|    Aug 14 Tue, 2018 11:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കോടതി സംയമനം പാലിക്കണമെന്ന് അറ്റോര്‍ണി ജനറല്‍

Published : 9th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കുമ്പോള്‍ സുപ്രിംകോടതി സംയമനം പാലിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍. വിവിധ പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിച്ച് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നേരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അറ്റോര്‍ണി ജനറല്‍ ഇന്നലെ കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത, എസ് അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ച് മുമ്പാകെ രാജ്യത്തെ ജയിലുകളിലെ ശോചനീയാവസ്ഥ സംബന്ധിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശങ്ങള്‍.
രാജ്യത്തെ പ്രതിസന്ധിയിലാക്കുന്ന ധാരാളം പ്രശ്‌നങ്ങളുണ്ടാക്കുന്ന ഉത്തരവുകള്‍ ഇറക്കുമ്പോള്‍ കോടതി സംയമനം പാലിക്കണമെന്നാണ് എജി ഇന്നലെ കോടതിയില്‍ പറഞ്ഞത്. ഒരു ജഡ്ജിക്ക് എല്ലാ പ്രശ്‌നങ്ങളുടെയും എല്ലാ വശങ്ങളും അറിയില്ലായിരിക്കാം.
ഒരു പ്രത്യേക വിഷയത്തില്‍ ഉള്ള പൊതുതാല്‍പര്യ ഹരജി ജഡ്ജിയുടെ പരിഗണനയ്ക്ക് എത്തുമ്പോള്‍ അതിലെ അവകാശ ലംഘനം പരിശോധിക്കാനുള്ള അവസരം ജഡ്ജിക്ക് ഉപയോഗപ്പെടുത്താം, ഉത്തരവുകള്‍ ഇറക്കാം. എന്നാല്‍ ഈ ഉത്തരവുകള്‍ക്കു പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് ജഡ്ജിമാര്‍ മനസ്സിലാക്കണം. മറ്റുള്ള വിഭാഗങ്ങളുടെ അവകാശങ്ങളെ അതു ബാധിക്കാം.
അതേപ്പറ്റി സര്‍ക്കാരിന് ആലോചിക്കേണ്ടി വരും. ഉദാഹരണത്തിന് 2ജി കേസില്‍ ലൈസന്‍സുകള്‍ റദ്ദാക്കിയപ്പോള്‍ വന്‍ വിദേശനിക്ഷേപം തുടച്ചുമാറ്റപ്പെട്ടു. ഹൈവേകളില്‍ മദ്യശാലകള്‍ നിരോധിച്ചപ്പോള്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായി. നിരവധിപേര്‍ക്ക് ഉപജീവനം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യമടക്കം നിരവധി ഗൗരവമേറിയ പ്രശ്‌നങ്ങള്‍ രാജ്യത്തുണ്ട്.
ഒരു ദിവസം 100 രൂപ പോലും വരുമാനം ഇല്ലാത്തവരുടെ കാര്യങ്ങളാണ് സര്‍ക്കാരിന് ആദ്യം നോക്കേണ്ടി വരിക. പൊതുതാല്‍പര്യ ഹരജികളില്‍ കോടതി ചിന്തിച്ചുറപ്പിച്ചു സംതുലിത നിലപാട് മാത്രമേ കൈക്കൊള്ളാവൂവെന്നും കെ കെ വേണുഗോപാല്‍ പറഞ്ഞു.
എന്നാല്‍, തങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ലെന്നു പറഞ്ഞ ജസ്റ്റിസ് മദന്‍ ലോകൂര്‍, ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരാണ്, ഇവിടത്തെ പ്രശ്‌നങ്ങള്‍ അറിയാമെന്നും കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss