|    Feb 26 Sun, 2017 8:57 am
FLASH NEWS

കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണം: ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍

Published : 25th November 2016 | Posted By: SMR

കോട്ടയം: കോടതി്ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ അറിയുന്നതിന് പാര്‍ലമെന്റിലും നിയമസഭയിലും എന്ന പോലെ തല്‍സമയ പ്രക്ഷേപണം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. അറിയാനുള്ള അവകാശവും കോടതികളും എന്ന വിഷയത്തില്‍ ദര്‍ശന പുസ്തകമേളയോടനുബന്ധിച്ചു നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത് തുറന്ന കോടതികളുടെ കാലമാണ്. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതു തന്നെയാണ്. എന്നാല്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നിലവിലുള്ള തര്‍ക്കത്തെക്കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ലെന്ന് ജസ്റ്റിസ് പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ കോടതിയില്‍ നടക്കുന്ന പലകാര്യങ്ങളും ജനങ്ങള്‍ അറിയാനിടയായാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടാനിടയുണ്ട്.  ജനങ്ങളോട് ബാധ്യതപ്പെട്ട എല്ലാ പൊതുസ്ഥാപനങ്ങളിലും എന്തു നടക്കുന്നു എന്നറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ രാജ്യത്ത് നിലവിലുള്ള അറിയാനുള്ള നിയമം അഞ്ച് ശതമാനം ആളുകള്‍ക്ക് പോലും പ്രയോജനപ്പെടുന്നില്ല. അതുകൊണ്ട് അറിയാനുള്ള നിയമം അറിയിക്കാനുള്ള അവകാശമായി പാര്‍ലമെന്റ് തിരുത്തിയെഴുതണം. ജനങ്ങളെ ബാധിക്കുന്ന ഒട്ടനവധി കേസുകള്‍ ദിവസവും കോടതിയിലെത്തുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയക്കാര്‍ക്കെതിരായ കേസുകളിലും ചില ക്രൈം കേസുകളിലും മാത്രമേ മാധ്യമങ്ങള്‍ വാര്‍ത്ത റിപോര്‍ട്ടു ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുള്ളൂവെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
മാടവനബാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. എ ജയശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. ഹൈക്കോടതി വാര്‍ത്ത റിപോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമ ബിരുദവും സുപ്രിംകോടതിയിലും ഹൈക്കോടതിയിലും അഞ്ച് വര്‍ഷത്തെ പരിചയവും വേണമെന്നുള്ള  ഹൈക്കോടതി തീരുമാനം അങ്ങേയറ്റം അപഹാസ്യമാണെന്ന് ജയശങ്കര്‍ പറഞ്ഞു.
വര്‍ണ വിവേചന കാലത്തെ അമേരിക്കയിലെ ജിം ക്രോ നിയമങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഈ നടപടി. കോടതികളിലിപ്പോള്‍ ജനാധിപത്യമല്ല, ജഡ്ജ്യാധിപത്യമാണുള്ളത്. ആനപ്പുറത്തിരിക്കുന്നവന് നായയെ പേടിക്കേണ്ട എന്ന മാനസികാവസ്ഥയിലാണ് ചില ജഡ്ജിമാര്‍. ജഡ്ജിമാരുടെ അമിതാധികാരപ്രവണതയാണ് സമീപകാലത്ത് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വിലക്കില്‍ ഒളിഞ്ഞിരിക്കുന്നതെന്നും ജയശങ്കര്‍ പറഞ്ഞു.
മീഡിയ അക്കാദമി മുന്‍ചെയര്‍മാന്‍ സെര്‍ജി ആന്റണി, കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ് മനോജ്, തേക്കിന്‍കാട് ജോസഫ്, ചെറുകര സണ്ണി ലൂക്കോസ്  സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക