|    Apr 22 Sun, 2018 2:58 am
FLASH NEWS

കോടതി വിധി; ബാലുവും അക്രമരാഷ്ട്രീയവും തോട്ടംമേഖലയില്‍ വീണ്ടും ചര്‍ച്ചയാവുന്നു

Published : 19th August 2016 | Posted By: SMR

മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: ബാലു വധക്കേസിലെ പ്രതികളെ വെറുതെ വിട്ടതോടെ തോട്ടം മേഖലയില്‍ അക്രമ രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാവുന്നു. ഐ എന്‍ടിയുസി നേതാവും വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന എം ബാലസുബ്രമണ്യമെന്ന എം ബാലു 2004 ഒക്ടോബര്‍ 20നാണ് കൊല്ലപ്പെട്ടത്.
രാത്രിയില്‍ 8.15ഓടെ പാമ്പനാറിനു സമീപം പട്ടുമല തേയില തോട്ടത്തിലെ ചിട്ടിപ്പുരയ്ക്ക് സമീപത്തെ പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ തൊഴിലാളി സമരത്തില്‍ നിന്നും ബാലുവിന്റെ യൂനിയന്‍ പിന്‍മാറി. ഇതുമായി ബന്ധപ്പെട്ട വിശദീകരണ യോഗത്തിലാണ് സിപിഎം ആക്രമണം. നേരത്തേ അഴുത ബ്ലോക്ക് പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാന്‍ എഐടിയുസി നേതാവായിരുന്ന വി തങ്കപ്പനെ കോണ്‍ഗ്രസ് വരുതിയിലാക്കി.
വാളാഡി ഡിവിഷനില്‍ നിന്നുള്ള എല്‍ഡിഎഫ് മെംബറായിരുന്നു തങ്കപ്പന്‍. ഒരാളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിനായിരുന്നു മുന്‍തൂക്കം. തങ്കപ്പനെതിരേ സിപിഎം ആക്രമണമുണ്ടായി. ഇതിലെ പ്രതിയായിരുന്ന സിപിഎം നേതാവ് അയ്യപ്പദാസിനെ ബാലുവിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊന്നു. ഈ കേസില്‍ ഒന്നാം പ്രതിയായിരുന്നു ബാലു.
നാടിനെ ഞെട്ടിച്ച ബാലു വധക്കേസില്‍ പത്തു സിപിഎം പ്രവര്‍ത്തകരാണ് പ്രതി ചേര്‍ക്കപ്പെട്ടത്. ഒന്നാം പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ സാബു, മൂന്നു മുതല്‍ ഒന്‍പത് വരെ പ്രതികളായ വിനോദ്, അജിത്ത്, മോഹനന്‍, അജയഘോഷ്, ബെന്നി, രാജപ്പന്‍, ബിജു എന്നിവര്‍ കുറ്റക്കാരെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തുകയും ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തിരുന്നു.
പ്രതികള്‍ 25000 രൂപ വീതം പിഴ അടക്കാനും ഈ തുക കൊല്ലപ്പെട്ട ബാലുവിന്റെ അമ്മക്ക് നല്‍കാനും അല്ലാത്തപക്ഷം ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കാനുമായിരുന്നു വിധി. തുടര്‍ന്ന് ഇവര്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്ന നസീര്‍ വാഹനാപകടത്തില്‍ മരിച്ചു. പത്താം പ്രതി വിശ്വനാഥനെ കോടതി വെറുതെ വിട്ടു.
ട്രേഡ് യൂനിയന്‍ രംഗത്തെ പ്രശ്‌നങ്ങളും സിപിഎം ഏരിയാ കമ്മറ്റിയംഗം ആര്‍ അയ്യപ്പദാസിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ  രാഷ്ട്രീയ വൈരവുമാണ് ബാലുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണിയുടെ വിവാദമായ മണക്കാട് പ്രസംഗത്തില്‍ എം ബാലുവിന്റെ കൊലപാതകത്തെ കുറിച്ചുള്ള പരാമര്‍ശം സംഭവം വീണ്ടും ചര്‍ച്ചാവിഷയമാക്കിയിരുന്നു. വിധിയില്‍ അസംതൃപ്തരാണെന്ന് ബാലുവിന്റെ സഹോദരി ശങ്കരി സാമുവല്‍ തേജസിനോട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss