|    May 27 Sat, 2017 11:59 am
FLASH NEWS

കോടതി കെട്ടിട സമുച്ചയ നിര്‍മാണത്തിന് അരങ്ങൊരുങ്ങി

Published : 1st October 2016 | Posted By: Abbasali tf

മഞ്ചേരി: ആധുനിക കോടതി കെട്ടിട സമുച്ചയ നിര്‍മാണത്തിന് അരങ്ങൊരുങ്ങി. നിലവിലെ കോടതി വളപ്പില്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചാണ് ആറു നിലയിലുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഇതിന് മുന്നോടിയായി മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലിലെ താല്‍ക്കാലിക സംവിധാനത്തിലേക്കു മാറ്റി. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പ്രവര്‍ത്തനവും കെട്ടിടങ്ങള്‍ പൊളിക്കുന്നതിനായി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലിലേക്ക് മാറ്റും. നിലവിലുള്ള ഫര്‍ണീച്ചറുകള്‍ സഹിതമാണ് മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലിലെ താത്ക്കാലിക സംവിധാനത്തിലേക്ക് മാറ്റിയിരിക്കുന്നത്. ടെന്‍ഡര്‍ ക്ഷണിച്ച് കരാറുറപ്പിച്ചാണ് ഫര്‍ണീച്ചറുകളും മറ്റ് രേഖകളുമെല്ലാം കോടതി കോംപ്ലക്‌സില്‍ നിന്നും മാറ്റിയിരിക്കുന്നത്. ബസ് ടെര്‍മിനലിലെ രണ്ട്്, മൂന്ന്്,17 നമ്പര്‍ മുറികളും രണ്ടാം നിലയിലെ 11-ാം നമ്പര്‍ ഹാളും കോടതി പ്രവര്‍ത്തനത്തിനായി നഗരസഭ വിട്ടു നല്‍കിയിരുന്നു. ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ മാറ്റവും ഉടനുണ്ടാകും. ഇതോടെ നിര്‍ദ്ദിഷ്ട കോര്‍ട്ട് കോംപ്ലക്‌സ് നിര്‍മാണത്തിന്റെ ആദ്യ ഘട്ടങ്ങള്‍ ആരംഭിക്കാനാകും. 14.89 കോടി രൂപ ചെലവിലാണ് ആറു നില കെട്ടിടം കോടതി വളപ്പില്‍ നിര്‍മിക്കുന്നത്. ഇതിനായി മൂന്നാം അതിവേഗ കോടതിയും ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളും തൊണ്ടിമുതലുകളുടെ സ്റ്റോര്‍, കാര്‍പാര്‍ക്കിംഗ് ഷെഡ്ഡ് എന്നവയും പൊളിച്ചുമാറ്റും. എല്‍ ആകൃതിയിലുള്ള ആധുനിക കെട്ടിട സമുച്ചയത്തിലേക്ക് മഞ്ചേരിയിലെ എല്ലാ കോടതികളുടേയും പ്രവര്‍ത്തനം മാറ്റാനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. കോടതികളിലെ സ്ഥലപരിമിതിയും തൊണ്ടി മുതലുകളുമടക്കം സൂക്ഷിക്കാനുള്ള പ്രയാസങ്ങളും ഇതോടെ പരിഹരിക്കപ്പെടും. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോടതികള്‍ക്കും സ്വന്തം സൗകര്യങ്ങള്‍ ലഭ്യമാകുമെന്നതും ആശ്വാസമാണ്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള സിജെഎം കോടതി കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പഴയ കെട്ടിടം പുരാവസ്തു വകുപ്പ് പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ കെട്ടിടം സംരക്ഷിക്കേണ്ടതായി വന്നു. തുടര്‍ന്നാണ് പഴയ കെട്ടിടം നിലനിര്‍ത്തി തന്നെ പുതിയ സമുച്ചയം നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പദ്ധതിയിട്ടത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ പത്തിലധികം കോടതികളും ഒരു കുടക്കീഴിലാകും. കോടതിയിലെത്തുന്നവര്‍ക്കും വിശ്രമത്തിനും മറ്റും വേണ്ട സൗകര്യങ്ങളും യഥേഷ്ടമാകും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day