|    Feb 19 Sun, 2017 8:09 pm
FLASH NEWS

കോടതി ഇടനാഴിയില്‍ വച്ച്‌പോലും ലൈംഗിക അതിക്രമത്തിന് ഇര ആയെന്ന് അഭിഭാഷക

Published : 7th November 2016 | Posted By: SMR

indira-jaising

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ ഇടനാഴിയില്‍ വച്ചുപോലും താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ഇന്ത്യയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ്. നിയമമേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ വൃത്തികെട്ട രഹസ്യമാണെന്നും ഇന്ത്യയിലെ ആദ്യ വനിതാ സോളിസിറ്റര്‍ ജനറല്‍ കൂടിയായ അവര്‍ പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അവര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരക്കേറിയ ഇടനാഴികയില്‍ വച്ചാണ് ഒരു അഭിഭാഷകന്‍ തന്നോട് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയത്. തിരക്കിലാണെങ്കിലും ഒരാള്‍ അബദ്ധത്തില്‍ അങ്ങനെ ചെയ്യുന്നതും മനപ്പൂര്‍വം ചെയ്യുന്നതും വേര്‍തിരിച്ചു മനസ്സിലാക്കാനാവും. ഞാന്‍ പരാതി കൊടുക്കാനൊന്നും പോയില്ല. എന്നാല്‍, അവനെ ഞാന്‍ അവിടെത്തന്നെ പിടിച്ചുനിര്‍ത്തി കൈകാര്യം ചെയ്തു. ഇത്തരക്കാരെ കൈകാര്യം ചെയ്യാന്‍ ഏറ്റവും നല്ല വഴി അതാണെന്ന് ഞാന്‍ കരുതി. എന്റെ ജോലിയിലെ സീനിയോറിറ്റിയും പ്രായക്കൂടുതലുമൊന്നും ഇങ്ങനെ പെരുമാറാതിരിക്കാന്‍ അയാള്‍ക്ക് കാരണമായില്ല. ഇന്ദിരാ ജയ്‌സിങ് പറഞ്ഞു.
ഒരു വനിതാ അഭിഭാഷകയ്ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റിയ അന്തരീക്ഷമല്ല കോടതികളിലുള്ളത്. അതുകൊണ്ട് സ്തീകള്‍ ഈ മേഖല ഉപേക്ഷിച്ച് പോവുകയാണ് പതിവ്. അഭിഭാഷകരിലും ജഡ്ജിമാരിലുമുണ്ട് ഈ പ്രശ്‌നങ്ങള്‍. സഹ ജഡ്ജിയുടെ ലൈംഗിക അതിക്രമത്തിന് ഇരയായ ഒരു വനിതാ ജഡ്ജിയുടെ കേസാണ് ഇപ്പോള്‍ ഞാന്‍ വാദിക്കുന്നത്.
വനിതാ അഭിഭാഷകര്‍ മാത്രമല്ല; ജഡ്ജിമാരും ലൈംഗിക അതിക്രമത്തിന് ഇരയാവുന്നു. ഇത്തരത്തില്‍ എല്ലാവര്‍ക്കും അറിയാവുന്ന രണ്ടു സംഭവങ്ങള്‍ സുപ്രിംകോടതിയില്‍തന്നെ ഉണ്ടായിട്ടുണ്ട്. സുപ്രിംകോടതി ജഡ്ജിമാരുടെ അവസ്ഥ തന്നെ ഇതാണെങ്കില്‍ ഇതിന്റെ ആഴം എത്രത്തോളമാവുമെന്ന് ചിന്തിക്കാന്‍പോലും കഴിയുന്നില്ല. ആ പെണ്ണ് അക്രമോല്‍സുകതയുള്ളവളാണ് എന്നാണ് എന്റെ ആണുങ്ങളായ സഹപ്രവര്‍ത്തകര്‍ എന്നെക്കുറിച്ച് പറയാറ്. എന്നെ ആ പെണ്ണ് എന്നാണ് പറയുക. പേര്‌പോലും പറയില്ല. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ ലൈംഗിക അതിക്രമത്തിന് ഇരയായാല്‍ അവരുടെ പരാതിയില്‍ നടപടിയുണ്ടാക്കുക സര്‍ക്കാരിന്റെ ചുമതലയാണ്. എന്നാല്‍, ഒരു അഭിഭാഷക സ്വയം തൊഴില്‍വിഭാഗത്തിലാണ് വരിക. അത് സംഘടിതമല്ലാത്ത മേഖല പോലെയാണ്. ജൂനിയര്‍ അഭിഭാഷക മുതിര്‍ന്ന അഭിഭാഷകനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഒരു തൊഴിലാളിക്കുള്ള സുരക്ഷാകവചം അവിടെ ലഭിക്കുന്നില്ല. കോടതികളിലും പുരുഷാധിപത്യമാണുള്ളതെന്നും ഇന്ദിരാജയ്‌സിങ് പറഞ്ഞു. കോടതിയില്‍ പുരുഷ അഭിഭാഷകര്‍ക്കാണ് ആദ്യം വാദത്തിന് അവസരം കിട്ടുക. ജഡ്ജിമാര്‍പോലും സ്ത്രീ-പുരുഷ സമത്വം അംഗീകരിക്കാന്‍ മടിക്കുന്നു. മേല്‍ക്കോടതികളിലും സാഹചര്യം വ്യത്യസ്തമല്ല. പുരുഷ അഭിഭാഷകരുടെ രക്ഷാകര്‍തൃത്വമില്ലാതെ വനിതാ അഭിഭാഷകയ്ക്ക് നിലനില്‍ക്കാന്‍ കഴിയില്ലെന്ന സാഹചര്യം നിര്‍ഭാഗ്യകരമാണ് -ഇന്ദിര കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 306 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക