|    Oct 22 Sun, 2017 2:56 am
Home   >  Editpage  >  Middlepiece  >  

കോടതി പൂട്ടുന്നു; സര്‍ക്കാര്‍ തുറക്കുന്നു

Published : 10th June 2016 | Posted By: SMR

slug-madhyamargamപരീക്ഷ കഴിഞ്ഞ് സ്‌കൂളുകള്‍ പൂട്ടുന്നതും അവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നതും കാലാകാലങ്ങളായി നടന്നുവരുന്ന സംഭവങ്ങളാണ്.വിദ്യാര്‍ഥികള്‍ക്കാണെങ്കില്‍ വിദ്യാലയം പൂട്ടുന്നതും തുറക്കുന്നതുമായ സന്ദര്‍ഭം ആഹ്ലാദകരമായ അനുഭവങ്ങളാണ്. പിന്നീട് മധുരിക്കുന്ന ഓര്‍മകളുമാണ്.
ഗേറ്റ് അടച്ച് സ്‌കൂള്‍ പൂട്ടുന്നത് ജീവനക്കാരാണ്. സര്‍ക്കാരിന്റെ കീഴിലും സ്‌കൂള്‍ മാനേജര്‍മാരുടെ കീഴിലുമുള്ള ജീവനക്കാരാണ് ഈ കര്‍മം നിര്‍വഹിക്കുക. വിദ്യാര്‍ഥികളൊക്കെ അവധിയില്‍ പ്രവേശിക്കുമ്പോഴും സ്‌കൂളുകള്‍ തുറക്കാറുണ്ട്. അവധി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാത്രമേയുള്ളൂ. പ്രധാന അധ്യാപകനും ജീവനക്കാര്‍ക്കും അവധിയില്ല. പരീക്ഷ, ഫലപ്രഖ്യാപനം, കുട്ടികളെ പ്രവേശിപ്പിക്കല്‍, നിയമനം, സ്‌കൂള്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങി നൂറുകൂട്ടം പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂള്‍ തുറന്നുവയ്ക്കണം. ഇപ്പോള്‍ തുറന്നുവച്ച ബാറുകള്‍ പൂട്ടി എന്നു പറയുന്നതുപോലെയാണ് തുറന്നുവയ്ക്കുന്ന സ്‌കൂളുകള്‍ പൂട്ടി എന്നു പറയുന്നതും.
കാലം മാറി, കഥയും മാറി. ഇപ്പോള്‍ സ്‌കൂളുകള്‍ പൂട്ടുന്നത് ബഹു. കോടതിയാണ്. തുറക്കുന്നത് സര്‍ക്കാരും! വിദ്യാര്‍ഥികളുടെ മഹാഭാഗ്യം! രക്ഷിതാക്കള്‍ക്കാണെങ്കില്‍ ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പവറും പത്രാസും ഇരട്ടിയായി.
സാക്ഷരകേരളത്തില്‍ സ്‌കൂളുകള്‍ക്ക് പൊതുവില്‍ ക്ഷാമം അനുഭവപ്പെട്ടിട്ടില്ല. ഏക്കര്‍കണക്കിനു ഭൂമിയിലാണ് സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും സ്‌കൂളുകള്‍ നിലനില്‍ക്കുന്നത്. പണ്ടുകാലം മുതല്‍ സ്‌കൂളുകള്‍ക്ക് ആവശ്യാനുസരണം സ്ഥലം അനുവദിക്കപ്പെട്ടിരുന്നു. സ്വകാര്യമേഖലയിലെ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ശമ്പളം കൊടുക്കാന്‍ തുടങ്ങിയതോടെ സ്‌കൂളുകള്‍ വന്‍ വ്യവസായമായി വളര്‍ന്നു.
പല സ്‌കൂള്‍കച്ചവടക്കാരും മതസംഘടനകളുടെയും രാഷ്ട്രീയസംഘടനകളുടെയും സ്വാധീനവലയത്തിലായി. സര്‍ക്കാരുകളെപ്പോലും നിയന്ത്രിക്കുന്ന ശക്തിയായി സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ മാറി. സ്വകാര്യ സ്‌കൂള്‍ നിയമനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തുനിഞ്ഞാല്‍ സര്‍ക്കാര്‍ തന്നെ ഇല്ലാതാവും.
അധ്യാപക നിയമനത്തിനു കോഴ വാങ്ങി മാനേജ്‌മെന്റുകള്‍ തടിച്ചുകൊഴുത്തു. ഒരു എല്‍പി സ്‌കൂള്‍ അധ്യാപകന്റെ നിയമനത്തിനുള്ള കോഴ 20 ലക്ഷം രൂപ വരെയെത്തി. കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ അധ്യാപകരെ ഇഷ്ടംപോലെ നിയമിക്കാന്‍ കഴിയാതെയായി. ഒരാള്‍ പെന്‍ഷന്‍ പറ്റിയാലേ പുതിയ ആളെ നിയമിക്കാനാവൂ.
അങ്ങനെയാണ് സ്‌കൂള്‍കച്ചവടത്തേക്കാള്‍ സ്‌കൂളിന്റെ ഭൂമിക്കച്ചവടമാണ് ലാഭകരമെന്നു മാനേജ്‌മെന്റുകള്‍ക്കു മനസ്സിലായത്. ഒരു അധ്യാപകനിയമനത്തിന് 20 ലക്ഷം രൂപയാണെങ്കില്‍ ഒരു സെന്റ് ഭൂമിക്ക് 20 ലക്ഷത്തിലധികം തുക ലഭിക്കും. സ്‌കൂളുകളുടെ സ്ഥലംവില്‍പനയില്‍ കണ്ണുവച്ച് ഭൂമാഫിയകള്‍ ചുറ്റിലും കൂടി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള, ഒരു പ്രദേശത്തിനാകെ വെളിച്ചം പകര്‍ന്ന സ്വകാര്യ സ്‌കൂളുകള്‍ ഓരോന്നായി പൂട്ടാനും സ്ഥലം വില്‍ക്കാനും വില്‍പന നടന്ന സ്ഥലങ്ങളില്‍ കൂറ്റന്‍ ഫഌറ്റുകള്‍ ഉയരാനും തുടങ്ങി. മാറിമാറിവന്ന സര്‍ക്കാരുകള്‍ കുട്ടികളോടും ജനങ്ങളോടും കൂറും പ്രതിബദ്ധതയും ഉള്ളതുകൊണ്ട് ഈ വില്‍പനയെ നന്നായി പ്രോല്‍സാഹിപ്പിച്ചു. സംസ്ഥാനത്തൊട്ടാകെ 1,420 സ്വകാര്യ സ്‌കൂളുകള്‍ പൂട്ടാനായി നല്ലനേരം കാത്തിരിക്കുകയാണത്രെ. സമീപകാലത്ത് ഒന്നു രണ്ട് സ്‌കൂളുകള്‍ പൂട്ടുമ്പോള്‍ സമരങ്ങളും പ്രതിരോധങ്ങളുമായി സമീപവാസികള്‍ രംഗത്തെത്തിയതാണ് ഇപ്പോഴത്തെ പ്രശ്‌നം.
സ്‌കൂളുകള്‍ പൂട്ടുന്നതിനെതിരേ സത്യസന്ധരായ പൊതുപ്രവര്‍ത്തകരുടെയും വിപ്ലവകാരികളുടെയും രാഷ്ട്രീയക്കാരുടെയും ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും സര്‍ക്കാരിന്റെ തന്നെയും രക്തം തിളയ്ക്കുന്നു. മാധ്യമങ്ങള്‍ ഓവര്‍ടൈം പണിയെടുക്കുന്നു. ഉറങ്ങിക്കിടക്കുന്ന ജനങ്ങളെ ഇളക്കിമറിക്കാന്‍ ചാനലുകള്‍ പ്രത്യേകം ശ്രദ്ധചെലുത്തുന്നു. ഇവരൊക്കെ ഇത്രയുംകാലം എവിടെയായിരുന്നു എന്നു ആരും ചോദിച്ചുപോവരുത്. ചോദ്യവും ഉത്തരവും അസുഖകരമാണ്. സ്‌കൂളുകള്‍ പൂട്ടുന്നതിനെതിരേ നയവും നിയമനിര്‍മാണവും കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് പുതിയ സര്‍ക്കാര്‍. ബഹു. കോടതി മുഖേന പൂട്ടുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കാനാണു സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. അങ്ങനെയാണെങ്കില്‍ 1,420 സ്‌കൂളുകളും ഏറ്റെടുക്കേണ്ടിവരും. കോടാനുകോടി രൂപ ഇതിനു വേണ്ടിവരുകയും ചെയ്യും.
ഏറ്റെടുക്കുന്ന സ്‌കൂളുകളില്‍ പഠിക്കാന്‍ കുട്ടികള്‍ ഉണ്ടോ എന്നത് അന്വേഷണവിഷയമായിട്ടില്ല. പൂട്ടാന്‍ ഒരുങ്ങുന്ന സ്‌കൂളുകളില്‍ മിക്കതിലും ഓരോ ക്ലാസിലും പത്തില്‍ താഴെയാണു കുട്ടികള്‍! സ്വകാര്യ സ്‌കൂളുകള്‍ പൂട്ടുന്നതില്‍ പൊട്ടിക്കരയുന്നവര്‍ തൊട്ടടുത്ത സര്‍ക്കാര്‍ സ്‌കൂളുകള്‍ കുട്ടികള്‍ തീരെ ഇല്ലാതെ പ്രവര്‍ത്തനം നിലച്ചുപോവുന്നത് കാണാതെ പോവുന്നു. നല്ല കെട്ടിടങ്ങളും സൗകര്യങ്ങളും ഇല്ലാതെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ശോചനീയമായ നിലയില്‍ കഴിയുമ്പോഴാണു സ്വകാര്യ സ്‌കൂളുകള്‍ പൊന്നുംവിലയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ജനകീയ സര്‍ക്കാരിന്റെ നയം സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ സ്വകാര്യ സ്‌കൂള്‍ പൊന്‍കുഞ്ഞും സര്‍ക്കാര്‍ മണ്‍കുഞ്ഞുമാണെന്നു വ്യക്തമാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക