|    Dec 12 Tue, 2017 8:23 am

കോടതി ജങ്ഷനിലെ അടിപ്പാത നിര്‍മാണം; ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിശോധിച്ചു

Published : 22nd July 2016 | Posted By: SMR

ചാലക്കുടി: കോടതി ജങ്ഷനില്‍ അടിപ്പാത നിര്‍മിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളും ദേശീയപാത അധികൃതരും നിര്‍മാണ കമ്പനിയായ കെഎംസി കമ്പനി പ്രതിനിധികളും കോടതി ജങ്ഷനിലെത്തി പരിശോധന നടത്തി. കോടതി ജങ്ഷനില്‍ ആറ് മീറ്റര്‍ വീതിയിലും അഞ്ചര മീറ്റര്‍ വരെ ആഴത്തിലുമാണ് അടിപ്പാത നിര്‍മിക്കുന്നത്.
അടിപ്പാതയുടെ ഇരുഭാഗത്ത് നിന്നും സര്‍വീസ് റോഡിലേക്ക് പ്രവേശിക്കാനുള്ള സൗകര്യവും ഒരുക്കും. അടിപ്പാത നിര്‍മാണത്തിനായി ഇരുവശങ്ങളിലേയും മിനി സിവില്‍ സ്റ്റേഷന്‍, ഇറിഗേഷന്‍ ഓഫിസ് കൊംപൗണ്ടുകള്‍ എന്നിവടങ്ങളില്‍ നില്‍ക്കുന്ന വൈദ്യുതി കാലുകള്‍ നീക്കം ചെയ്യണം. ഇതിനായി വൈദ്യുതി വകുപ്പിന് കത്ത് നല്‍കിയതായും ഇവര്‍ അറിയിച്ചു. രണ്ടാഴ്ചക്കുള്ളില്‍ നിര്‍മാണം ആരംഭിക്കാനാണ് പദ്ധതി. മൂന്ന് മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കും. അടിപ്പാത പൂര്‍ത്തിയായാലും മുനിസിപ്പല്‍ ജങ്ഷനിലെ സിഗ്നല്‍ സംവിധാനം നിലനിര്‍ത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മുനിസിപ്പല്‍ ജങ്ഷനിലെ ഗതാഗതകുരുക്കും അപകടങ്ങളും ഒഴിവാക്കാന്‍ കോടതി ജങ്ഷനില്‍ അടിപ്പാത വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അടിപ്പാത നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ചാലക്കുടിക്കാരുടെ ചിരകാലസ്വപ്‌നമാണ് പൂവണിയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടിപ്പാത നിര്‍മാണം പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. കോടതി ജങ്ഷനി ല്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ബിഡി ദേവസ്സി എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ദേശിയപാത നിര്‍മാണ കമ്പനി അധികൃതരേയും ജനപ്രതിനിധികളേയും തിരുവനന്തപുരത്ത് വിളിച്ച് വരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് കോടതി ജങ്ഷനില്‍ അടിപ്പാത നിര്‍മിക്കാനുള്ള തീരുമാനമായത്.
നിര്‍മാണ കമ്പനി ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി ഡി ദേവസ്സി എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പന്‍, കൗണ്‍സിലര്‍മാരായ വി ജെ ജോജി, യു വി മാര്‍ട്ടിന്‍, കെ വി പോള്‍, ബിജു എസ് ചിറയത്ത് തുടങ്ങിയവരും കഴിഞ്ഞ ദിവസം കോടതി ജങ്ഷനിലെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക