|    Jul 26 Wed, 2017 8:32 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്; ഗവര്‍ണര്‍ക്ക് സുധീരന്റെ കത്ത്

Published : 29th July 2016 | Posted By: SMR

തിരുവനന്തപുരം: കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടുന്ന വിലക്കൊഴിവാക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. കോടതികളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള അവകാശം പരിമിതപ്പെടുത്തുന്ന നടപടിയാണ്. നീതിന്യായനിര്‍വഹണത്തിന്റെ സുതാര്യതയെയും ഇത് ബാധിക്കാനിടയുണ്ട്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതില്‍ സംസ്ഥാന ഭരണകൂടവും മുഖ്യമന്ത്രിയും പരാജയപ്പെട്ടു. ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമായ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി നേരിട്ടിടപെട്ടിട്ടും പ്രയോജനമുണ്ടായില്ല. ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുകയാണ്.
പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മുഖ്യ വിവരാവകാശ കമ്മീഷണര്‍ എന്നിവരും ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍, മാധ്യമ സ്ഥാപനങ്ങളുടെയോ പത്രാധിപന്മാരുടെയോ പ്രതിനിധികള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി ഏവര്‍ക്കും സ്വീകാര്യമായ പൊതുധാരണയുണ്ടാക്കണം. മാധ്യമങ്ങളോട് പ്രതികരിക്കാതിരിക്കുന്ന മുഖ്യമന്ത്രിയുടെ രീതി ശരിയല്ല. മുഖ്യമന്തി സ്ഥാനത്തിരുന്ന് സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാതിരിക്കുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ലംഘിക്കലാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മാധ്യമങ്ങള്‍ക്കു കോടതികളില്‍ വിലക്കേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജനചര്‍ച്ചയ്ക്കു ശേഷവും മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ പ്രവേശിപ്പിക്കാത്ത നടപടിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് പിന്നീട് വിശദമായി പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. മാധ്യമങ്ങളില്‍നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ പ്രതികരണങ്ങള്‍ തേടുമ്പോള്‍ പിന്നീട് പറയാമെന്ന് പറയുന്നതാണ് പിണറായിയുടെ ശൈലി. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. തിരുവനന്തപുരത്തും എറണാകുളത്തും നടന്ന അക്രമങ്ങള്‍ പോലിസിന്റെ നിഷ്‌ക്രിയത്വമാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക