|    Mar 23 Fri, 2018 11:07 am
Home   >  Editpage  >  Lead Article  >  

കോടതി സ്ത്രീകളെ മാനിക്കണം

Published : 8th September 2017 | Posted By: fsq

 

കവിത കൃഷ്ണന്‍

പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും നേരെയുള്ള കേരള ഹൈക്കോടതിയുടെയും ഇന്ത്യന്‍ പരമോന്നത നീതിപീഠത്തിന്റെയും മനോഭാവം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഹാദിയാ കേസില്‍ നിന്നു വ്യക്തമാണ്. നമ്മെ ഏറെ അസ്വസ്ഥപ്പെടുത്തുന്നതാണ് ഈ കേസ്. അഖില എന്ന ഹിന്ദു യുവതി ജസീന എന്ന മുസ്‌ലിം യുവതിയുമായി സൗഹൃദത്തിലാവുന്നു. ജസീനയുടെ വീട്ടുകാരുമായും ചങ്ങാത്തത്തിലായ അഖില, അവരുടെ വിശ്വാസം പഠിക്കുകയും ഇസ്‌ലാം മതം ആശ്ലേഷിക്കുകയും ചെയ്യുന്നു. അനന്തരം, അഖില തന്റെ പേര് ഹാദിയ എന്നാക്കി മാറ്റി. എന്നാല്‍, തന്റെ മകളെ സമ്മര്‍ദം ചെലുത്തി മതം മാറ്റിയതാണെന്ന് ആരോപിച്ച് അഖില എന്ന ഹാദിയയുടെ പിതാവ് കോടതിയില്‍ രണ്ടു പരാതി ഫയല്‍ ചെയ്തു. യുവതി പ്രായപൂര്‍ത്തിയായവളും സ്വയം തീരുമാനമെടുക്കാന്‍ പ്രാപ്തയുമാണെന്നു കണ്ട് കോടതി പിതാവിന്റെ രണ്ടു പരാതികളും തള്ളി. മൂന്നാമതും ഈ പിതാവ് പരാതി ഫയല്‍ ചെയ്തു. എന്നാല്‍, കേസ് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചാണ് പരിഗണിച്ചത്. ഈ കേസില്‍ വാദം നടക്കവെ, ഹാദിയ മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി ഷഫിന്‍ ജഹാനെ കണ്ടെത്തി വിവാഹം കഴിക്കുന്നു. എന്നാല്‍ ഇത്തവണ ഹാദിയയുടെ പിതാവിന്റെ പരാതിയെ അനുകൂലിച്ച കോടതി, ഹാദിയ-ഷഫിന്‍ വിവാഹം റദ്ദാക്കി, 24കാരിയായ യുവതിയെ പിതാവിനു വിട്ടുകൊടുക്കുന്നു. ഹിന്ദു യുവതിയെ മാതാപിതാക്കള്‍ക്കു നേരെ തിരിക്കാനും അവരെ ഇസ്‌ലാമിലേക്കു മാറ്റി, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സിറിയയിലേക്ക് കടത്താനും ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. എന്നാല്‍, തന്റെ വിവാഹം റദ്ദു ചെയ്ത കോടതിവിധി റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഷഫിന്‍ ജഹാന്‍ സുപ്രിംകോടതിയെ സമീപിച്ചു. ഈ കേസില്‍ ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സുപ്രിംകോടതി അവരെ വിളിപ്പിച്ചില്ലെന്നു മാത്രമല്ല, യുവതിയെ മതം മാറ്റി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നു കണ്ടെത്താന്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഈ വിഷയത്തില്‍ കേരള ഹൈക്കോടതിയുടെ ഭാഷയും സുപ്രിംകോടതി വ്യംഗ്യമായെങ്കിലും മുന്നോട്ടുവയ്ക്കുന്ന നിലപാടും ഉയര്‍ത്തുന്നത് ഒരു ചോദ്യമാണ്; സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാനും മുതിര്‍ന്ന സ്ത്രീയുടെ സ്വകാര്യത സംരക്ഷിക്കാനും ഇന്ത്യന്‍ നീതിപീഠത്തിന് കടമയില്ലേ എന്നത്. ഖാപ് പഞ്ചായത്തുകളും ഗ്രാമകോടതികളും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. ഇന്ത്യന്‍ ഹോസ്റ്റലുകളില്‍ സ്ത്രീയെ ശിശുക്കളെന്നോണം പരിഗണിച്ച് ആണുങ്ങളുടെ ആശ്രിതരാക്കി നിലനിര്‍ത്തുന്നു. ഭരണഘടനയുടെ രക്ഷകര്‍ത്താക്കളാവേണ്ട ഇന്ത്യന്‍ നീതിപീഠവും ഇനി ഇങ്ങനെയാവുമോ?കേരള ഹൈക്കോടതി ഉത്തരവില്‍ ഹാദിയയുടെ പിതാവിന്റെ അഭിഭാഷകന്റെ വാദം എടുത്തുകാണിച്ചിരിക്കുന്നത് ഇങ്ങനെ: ”മകളെ അവള്‍ക്ക് അനുയോജ്യനായ വരനൊപ്പം വിവാഹം ചെയ്തയക്കാനുള്ള അവകാശം പിതാവിനാണ്.” എന്നാല്‍, മുതിര്‍ന്ന യുവതിയുടെ മേല്‍ ഇത്തരമൊരു അവകാശം ഒരു പിതാവിനും ഉന്നയിക്കാന്‍ സാധ്യമല്ല എന്നായിരുന്നു കോടതി പറയേണ്ടിയിരുന്നത്. കോടതി ചെയ്തതാവട്ടെ, നേര്‍വിപരീതവും. തന്റെ കക്ഷി മുതിര്‍ന്ന യുവതിയും തന്റെ തീരുമാനങ്ങള്‍ സ്വയം എടുക്കാന്‍ പ്രാപ്തയുമാണെന്നും ഹാദിയയുടെ അഭിഭാഷകന്‍ വാദിച്ചു. പക്ഷേ, കോടതി പറയുന്നതിങ്ങനെ: ”അനുഭവസമ്പത്തുള്ള മുതിര്‍ന്ന അഭിഭാഷകന്‍ തന്റെ കക്ഷി പ്രായപൂര്‍ത്തിയായതാണെന്ന് ശക്തമായി വാദിക്കുന്നു. എന്നാല്‍ ഓര്‍ത്തിരിക്കേണ്ട കാര്യം, കക്ഷി സ്ത്രീയാണെന്നതും എളുപ്പം മുറിവേല്‍ക്കപ്പെടാവുന്ന പ്രായമായ ഇരുപതുകളിലാണ് എന്നതുമാണ്. ഇന്ത്യന്‍ പാരമ്പര്യം, സ്ത്രീയെ നല്ല നിലയ്ക്കു വിവാഹം ചെയ്ത് അയക്കുന്നതു വരെ അവര്‍ രക്ഷിതാക്കളുടെ അധീനതയിലായിരിക്കണം എന്നതാണ്. അതിനാല്‍, അത്തരമൊരു പ്രായത്തിലുള്ള വ്യക്തി അപകടത്തിലല്ലെന്ന് ഉറപ്പാക്കേണ്ട കടമ കോടതിക്കുണ്ട്.”ഹാദിയയുടെ രക്ഷാധികാരം പിതാവിനെ ഏല്‍പ്പിച്ചുകൊണ്ട് കേരള ഹൈക്കോടതി ഇങ്ങനെ പ്രഖ്യാപിച്ചു: ”24 വയസ്സുള്ള പെണ്‍കുട്ടി അശക്തയും എളുപ്പം മുറിവേല്‍ക്കപ്പെടുന്നവളുമാണ്. (അവള്‍) പലവഴിക്കും ചൂഷണം ചെയ്യപ്പെടാനും സാധ്യതയുണ്ട്.” ഇവിടെ ശ്രദ്ധിക്കേണ്ടതായ പല കാര്യങ്ങളുമുണ്ട്. 24 വയസ്സുള്ള മുതിര്‍ന്ന യുവതിയെ കോടതി തുടര്‍ച്ചയായി പെണ്‍കുട്ടി എന്നാണു വിശേഷിപ്പിക്കുന്നത്. 24 വയസ്സുള്ള സ്ത്രീ അശക്തയും എളുപ്പം മുറിവേല്‍ക്കപ്പെടുന്നവളുമാണെന്നും പറയുന്നു. ഹാദിയ സ്വയമേ സ്വീകരിച്ച ‘ഹാദിയ’ എന്ന പേരിനു പകരമായി അഖില എന്നു തന്നെ വിശേഷിപ്പിക്കുന്നു.ഏറ്റവും അപകടകരമെന്നു പറയട്ടെ, ജാതിവരമ്പുകള്‍ ഭേദിച്ച് വിവാഹിതരാവുന്ന സ്ത്രീകളെ നിഷ്‌കരുണം അവളുടെ മാതാപിതാക്കളും കുടുംബവും ദുരഭിമാനക്കൊല നടത്തുന്നത് വ്യാപകമായ ഇന്ത്യയിലാണ്, ഒരു സ്ത്രീയെ ‘നല്ല നിലയ്ക്ക്’ ‘അനുയോജ്യനായ വരന്’ വിവാഹം ചെയ്തയക്കുന്നത് വരെ അവളുടെ രക്ഷാധികാരം പിതാവിനാണെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് (നല്ല നിലയില്‍ എന്ന വാക്ക് ശ്രദ്ധിക്കണം. ഹാദിയ-ഷഫിന്‍ വിവാഹം ഹാദിയയുടെ പിതാവല്ല നടത്തിയത് എന്നതിനാല്‍ അതു നല്ല നിലയിലല്ല എന്നാണ് കോടതി സ്ഥാപിക്കുന്നത്). സുപ്രിംകോടതിയും ഹാദിയയെ പരാമര്‍ശിക്കുന്നത് ‘അഖില’ എന്നാണ്.”അഖില രക്ഷിതാക്കളുടെ ഒരേയൊരു പുത്രിയാണ്. പുത്രിയുടെ ക്ഷേമത്തിനു വേണ്ടി രക്ഷിതാക്കളേക്കാള്‍ അധികമായി മറ്റാരും പരിഗണന നല്‍കില്ല. ഇതിനു പ്രകൃതി തന്നെ ഒട്ടേറെ ഉദാഹരണങ്ങള്‍ നല്‍കുന്നുണ്ട്. മൃഗങ്ങളടക്കം തങ്ങളുടെ സന്തതികളെ സംരക്ഷിക്കുന്നതിനായി ജീവത്യാഗം ചെയ്യുന്നുണ്ട്. നരവര്‍ഗത്തിന് ഇക്കാര്യത്തില്‍ ഒരു വ്യത്യാസവുമില്ല. എന്നാല്‍, ഈ കേസിന് പിറകില്‍ പ്രവര്‍ത്തിച്ചവര്‍, അഖിലയെ തന്റെ രക്ഷിതാക്കള്‍ക്കെതിരേ തിരിക്കുന്നതില്‍ വിജയിച്ചു.” ഒരു മകള്‍ക്ക് തന്റെ രക്ഷിതാക്കള്‍ക്കു നേരെയുണ്ടാവുന്ന ഏതുതരത്തിലുള്ള വിദ്വേഷവും അസാധാരണമാണെന്നും ‘തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന് ശക്തികള്‍ പ്രവര്‍ത്തിക്കുന്നത്’ കൊണ്ട് മാത്രമാണെന്നുമാണ് കോടതി പറയുന്നത്. ഒരുപക്ഷേ, മത-ജാതി-ലിംഗ നിബന്ധനകള്‍ ലംഘിച്ചുകൊണ്ട് ഒരാളെ പ്രണയിച്ച് വിവാഹം ചെയ്യുന്നതിന് രക്ഷിതാക്കള്‍ പെണ്‍മക്കളെ കൊല്ലുന്നത് നരവര്‍ഗത്തില്‍ മാത്രമാണെന്ന് നാം ജഡ്ജിമാരെ ഓര്‍മിപ്പിക്കേണ്ടതുണ്ടോ? 2010ല്‍, നിരുപമ എന്ന ഡല്‍ഹി പത്രപ്രവര്‍ത്തകയെ അവരുടെ മാതാപിതാക്കളാണ് കൊല്ലുന്നത്. ബ്രാഹ്മണ സമുദായത്തില്‍ ജനിച്ച ഇവര്‍ ബ്രാഹ്മണനല്ലാത്ത സഹപാഠിയെ പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു കാരണം. ഇത്തരത്തിലുള്ള ഗാര്‍ഹിക പീഡനങ്ങള്‍ വീടിനകത്തെ നാലു ചുവരുകളില്‍ നടക്കുന്നത് ഇന്ത്യയില്‍ ഒരപവാദമല്ല; പകരം, അതാണു നിയമം. മാതാപിതാക്കള്‍ ഒരു യുവതിയുടെ സ്വയംഭരണാധികാരം മനപ്പൂര്‍വം ഇല്ലാതാക്കിയാല്‍ അവളുടെ ഉള്ളില്‍ മാതാപിതാക്കള്‍ക്കെതിരേ സ്വാഭാവികമായും വിദ്വേഷം ഉണ്ടാവുമെന്ന കാര്യം നമ്മുടെ ബഹുമാന്യ ന്യായാധിപര്‍ മറന്നതാണോ?സ്വന്തമായി തീരുമാനമെടുക്കാനും സ്വതന്ത്രയായിരിക്കാനും അതിയായി ആഗ്രഹമുണ്ടാവുക എന്നത് തന്റെ അസ്തിത്വത്തെക്കുറിച്ച് വ്യക്തമായ ബോധമുള്ള മനുഷ്യര്‍ക്കിടയില്‍ സാധാരണമാണ്. യുവതികള്‍ മാതാപിതാക്കളുടെ ‘മേല്‍ക്കോയ്മ’ പലപ്പോഴും ധിക്കരിക്കുന്നു. ജോലി സ്വീകരിക്കാന്‍, രാഷ്ട്രീയപ്രവര്‍ത്തനത്തിന്, സാമൂഹിക സേവനത്തിന്, പ്രണയിക്കാന്‍, വിവാഹിതയാവാന്‍ ഒക്കെയവര്‍ രക്ഷാധികാരത്തെ തിരസ്‌കരിക്കുന്നു. അപ്പോള്‍ ഇവര്‍ തങ്ങളുടെ തീരുമാനങ്ങള്‍ക്കു മേല്‍ ആണധികാരത്തില്‍ നിന്നു പുറത്തുകടക്കുകയാണ്. എന്തുകൊണ്ടാണ് മുതിര്‍ന്ന യുവതിയെ, അവളുടെ ഇഷ്ടങ്ങള്‍ക്കു വിപരീതമായി വീടെന്ന തടവറയില്‍, അവളുടെ പിതാവിന്റെ ചങ്ങലകളില്‍ നമ്മുടെ കോടതികള്‍ തളച്ചിടുന്നത്? പത്രപ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാതെ ആര്‍എസ്എസ് പ്രവര്‍ത്തകരും പോലിസും ഉണ്ടാക്കിയ വലയത്തില്‍ എന്തിനാണ് ഹാദിയയെ വീട്ടുതടങ്കലില്‍ വച്ചിരിക്കുന്നത്?കൗതുകമെന്ന് പറയട്ടെ, ഹാദിയയുടെ വിവാഹത്തിന്റെ സ്വഭാവം മനസ്സിലാക്കിയ കോടതി അത് കപടമാണെന്നു കാണുകയും അതിനെ പ്രണയവിവാഹത്തോട് താരതമ്യം ചെയ്യുകയും ചെയ്യുന്നു: ”മറ്റു മതത്തില്‍പ്പെട്ടൊരു വ്യക്തിയുമായി പ്രണയത്തിലായി, അയാളെ വിവാഹം കഴിക്കുന്നതിനായി മതംമാറുന്നൊരു സംഭവമല്ല ഇത്. അത്തരം സാഹചര്യങ്ങള്‍ സ്വാഭാവികവും നമുക്ക് പരിചയമുള്ളതുമാണ്. അത്തരം കേസുകളില്‍ കോടതി പെണ്‍കുട്ടിയുടെ താല്‍പര്യത്തെ പിന്തുണയ്ക്കുകയും ചെയ്യും. എന്നാല്‍, ഈ കേസ് അതില്‍ നിന്നു വ്യത്യസ്തമാണ്. ഇത് മുന്‍കൂട്ടി തീരുമാനിച്ച വിവാഹമാണ് എന്ന് ഇവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.” വിരോധാഭാസം നോക്കൂ: ഒരു ഹിന്ദു യുവതി മുസ്‌ലിം യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചാല്‍ അവള്‍ ‘ലൗ ജിഹാദി’ന്റെ ഇര. എന്നാല്‍, അവള്‍ ഇസ്‌ലാം സ്വീകരിച്ച് വിവാഹ വെബ്‌സൈറ്റ് വഴി തന്റെ വിവാഹം തീരുമാനിച്ചാല്‍ അതില്‍ ‘പ്രണയം’ ഇല്ലാത്തതിനാല്‍ അത് ചീത്തയും.                      (അവസാനിക്കുന്നില്ല.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss