|    Nov 13 Tue, 2018 9:41 pm
FLASH NEWS

കോടതി ജങ്ഷനിലെ സമാന്തര റോഡ് തുറന്നുകൊടുക്കാനായില്ല

Published : 4th August 2018 | Posted By: kasim kzm

ചാലക്കുടി: കോടതി ജങ്ഷനിലെ ഗതാഗത തടസ്സം പുനരാരംഭിക്കാനായി യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം ആരംഭിച്ച ബദല്‍ റോഡ് ഇനിയും തുറന്ന് കൊടുക്കാനായില്ല. കോടതി ജങ്ഷനിലെ അടിപ്പാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ ഭാഗത്താണ് സമാന്തര റോഡ് നിര്‍മിക്കുന്നത്. സമാന്തര റോഡിലൂടെ വാഹനങ്ങള്‍ കടത്തിവിട്ട് ഗതാഗതം സാധാരണ ഗതിയിലാക്കുകയാണ് ലക്ഷ്യം.
എന്നാല്‍ സമാന്തര റോഡിന്റെ നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. റോഡിന് വീതി ലഭിക്കാനായി ഇവിടെയുണ്ടായിരുന്ന മീഡിയന്‍ നീക്കം ചെയ്തിട്ടുണ്ട്. ആ സ്ഥലം കൂടി റോഡിനായി ഉപയോഗപ്പെടുത്തുന്നതോടെ വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ കടന്നുപോവാനുള്ള സൗകര്യമുണ്ടാവും. മെറ്റല്‍ മിശ്രിതം നിരത്തി റോളര്‍ ഉപയോഗിച്ച് ഉറപ്പിച്ചാണ് പുതിയ റോഡ് സജ്ജമാക്കുന്നത്. ഈ പ്രവര്‍ത്തികളെല്ലാം അവസാനഘട്ടത്തിലാണ്. മണ്ണിടിഞ്ഞ ഭാഗത്ത് പാറപ്പൊടി നിറച്ച ചാക്കുകള്‍ നിരത്തി ഉറപ്പ് വരുത്തിയിട്ടുണ്ട്. മണ്ണൂത്തി-ചാലക്കുടി ലൈനിലെ രണ്ടുവരിപാത ഉപയോഗപ്പെടുത്തിയാണ് ഇപ്പോള്‍ ചാലക്കുടി ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങള്‍ കടത്തിവിടുന്നത്. കോടതി ജങ്ഷനില്‍ നിന്ന് മണ്ണൂത്തിചാലക്കുടി ലൈനിലെ രണ്ടുവരി പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ പോട്ട സിഗ്‌നലിന് ശേഷം വീണ്ടും തൃശൂര്‍ ഭാഗത്തേക്കുള്ള രണ്ടുവരി ലൈനില്‍ പ്രവേശിക്കുന്ന തരത്തിലാണ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്.
പുതിയ സംവിധനം വഴി ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നഗരസഭ ജങ്ഷന്‍ അടച്ചു. ഇവിടത്തെ സിഗ്‌നല്‍ സംവിധാനം നിര്‍ത്തലാക്കുകയും വാഹനങ്ങള്‍ ദേശീയപാത മുറിച്ച് കടക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. താല്‍കാലിക റോഡ് ഒരുക്കുന്നുണ്ടെങ്കിലും റോഡിന്റെ ഉറപ്പ് സംബന്ധിച്ച് ഇപ്പോഴും ആശങ്കയുണ്ട്. ബദല്‍ റോഡിലൂടെ ഭാരമേറിയ വാഹനങ്ങള്‍ നിരന്തരമായി കടന്നുപോവുമ്പോള്‍ വീണ്ടും റോഡ് ഇടിയുമെന്നാണ് ആശങ്ക. സമാന്തര റോഡ് തുറന്ന് കൊടുത്താല്‍ മാത്രമെ നാലുവരിപാതയിലെ വാഹനഗതാഗതക്കുരുക്കിന് പരിഹാരമാവൂ. രാവിലെയും രാത്രിയിലും നാലുവരിപാതയില്‍ വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്. ഡിവൈല്‍ മേല്‍പാലം വരെ നീണ്ടു നിന്ന ഗതാഗതക്കുരുക്കാണ് കഴിഞ്ഞ ദിവസം രാത്രി അനുഭവപ്പെട്ടത്.
കഴിഞ്ഞ മാര്‍ച്ച് 18നാണ് കോടതി ജങ്ഷനില്‍ അടിപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്. 250 പ്രവൃത്തി ദിവസങ്ങള്‍ കൊണ്ട് അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതി. നാലുവരിപാതി നിര്‍മിച്ച കെഎംസി കമ്പനിക്കാണ് നിര്‍മാണ ചുമതല. കമ്പനി പല പണികളും ഉപകരാറുകാരെ കൊണ്ടാണ് ചെയ്യിക്കുന്നത്. അടിപ്പാത നിര്‍മാണവും ഉപകരാറുകാരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ള ഉപകരാറു കമ്പനിയും കെഎംസി കമ്പനിയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അടിപ്പാത നിര്‍മാണം നിലച്ചു. തുടര്‍ന്ന് ബി ഡി ദേവസ്സി എംഎല്‍എ ഇടപെട്ട് മന്ത്രിതലത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍മാണം നിലച്ച അടിപ്പാതയുടെ നിര്‍മാണം പുനരാരംഭിക്കാന്‍ തീരുമാനമായത്.
എന്നാല്‍ പ്രവൃത്തികള്‍ ആരംഭിച്ച് രണ്ടാഴ്ച പിന്നിടും മുമ്പേ നിര്‍മാണം വീണ്ടും നിലച്ചു. ദേശീയപാതയുടെ പടി. ഭാഗത്തെ സര്‍വീസ് റോഡ് താഴ്ത്തുന്ന പ്രവൃത്തികളാണ് തുടങ്ങിവച്ചത്. ഇതേതുടര്‍ന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം ഒറ്റവരിയാക്കി നിയന്ത്രിച്ചിരിക്കുകയും ചെയ്തു. ഇതിനിടെയാണ് മണ്ണിടിഞ്ഞ് ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടത്. 21 മീറ്റര്‍ വീതിയിലും 5.5 അഞ്ച് മീറ്റര്‍ ഉയരത്തിലുമുള്ളതാണ് അടിപ്പാത. അപ്രോച്ച് റോഡടക്കം 850 മീറ്റര്‍ നീളമുണ്ടാവും. അടിപ്പാതയുടെ ഇരുഭാഗത്തും ഒരു മീറ്റര്‍ വീതിയിലുള്ള ഡ്രൈനേജും ഒന്നര മീറ്റര്‍ വീതിയിലുള്ള നടപ്പാതയും ഒരുക്കും. അടിപ്പാതക്ക് നടുവിലായി രണ്ടുമീറ്റര്‍ വീതിയില്‍ മീഡിയനും സ്ഥാപിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss