|    Dec 10 Mon, 2018 9:30 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോടതി ഉത്തരവ് ലംഘനം തുടര്‍ക്കഥയാവുന്നു; സര്‍ക്കാരും പോലിസും നോക്കുകുത്തി

Published : 3rd December 2018 | Posted By: kasim kzm

കെ പി റയീസ്

വടകര: പൊതുനിരത്തിലെ അനധികൃത പരസ്യപ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ലംഘനം തുടര്‍ക്കഥയാവുന്നു. ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഉത്തരവിന് പുല്ലുവില കല്‍പ്പിക്കുന്ന രീതിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിമര്‍ശനം നടത്തിയിട്ടും ലംഘനം തുടരുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം.
ഒക്ടോബര്‍ 23നായിരുന്നു സംസ്ഥാനത്തെ പൊതുനിരത്തിലെ പരസ്യ പ്രചാരണ ബോര്‍ഡുകള്‍, ഫഌക്‌സുകള്‍, കൊടികള്‍ എന്നിവ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഒക്ടോബര്‍ 30നകം നീക്കം ചെയ്യണമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞത്. എന്നാല്‍, പൊതുസ്ഥാപനങ്ങളുടെ പരസ്യ ബോര്‍ഡുകള്‍ക്ക് നിയന്ത്രണം വന്നിട്ടുണ്ടെങ്കിലും സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ളവര്‍ക്ക് ഉത്തരവ് ബാധകമല്ലെന്ന രീതിയില്‍ ലംഘനം തുടരുകയാണ്. ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷം നവംബര്‍ 13ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
രണ്ടു ഘട്ടങ്ങളിലായി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഇതു തടയുന്നതില്‍ സര്‍ക്കാരും പോലിസും കൃത്യമായ നടപടിയെടുക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരിക്കുകയാണ്. അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് അനുമതി വാങ്ങി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നിരക്ക് അടച്ചാല്‍ മാത്രമെ പൊതുനിരത്തുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, പല സ്ഥലങ്ങളില്‍ നിന്നും ഇത്തരം ബോര്‍ഡ് സ്ഥാപിക്കാനുള്ള അനുമതികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വാങ്ങുന്നില്ല. ഇങ്ങനെ അനുമതിയില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിച്ചത് കണ്ടു തദ്ദേശസ്ഥാപനം നോട്ടീസ് നല്‍കിയാല്‍, നോട്ടീസ് കൈപ്പറ്റാന്‍ പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവുന്നില്ലെന്നു മാത്രമല്ല ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുകയും ചെയ്യുന്നത്. ഇതു തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരെ പ്രയാസത്തിലാക്കുകയാണ്.
സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ ഇപ്പോഴുമുണ്ട്. ഇതു നീക്കം ചെയ്യുന്നതിന് പാര്‍ട്ടികള്‍ തടസ്സം നില്‍ക്കുകയാണ്. ഈ ബോര്‍ഡുകളൊക്കെ തന്നെ സ്വന്തം ഉയര്‍ച്ചയ്ക്കു വേണ്ടിയാണ് സ്ഥാപിച്ചിരിക്കുന്നതെന്നും അല്ലാതെ സംസ്ഥാനത്തിന്റെ താല്‍പര്യത്തിനല്ലെന്നും കോടതി പരാമര്‍ശം നടത്തിയിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ കൂടാനാണ് സാധ്യത. ഇതു മുന്നില്‍ കണ്ടാണ് രണ്ടാം തവണയും ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ പരാമര്‍ശം നടത്തിയത്. ഈ ഉത്തരവ് നടപ്പാക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി സംവദിക്കണമെങ്കില്‍ പോലിസ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരുടെ ഇടപെടല്‍ അനിവാര്യമാണെന്നു കണ്ടെത്തുകയും ചെയ്തു. അതേസമയം, ഇത്തരത്തിലുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സംസ്ഥാന സെക്രട്ടറിമാര്‍ പൊതു ഉത്തരവ് ഇറക്കുന്നുണ്ടെങ്കിലും ഇതെല്ലാം മറ്റുള്ളവര്‍ക്ക് മാതൃകയാക്കേണ്ടതും തീര്‍പ്പ് കല്‍പ്പിക്കേണ്ടതുമായ സംസ്ഥാനം ഭരിക്കുന്നതുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തന്നെ എതിര്‍പ്പ് കാണിക്കുകയാണ് ചെയ്യുന്നത്.
അനുവാദമില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരേ പോലിസ് ആക്റ്റും ഐപിസി ആക്റ്റും ഉപയോഗിച്ച് കേസെടുക്കുന്നതിന്റെ സാധ്യതയെ കുറിച്ച് ചീഫ് സെക്രട്ടറിയും ഡിജിപിയും പരിശോധിക്കണം. അതുകൊണ്ട് ഈ രണ്ടുപേരെയും കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷനെയും കേസില്‍ കക്ഷിചേര്‍ക്കണമെന്നും കോടതി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, പോലിസ് ഇത്തരം നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്. പല പരിപാടികളിലും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നീക്കം ചെയ്യണമെന്ന കാര്യം പോലിസുമായി ബന്ധപ്പെടുമ്പോള്‍ തദ്ദേശസ്ഥാപനങ്ങളുടെ മേലില്‍ ചാര്‍ത്തി ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തിനു സമാനമായി പോലിസും രംഗത്തിറങ്ങിയാലെ ഉത്തരവ് കൃത്യമായി നടപ്പാക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍ പറയുന്നത്.
ആലപ്പുഴ ജില്ലയിലെ സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്കാ ചര്‍ച്ചിനു മുന്നില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റാത്ത അധികൃതരുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി പൊതുതാല്‍പര്യ ഹരജിയായി പരിഗണിച്ചത്. ഈ കേസ് പരിഗണിക്കുന്നതിനിടെ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പൊതുസ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞെങ്കിലും അതിനേക്കാള്‍ പതിന്‍മടങ്ങുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ മുഴുവനായി നീക്കം ചെയ്യാന്‍ ഇതേവരെ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss