|    Oct 24 Wed, 2018 8:49 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

കോടതിയുടെ സമയത്തിനു വിലയുണ്ടോ?

Published : 22nd September 2017 | Posted By: fsq

നമ്മുടെ ഹൈക്കോടതിയില്‍ പതിനായിരക്കണക്കിന് കേസുകളാണു കെട്ടിക്കിടക്കുന്നത്. വര്‍ഷങ്ങളോളം പഴക്കമുള്ള കേസുകള്‍ ഇക്കൂട്ടത്തിലുണ്ട്. കേസുകളില്‍ തീര്‍പ്പുകല്‍പിക്കുന്നതിനു മുമ്പ് വാദികളും പ്രതികളും അന്ത്യശ്വാസം വലിച്ച സംഭവങ്ങളും ഉണ്ട്. പ്രമാദമായ പല കേസുകളുടെയും തീര്‍പ്പിനെപ്പറ്റി ഒരു നിശ്ചയവുമില്ല. അനന്തമായി കേസുകള്‍ നീണ്ടുപോവുന്നു. ഇതര ഹൈക്കോടതികളിലും സുപ്രിംകോടതിയിലും ഇതുപോലെ കേസുകള്‍ കെട്ടിക്കിടക്കുന്നു എന്ന ഏക സമാധാനമേ ഇതിനു പറയാനുള്ളൂ. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള പല കര്‍മപദ്ധതികളും സുപ്രിംകോടതി ഓരോ കാലത്തും ആസൂത്രണം ചെയ്യാറുണ്ട്. അതൊന്നും പ്രായോഗികതലത്തില്‍ നടപ്പാവാറില്ല. കേസുകളുടെ എണ്ണപ്പെരുപ്പംകൊണ്ട് കോടതികള്‍ വീര്‍പ്പുമുട്ടുകയാണ്. ന്യായാധിപന്മാരുടെ ഒഴിവുകള്‍ നികത്തപ്പെടാത്തത്, കോടതികള്‍ക്ക് സൗകര്യപ്രദമായ കെട്ടിടങ്ങള്‍ ലഭിക്കാത്തത്, സര്‍ക്കാര്‍ അഭിഭാഷകരുടെ ഒഴിവുകള്‍ തുടങ്ങി അനവധി കാരണങ്ങള്‍ ഇതിനു നിരത്തിവയ്ക്കാനുമുണ്ട്. നീതി വൈകുന്നത് പരിഷ്‌കൃതസമൂഹത്തിന് ഒട്ടും യോജിച്ചതല്ല എന്ന വിമര്‍ശനങ്ങളും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. കോടതി നടപടികളുടെ നവീകരണത്തിനായുള്ള ചര്‍ച്ചകളും സെമിനാറുകളും പല ഭാഗങ്ങളിലും അരങ്ങേറാറുമുണ്ട്. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ഈ കേസുകളില്‍ അകപ്പെട്ടിട്ടുണ്ട്. ശുദ്ധവായു ലഭിക്കാത്തത്, ശുദ്ധജലം കിട്ടാത്തത്, മാലിന്യപ്രശ്‌നങ്ങള്‍, വിവിധങ്ങളായ ആരോഗ്യപ്രശ്‌നങ്ങള്‍, വിദ്യാഭ്യാസപ്രശ്‌നങ്ങള്‍, പാര്‍പ്പിടപ്രശ്‌നങ്ങള്‍ ഇങ്ങനെ ജനജീവിതത്തെ ബാധിക്കുന്ന അനേകം കേസുകള്‍ തീര്‍പ്പാവാതെ ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്നു. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഹൈക്കോടതി ബാലികേറാമലയാണ്. ഏതെങ്കിലും ഒരു കേസിനായി ഇവിടെ പോയിട്ടുള്ളവര്‍ക്കറിയാം ഇവിടത്തെ വിശേഷങ്ങള്‍. നേരിട്ട് അനുഭവിക്കാതെ, വാക്കുകള്‍കൊണ്ട് പറഞ്ഞാല്‍ അതിന്റെ ഗൗരവം വേണ്ടത്ര ഉള്‍ക്കൊള്ളാനാവില്ല. പൊതുവിഷയമായാലും സ്വകാര്യ വിഷയമായാലും കുടുംബ വിഷയമായാലും ഒരു ഹരജി സമര്‍പ്പിക്കാനും അത് രജിസ്റ്റര്‍ ചെയ്യാനും അത് കോടതി മുമ്പാകെ പരിഗണിക്കാനുമുള്ള പ്രയാസം അനുഭവിച്ചവര്‍ക്കു മാത്രമേ അറിയൂ. അഴിമതിക്കെതിരേയുള്ള ഏഴ് കേസുകള്‍ ഹൈക്കോടതിയില്‍ നടത്തിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ പരമു സ്വന്തമായി ചില നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഒന്ന്, നല്ല അഭിഭാഷകനെ വച്ച് ഹൈക്കോടതിയില്‍ കേസ് നടത്താന്‍ മടിശ്ശീലയ്ക്ക് നല്ല കനം വേണം. രണ്ട്, കേസ് നടത്തുന്നവന്‍ ഭൂമിയോളം ക്ഷമിക്കാന്‍ കഴിവുള്ളവനായിരിക്കണം. മൂന്ന്, വേറെ പണിയും കുടുംബവും ഇല്ലാത്തവനായിരിക്കണം. നാല്, ന്യായാധിപന്മാരുടെ വായില്‍ നിന്ന് എന്തും കേള്‍ക്കാനുള്ള സഹനശക്തി വേണം. ഇനിയും പലതും ഉണ്ടെങ്കിലും മേല്‍പ്പറഞ്ഞ നാലു കാര്യങ്ങളില്‍ മുറുകെ പിടിച്ചാലേ ഹൈക്കോടതിയില്‍ പോവാന്‍ കഴിയൂ. ഇങ്ങനെയുള്ള ഹൈക്കോടതിയിലാണു സിനിമാനടന്‍ ദിലീപിനു വേണ്ടി മൂന്നാമതും ജാമ്യഹരജി സമര്‍പ്പിക്കുന്നത്. തലേദിവസം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യഹരജി തള്ളിയതാണ്. പിറ്റേ ദിവസം രാവിലെ 12 മണിയോടെയാണ് ഹൈക്കോടതിയില്‍ മിന്നല്‍വേഗത്തില്‍ ഹരജി സമര്‍പ്പിക്കുന്നത്. ഒന്നരമണിക്കൂറിനുശേഷം ഹരജി കോടതി പരിഗണിക്കുന്നു. രണ്ടു തവണ ജാമ്യഹരജി തള്ളിയ അതേ ന്യായാധിപന്റെ മുമ്പാകെ തന്നെ. വീണ്ടും ഹരജിയുമായി വന്നത് എന്തിനെന്നു ജഡ്ജി ചോദിക്കുന്നു. ഹരജിക്കാരനു വേണ്ടി വക്കീല്‍ എഴുന്നേല്‍ക്കുന്നു. അതു കോടതി തടയുന്നു. പ്രോസിക്യൂഷനു വേണ്ടി സര്‍ക്കാര്‍ അഭിഭാഷകര്‍ എഴുന്നേല്‍ക്കുന്നു. കോടതി അതു കേള്‍ക്കുന്നു. കേസ് സപ്തംബര്‍ 26ലേക്കു നീട്ടുന്നു. മാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും നല്ല കോള് കിട്ടുകയും ചെയ്തു. കോടതിയുടെ വിലപ്പെട്ട സമയം ഇതിനു വേണ്ടി പോവുന്നു എന്ന ഒരു പരാതിയും ആരും പറഞ്ഞില്ല. ഈ അവസരത്തില്‍ ദിലീപിനു ജാമ്യം കിട്ടുകയില്ലെന്നു നിയമത്തില്‍ സാമാന്യ വിവരമുള്ളവര്‍ക്കൊക്കെ അറിയാവുന്നതാണ്. കൂട്ടബലാല്‍സംഗവും ഗൂഢാലോചനയും ഉള്‍പ്പെടെ 20 വര്‍ഷത്തിലധികം ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിന്റെ പേരില്‍ ചുമത്തിയത്. മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും രണ്ടുതവണ ജാമ്യഹരജി തള്ളി. പുതിയ സാഹചര്യങ്ങളൊന്നും ഉണ്ടാവാതെ വീണ്ടും ഹരജിയുമായി കോടതി കയറുന്നത് പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ചര്‍ച്ചയാവുക എന്ന ഉദ്ദേശ്യത്താലാണ്. അതില്‍ അവര്‍ വിജയിക്കുകയുമുണ്ടായി. എന്തുകൊണ്ടാണ് കോടതിക്ക് ഇതു മനസ്സിലാവാത്തത്? പതിനായിരക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഹരജി ഇത്ര വേഗത്തില്‍ എന്തുകൊണ്ടാണു പരിഗണിച്ചത്? കോടതിയുടെ വിലപ്പെട്ട സമയം എന്തിനു നഷ്ടപ്പെടുത്തി? ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്. പക്ഷേ, ചോദിക്കാന്‍ ആരുമില്ല. അതുകൊണ്ട് കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചതിനു നഷ്ടപരിഹാരം വാങ്ങാന്‍ കോടതി തയ്യാറാവണം. പൗരജനങ്ങള്‍ക്ക് ഹൈക്കോടതിയോടുള്ള ബഹുമാനം നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss