|    Mar 27 Mon, 2017 10:11 pm
FLASH NEWS

കോടതിവളപ്പില്‍ ആരെയും തടയാന്‍ അഭിഭാഷകര്‍ക്ക് അധികാരമില്ല: മന്ത്രി

Published : 6th September 2016 | Posted By: SMR

ആലപ്പുഴ: കോടതിവളപ്പില്‍ ആരെയും തടയാന്‍ അഭിഭാഷകര്‍ക്കു അധികാരമില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റിയുടെയും പ്രസ്‌ക്ലബിന്റെയും ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ ആലപ്പുഴ നഗരചത്വരത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകരെ ജോലിചെയ്യുന്നതില്‍നിന്ന് തടസ്സപ്പെടുത്തുന്നത് നിയമപരമായും ധാര്‍മികമായും ശരിയല്ല. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം ഉന്നത കേന്ദ്രങ്ങളില്‍ ചര്‍ച്ച നടത്തി പരിഹരിക്കണം.
കോടതിവളപ്പ് ജഡ്ജിയുടെ അധികാരപരിധിയിലുള്ള സ്ഥലമാണ്. അവിടെ അഭിഭാഷകര്‍ പത്രപ്രവര്‍ത്തകരെ തടയുന്നതു ശരിയല്ല. സമൂഹത്തിന്റെ ഭരണഘടനാവകാശങ്ങളെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ ഇഷ്ടമില്ലാത്തവരെ ആക്രമിക്കുന്നതും ഭൂഷണമല്ല. അഭിഭാഷകര്‍ കൂടുതല്‍ സംയമനം പാലിക്കണം. രാജാവ് കഴിക്കുന്ന ആഹാരമെന്തെന്നു നോക്കാന്‍ വരെ അവകാശമുള്ളവരാണു മാധ്യമപ്രവര്‍ത്തകര്‍. പത്രപ്രവര്‍ത്തകരെ ആക്രമിക്കുന്നത് സിവില്‍ സൊസൈറ്റിക്കു ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കെ സി വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തി. വാര്‍ത്താശേഖരണത്തിനു മാധ്യമപ്രവര്‍ത്തകര്‍ക്കു തടസ്സമുണ്ടാവുന്നത് ജനാധിപത്യത്തിനു തന്നെ ആഘാതമാവുമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ നടപടിക ള്‍ സ്വീകരിച്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളൊഴിവാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ഹൈക്കോടതി കുറ്റകരമായ അനാസ്ഥയാണു കാട്ടുന്നതെന്ന് പരിപാടിയില്‍ വിശദീകരണം നല്‍കിയ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍ പറഞ്ഞു. കേരളത്തില്‍ നടക്കുന്നത് അഭിഭാഷക ആക്ടിവിസവും ജൂഡീഷ്യല്‍ ഇന്‍ ആക്ടിവിസവുമാണ്. വിഷയത്തില്‍ കേരളത്തിലെ നീതിന്യായകോടതികള്‍ മൗനം വെടിയണം.
യൂനിയന്‍ ജില്ലാ പ്രസിഡന്റ് വി എസ് ഉമേഷ് അധ്യക്ഷത വഹിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day