|    Dec 11 Mon, 2017 10:41 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വീണ്ടും അഭിഭാഷകരുടെ കൈയേറ്റം

Published : 15th October 2016 | Posted By: SMR

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ചീഫ്ജസ്റ്റിസിന്റെയും നിര്‍ദേശം അവഗണിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ കൈയേറ്റം. റിപോര്‍ട്ടിങിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ഒരു സംഘം അഭിഭാഷകര്‍ ഭീഷണി മുഴക്കിയും ബലം പ്രയോഗിച്ചും കോടതിമുറിക്കുള്ളില്‍ നിന്ന് ഇറക്കിവിട്ടു. പോലിസും ബാര്‍ അസോസിയേഷന്‍ പ്രതിനിധികളും നോക്കിനില്‍ക്കേ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
മാധ്യമപ്രവര്‍ത്തകര്‍ കോടതിമുറി വിട്ടിറങ്ങിയതോടെ അഭിഭാഷകര്‍ മാധ്യമവാഹനങ്ങള്‍ക്കു നേരെ കല്ലെറിയുകയും കോടതിയിലെ മീഡിയാ റൂമിന്റെ ബോര്‍ഡ് അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇ പി ജയരാജനെതിരായ കേസ് പരിഗണിക്കവെ കോടതിമുറിക്ക് അകത്തു നില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് അഭിഭാഷകര്‍ ആക്രമിച്ചത്.
10 കേസുകളോളം വിജിലന്‍സ് കോടതി പരിഗണിച്ചപ്പോഴൊന്നും യാതൊരു പ്രശ്‌നവുമുണ്ടായില്ല. എന്നാല്‍, ജയരാജന്റെ കേസ് പരിഗണനയ്‌ക്കെടുത്തയുടനെ പുറത്തുനിന്ന് ഒരുകൂട്ടം അഭിഭാഷകര്‍ ഇരച്ചെത്തുകയും, എന്തു റിപോര്‍ട്ട് ചെയ്യാനാണ് ഇവിടെ നില്‍ക്കുന്നതെന്ന് ആക്രോശിച്ച് കൈയേറ്റത്തിനു ശ്രമിക്കുകയുമായിരുന്നു. പിടിഐ ലേഖകന്‍ ജെ രാമകൃഷ്ണന്റെ കോളറില്‍ കുത്തിപ്പിടിച്ച സംഘം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാത് നായരെയും മര്‍ദിച്ചു.
വിജിലന്‍സ് ജഡ്ജിയുടെ മുറിക്കു മുന്നില്‍ വച്ചായിരുന്നു സംഭവങ്ങള്‍. ആരാണ് കോടതിക്കകത്ത് ബഹളം വയ്ക്കുന്നതെന്നു ജഡ്ജി ചോദിച്ചു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ ജഡ്ജിയോട് സഹായം അഭ്യര്‍ഥിച്ചു. അപ്പോള്‍, ആരാണിവര്‍ക്ക് അധികാരം നല്‍കിയതെന്ന് ചോദിച്ച് ജഡ്ജി എ ബദ്‌റുദ്ദീന്‍ അഭിഭാഷകരെ ശാസിച്ച ശേഷം കേസിന്റെ തുടര്‍നടപടികളിലേക്കു കടന്നു.
ഇതുകൊണ്ടൊന്നും പിന്‍മാറാന്‍ അഭിഭാഷകര്‍ തയ്യാറായില്ല. കോടതിമുറിയില്‍ നിന്ന് ഇറങ്ങിയില്ലെങ്കില്‍ വനിതാ അഭിഭാഷകരെ കൊണ്ടുവന്നു വലിച്ചിറക്കുമെന്നായി ഭീഷണി. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ പോലിസിന്റെ സംരക്ഷണം തേടിയെങ്കിലും ‘ഇറങ്ങുന്നതാവും നല്ലതെ’ന്നായിരുന്നു അവരുടെയും നിലപാട്. തുടര്‍ന്ന് പോലിസ് വലയത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ കോടതിക്കു പുറത്തെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക