കയറിയത്. ഏഴു വര്‍ഷം കഴിഞ്ഞെങ്കിലും നെല്ലിയാമ്പതിക്ക് കാര്യമായ മാറ്റമില്ല.

നേരെ പോയത് സീതാര്‍കുണ്ട് ആത്മഹത്യാമുനമ്പിലേക്കാണ്. കാര്‍ പാര്‍ക്ക് ചെയ്ത്, കല്ലുപാകിയ വഴിയിലൂടെ ഞങ്ങള്‍ അഞ്ചു പേര്‍ നടന്നു. അനസ്, അന്‍സര്‍, റാഷിക്ക, അബ്ബാസ് പിന്നെ ഞാനും… ആത്മഹത്യാമുനമ്പിലേക്ക് വണ്ടി നിര്‍ത്തി, അധികമില്ല. നല്ല കാറ്റുണ്ട്, പിടിച്ചു നിന്നില്ലെങ്കില്‍ പാറിപ്പോവുമെന്നുതന്നെ തോന്നി. ഭയം പെരുവിരലിലൂടെ അരിച്ചു കയറുന്നു. താഴെ, ടൈല്‍ പാകിയത് പോലെ തമിഴ്‌നാട്ടിലെ പാടങ്ങള്‍. ഇവിടെ വന്നാല്‍ ആര്‍ക്കും കൊക്കയിലേക്ക് ഒന്നു ചാടാന്‍ തോന്നും! അത്ര വശ്യതയാണ്.  തൊട്ടപ്പുറത്തായി മുനമ്പത്ത് നില്‍ക്കുന്ന നെല്ലിമരം ഒരു എണ്ണഛായ ചിത്രത്തെ ഓര്‍മിപ്പിച്ചു. മലയുടെ തലപോലെ തള്ളിനില്‍ക്കുന്ന ഭാഗം കോട വന്ന് മറഞ്ഞു കഴിഞ്ഞു.

സൂര്യന്‍ അസ്തമിക്കാനായിരിക്കുന്നു. മാനത്ത് ചെഞ്ചായം പരക്കാന്‍ തുടങ്ങി… മാനം ചുവക്കുമ്പോഴാണ് മലയിലെ പച്ചപ്പിന് സൗന്ദര്യം കൂടുന്നത്. കുറച്ച് അകലേ, മലഞ്ചെരുവിലൂടെ ഒരു ചെമ്മരിയാടിന്‍ കൂട്ടം പാഞ്ഞുപോയി. കുളമ്പുകള്‍ ഉപയോഗിച്ച് ആടുകള്‍ കുത്തനെയുള്ള പാറകളിലൂടെ ഇറങ്ങുമ്പോള്‍ മനുഷ്യന്‍ വാ പൊളിക്കും.
സമയം ഇരുട്ടിത്തുടങ്ങി. ഇനിയും വൈകിയാല്‍ ഒറ്റയാന്മാര്‍ വിലസുന്ന ആ കാട്ടുപാതയില്‍ അകപ്പെട്ടേക്കാം. നെല്ലിയാമ്പതി ഒരു ഇടത്താവളം മാത്രം. ലക്ഷ്യം ഇടുക്കിയിലെ ചൊക്രാമുടി താഴ്‌വരയാണ്. പല തവണ ആ വഴി പോയിട്ടും            ചൊക്രാമുടിയെ പറ്റി അറിഞ്ഞിരുന്നില്ല. അറിഞ്ഞാല്‍ അനുഭവിക്കാതെ പിന്‍വാങ്ങരുതെന്നാണ് യാത്രികരുടെ രീതിശാസ്ത്രം.
നെല്ലിയാമ്പതിയില്‍നിന്ന് നേരെ മറയൂരിലേക്ക് വച്ചുപിടിച്ചു. നാലര മണിക്കൂര്‍ കൊണ്ടു മറയൂരിലെത്തി. അപ്പോള്‍ ഏകദേശം രാത്രി രണ്ടു മണിയായിക്കാണണം. ഇനി യാത്ര വയ്യ. അന്നത്തെ കിടപ്പ് കാറിലും അടുത്തു കണ്ട ബസ്‌സ്റ്റോപ്പിലുമാക്കി. തണുപ്പ് സഹിക്കാന്‍ പറ്റാതായപ്പോഴാണ് ഉണര്‍ന്നത്. സമയം ആറുമണിയായി. മറയൂരും ഉണര്‍ന്നുകഴിഞ്ഞു. ചന്ദനത്തിന്റെ മണമുള്ള ഒരു ഗ്രാമം. തമിഴ് ചുവയ്ക്കുന്ന ഒരു ചായ ഉന്മേഷമുണ്ടാക്കി. അടുത്തുകണ്ട വെള്ളച്ചാട്ടത്തിലെ കുളിയോടെ യാത്രയുടെ ക്ഷീണം പമ്പകടന്നു.
പ്രാതല്‍ കഴിച്ച ശേഷം നേരെ മൂന്നാര്‍ റോഡിലൂടെ അനസ് അതിവേഗം ഡ്രൈവ് ചെയ്തു. സ്റ്റീരിയോയില്‍ നുസ്‌റത്ത് ഫത്തേഹ് അലിഖാന്റെ ശബ്ദം. ‘വഴിതെറ്റിയിരിക്കുന്നു’- അനസ് യാഥാര്‍ഥ്യത്തിലേക്ക് ഇറങ്ങിവന്നു. ആരോ ഗൂഗ്ള്‍ മാപ്പില്‍ സെര്‍ച്ച് ചെയ്തു. ചൊക്രാമുടിയുടെ താഴ്‌വരയും വിട്ട് വണ്ടി പൂപ്പാറ എത്തിയിരിക്കുന്നു. വണ്ടി തിരിച്ചു, ചൊക്രാമുടിയിലേക്ക്. തുടര്‍ന്നുള്ള യാത്രയ്ക്ക് സെക്യൂരിറ്റി ജീവനക്കാരന്‍ 500 രൂപ ആവശ്യപ്പെട്ടു. റാഷിക്ക പ്രസ്സ് കാര്‍ഡ് കാണിച്ചു.

പത്രക്കാര്‍ക്ക് കൈക്കൂലിയില്‍ ഇളവുണ്ട്! എന്നാ പിന്നെ ചായ കുടിക്കാന്‍ എന്തെങ്കിലും മതിയെന്നായി സെക്യൂരിറ്റിക്കാരന്‍.
സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 7500 അടി ഉയരത്തിലാണ് ചൊക്രാമുടി. ഉയരം കൂടുന്നതിനനുസരിച്ച് ക്ഷീണം ശരീരത്തെ തളര്‍ത്തുന്നുണ്ട്. തലയ്ക്കുമീതെ വളര്‍ന്നുനില്‍ക്കുന്ന പേരറിയാത്ത പുല്ല്              വകഞ്ഞുമാറ്റിയാണ് നടപ്പ്. കുറച്ചു ദൂരം താണ്ടി യപ്പോള്‍ ചൊക്രാമുടി തല ഉയര്‍ത്തി നില്‍ക്കുന്നത് വ്യക്തമായി കണ്ടു. കൂട്ടമായി നടന്നിരുന്ന ഞങ്ങള്‍ മെല്ലെ മെല്ലെ അകലാന്‍ തുടങ്ങി. അന്‍സാര്‍ മുന്നിലാണ്. 150ഓളം മീറ്റര്‍ അകലത്തില്‍ ഞാന്‍. പിന്നെ അബ്ബാസ്, അനസും റാഷിക്കയും ഏറ്റവും പിറകില്‍. മുന്നില്‍ പോകുന്നവര്‍ മെല്ലെ മെല്ലെ ചെറുതായിവരുന്നു.

തൊണ്ട വരളുന്നുണ്ട്. കാലുകള്‍ വിറയ്ക്കുന്നു. വെള്ളം കിട്ടാതെ ഒരടി വയ്ക്കാനാവില്ല. വെള്ളവും ഭക്ഷണവും അടങ്ങിയ ബാഗ് അനസിന്റെ കൈയിലാണ്. ഞാന്‍ താഴേക്ക് നോക്കി. ഒരു വലിയ പാറ എന്റെ കാഴ്ചയെ മറക്കുന്നുണ്ട്. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കിതച്ചു കിതച്ച് അബ്ബാസും വന്നു. പിന്നാലെ മറ്റു രണ്ടുപേരും. ആര്‍ക്കും സംസാരിക്കാന്‍ കഴിയുന്നില്ല. പുറപ്പെട്ട വാക്കുകളെല്ലാം കിതച്ചു നാവില്‍ തന്നെ ഒടുങ്ങി.
താഴെ മൂന്നു പേരടങ്ങുന്ന ഒരു ട്രക്കിങ് സംഘം വരുന്നുണ്ട്. അര്‍ജന്റീനക്കാരാണ്. അവര്‍ ഇന്നലേയും കയറിയിരുന്നു, പിന്നെയും ഈ മല മാടിവിളിച്ചത് കൊണ്ടാണ് ഇന്നും കയറുന്നതത്രെ. കുറച്ചു നേരത്തിനകം അവരും മെല്ലെ മെല്ലെ മാഞ്ഞു പോയി. താഴ്‌വരയിലെ കാഴ്ചകള്‍ മറച്ച് ഒരു മേഘം താഴെ ഒഴുകിപ്പോവുന്നു. റോഡുകളെല്ലാം കൈവരപോലെ നേര്‍ത്തു കാണാം.
നടക്കാനാണ് ആഗ്രഹമെങ്കിലും ശരീരം വഴങ്ങുന്നില്ല. എത്തിപ്പെടാന്‍ കഴിയുന്ന ഉയരത്തില്‍ എത്തിയപ്പോഴേക്കും ശരീരം പാടെ തളര്‍ന്നിരുന്നു. നാലു ഭാഗത്തും മടക്കു മടക്കായി മലകള്‍. അകലെ കോടയും മേഘവും പ്രണയപൂര്‍വം ആലിംഗനം ചെയ്യുകയാണ്. പേരറിയാത്ത ഒരുപാടു പൂക്കള്‍ ചുറ്റുപാടും വിരിഞ്ഞു നില്‍ക്കുന്നു. സാധാരണയില്‍ കവിഞ്ഞൊരു ചന്തമുണ്ടതിന്. കാലുകള്‍ വിങ്ങുന്നുണ്ട്. എന്നിട്ടും മനസ്സ് തുടിച്ചു. തിരുച്ചു പോക്കിന്റെ ഭാരമില്ലാത്ത യാത്രകള്‍ സ്വര്‍ഗാരോഹണം തന്നെയാണ്…

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss