|    Jan 21 Sat, 2017 8:57 pm
FLASH NEWS

കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിഭാഷകരുടെ വിലക്ക്

Published : 28th July 2016 | Posted By: SMR

കൊല്ലം: ആട് ആന്റണി പ്രതിയായ മണിയന്‍പിള്ള കൊലപാതക കേസിന്റെ വിധി റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊല്ലം ബാര്‍ അസോസിയേഷനിലെ അഭിഭാഷകരുടെ വിലക്ക്. രാവിലെ ഒമ്പത് മുതല്‍ ജില്ലാ കോടതി സ്ഥിതി ചെയ്യുന്ന സിവില്‍ സ്‌റ്റേഷന് മുന്നില്‍ തമ്പടിച്ച നാല്‍പതോളം അഭിഭാഷകരാണ് മാധ്യമ പ്രവര്‍ത്തകരെ അകത്തേക്ക് കയറാന്‍ അനുവധിക്കാതെ റോഡില്‍ തടഞ്ഞത്. വിധി പറഞ്ഞ മൂന്ന് മണി സംഘം ചേര്‍ന്ന് വഴി തടഞ്ഞ അഭിഭാഷകര്‍ പൊതു ജനങ്ങള്‍ക്കും ബുദ്ദിമുട്ട് സൃഷ്ടിച്ചു.
മാധ്യമ പ്രവര്‍ത്തകരെ തടയുമെന്ന് കഴിഞ്ഞ ദിവസം അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലാ ജഡ്ജിയെ അറിയിച്ചിരുന്നു. സംഘര്‍ഷം ഒഴിവാക്കി ക്കൂടേയെന്ന ജഡ്ജിയുടെ പരാമര്‍ശത്തിന് അഭിഭാഷകരെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കാകില്ലെന്നായിരുന്നു അസോസിയേഷന്‍ ഭാരവാഹികളുടെ മറുപടി.
ഒടുവില്‍ പോലിസുമായി ബന്ധപ്പെട്ട ജഡ്ജി മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലിസ് കനത്ത സുരക്ഷയൊരുക്കുകയും മാധ്യമ പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ കയറാതെ റോഡില്‍ നിലയുറപ്പിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
വിലക്ക് സ്വാതന്ത്ര്യ നിഷേധം: കെയുഡബ്ല്യുജെ
തിരുവനന്തപുരം: കൊല്ലം ജില്ലാ കോടതി വളപ്പിലേക്ക് മാധ്യമപ്രവര്‍ത്തകരെ കടത്താതെ തടഞ്ഞുവച്ച അഭിഭാഷകസംഘത്തിന്റെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കെയുഡബ്ല്യുജെ കുറ്റപ്പെടുത്തി.
മൂക്കിന് താഴെ നടക്കുന്ന നടപടിക്കു മുന്നില്‍ കോടതി മൗനം പാലിക്കുന്നത് വിചിത്രമാണ്. കേരളത്തിലുടനീളം കോടതികളില്‍ അനുവദിക്കപ്പെട്ട മാധ്യമപ്രവര്‍ത്തനം അസാധ്യമാക്കാന്‍ അഭിഭാഷര്‍ക്ക് ആരാണ് അധികാരം കൊടുക്കുന്നത്. കോടതി പറയുന്നത് മനസ്സിലാക്കാം. കോടതി വിലക്കാത്ത സ്വാതന്ത്ര്യം അഭിഭാഷകര്‍ സംഘടിതമായി തടയുന്നത് നീതിപീഠവും കണ്ടില്ലെന്ന് നടിക്കുകയാണോ. കോടതിയില്‍ നടക്കുന്നത് എന്തെന്ന് മാധ്യമങ്ങളിലൂടെയല്ലാതെ സമൂഹം അറിയുന്നത് എങ്ങനെയാണ്.
മുഖ്യമന്ത്രി നല്‍കി ഉറപ്പിന് വിരുദ്ധമാണ് വക്കീലന്മാരുടെ നടപടി. ഇതിനോട് സാമൂഹിക രാഷ്ട്രീയ നേതൃത്വം മൗനം പാലിക്കരുത്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനു വേണ്ടി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഏതറ്റംവരെയും പോരാടുമെന്നും സംസ്ഥാന സമിതി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക