|    Jul 25 Tue, 2017 2:33 pm
FLASH NEWS

കോടതി ഉത്തരവില്‍ ഷാപ്പ് സ്ഥാപിക്കുവാന്‍ കൊണ്ടുവന്നത് രേഖയില്ലാത്ത മദ്യമെന്ന് പരാതി; നാട്ടുകാര്‍ തടഞ്ഞു

Published : 18th October 2016 | Posted By: Abbasali tf

കരുനാഗപ്പള്ളി: ഏറെക്കാലമായി ജനകീയസമരത്താല്‍ തുറന്നുപ്രവര്‍ത്തിക്കുവാന്‍ കഴിയാതിരിക്കുന്ന കുലശേഖരപുരം പുന്നക്കുളത്തുള്ള ടി എസ് നമ്പര്‍ 30 എന്ന മദ്യഷാപ്പ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലിസ് സംരക്ഷണത്തോടുകൂടി തുറന്നുപ്രവര്‍ത്തിക്കുവാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കൊണ്ടുവന്നത് രേഖയില്ലാത്ത മദ്യമാണെന്ന് കാട്ടി നാട്ടുകാര്‍ തടഞ്ഞതിന്റെ ഫലമായാണ് ഷാപ്പ് തുറക്കുവാന്‍ കഴിയാതിരുന്നത്. കഴിഞ്ഞ  മൂന്നുമാസമായി ഇവിടെ ഷാപ്പ് വരുന്നതിനെതിരായി ജനകീയസമിതിയുടെ നേതൃത്വത്തില്‍ പന്തല്‍കെട്ടി റിലേ സമരങ്ങള്‍ നടത്തിവരികയായിരുന്നു. ഇതിനെതുടര്‍ന്ന് ഷാപ്പ് കോണ്‍ട്രാക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ച് പോലിസ് സംരക്ഷണത്തിനുള്ള ഉത്തരവ് നേടിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം കരുനാഗപ്പള്ളി എസ്‌ഐയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം സ്ഥലത്തെത്തി ഷാപ്പ് തുറക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ടി എസ് നമ്പര്‍ 30 എന്ന ഷാപ്പ് പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ നിയമനടപടികളൊന്നും എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും നേടിയിട്ടില്ലെന്നും ഷാപ്പ് തുറക്കുവാന്‍വേണ്ടി കൊണ്ടുവന്നിരിക്കുന്ന മദ്യം വ്യാജമാണെന്നും സമരക്കാര്‍ക്ക് വിവരം ലഭിച്ചതിനെതുടര്‍ന്ന് സമരസമിതി ജനകീയ പ്രതിരോധം തീര്‍ക്കുകയും എക്‌സൈസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് എസ്‌ഐയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹം കരുനാഗപ്പള്ളിയില്‍ നിന്നും എക്‌സൈസ് സംഘത്തെ വിളിച്ചുവരുത്തി നടത്തിയ അന്വേഷണത്തില്‍ സമരക്കാരുന്നയിച്ചത് സത്യസന്ധമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് സംഘം ഷാപ്പ് തുറക്കുവാനുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തിവെച്ച് സംഭവസ്ഥലത്തുനിന്നും പോയി. തുടര്‍ന്ന്  ഇവിടെ കൊണ്ടുവന്ന മദ്യം തിരിച്ചുകൊണ്ടുപോകാന്‍ കോണ്‍ട്രാക്ടര്‍മാര്‍ ശ്രമിച്ചത് സമരക്കാര്‍ തടഞ്ഞു. എക്‌സൈസ് സംഘം ഈ മദ്യം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഈ സമയം ഷാപ്പ് കോണ്‍ട്രാക്ടര്‍മാരോടൊപ്പം വന്നവര്‍ സമരപ്പന്തലില്‍ ഇരുന്ന സ്ത്രീകളെ അക്രമിച്ചതായി  സമരസമിതി കണ്‍വീനര്‍ കെഎസ് പുരം സുധീര്‍ ആരോപിച്ചു. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ കൃഷ്ണകുമാര്‍ , ഗ്രാമപ്പഞ്ചായത്തംഗം സുദര്‍ശന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കന്‍മാരായ മേനോന്‍, ആദിനാട് മജീദ്, നിസ്സാം, വിശ്വംഭരന്‍ എന്നിവര്‍ സ്ഥലത്തെത്തി വ്യാജകള്ള് കൊണ്ടുവന്നവര്‍ക്കെതിരെയും സമരപ്പന്തലില്‍ ഇരുന്ന സ്ത്രീകളെ അക്രമിച്ചവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കാനാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതിയും നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക