|    Jan 16 Mon, 2017 4:29 pm

കോടതിയിലെ മാധ്യമവിലക്ക്: ചീഫ് ജസ്റ്റിസിന് ഐപിഐയുടെ കത്ത്

Published : 23rd September 2016 | Posted By: SMR

കൊച്ചി: കേരളത്തിലെ കോടതികളിലെ നീതിനിര്‍വഹണ നടപടികള്‍ മാധ്യമങ്ങള്‍ക്കു സ്വതന്ത്രമായി റിപോര്‍ട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് (ഐപിഐ) ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കോടതികളില്‍ വാര്‍ത്താശേഖരണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് നീക്കണമെന്നും ആക്രമണഭീതിയില്ലാതെ കോടതികളിലെത്തി റിപോര്‍ട്ടിങ് നടത്താനാവുമെന്ന് ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ക്ക് പ്രസാധകരുടെയും എഡിറ്റര്‍മാരുടെയും പ്രമുഖ പത്രപ്രവര്‍ത്തകരുടെയും ആഗോള സംഘടനയായ ഐപിഐയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബാര്‍ബറ ട്രയന്‍ഫി അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കോടതിമുറികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിലക്കില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ കഴിഞ്ഞ ജൂലൈയില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് കോടതിമുറികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രവേശനം നിഷേധിച്ചത്. രണ്ടുമാസം പിന്നിട്ടിട്ടും നിലയില്‍ മാറ്റമുണ്ടായിട്ടില്ല.
നീതിന്യായനിര്‍വഹണ നടപടികള്‍ റിപോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കേണ്ടത് ജനാധിപത്യ വ്യവസ്ഥയില്‍ സുപ്രധാനമാണ്. കോടതി നടപടികള്‍ സുതാര്യവും കുറ്റമറ്റതുമാണെന്ന് ഉറപ്പിക്കാനായി ജനങ്ങള്‍ക്കുവേണ്ടി ജാഗരൂകരായി നിലകൊള്ളുക എന്ന മാധ്യമധര്‍മം നിര്‍വഹിക്കാന്‍ ഇത് അനിവാര്യമാണ്. ഹൈക്കോടതിയിലെ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ നല്‍കുന്ന വിവരങ്ങളെ മാത്രം മാധ്യമപ്രവര്‍ത്തകര്‍ ആശ്രയിക്കേണ്ടിവരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു പകരമാവില്ല ഇത്. സ്വതന്ത്രമായ നീതിന്യായ സംവിധാനവും സ്വതന്ത്രമായ മാധ്യമരംഗവും ജനാധിപത്യവ്യവസ്ഥയുടെ ഏറ്റവും പ്രധാനമായ രണ്ടു ഘടകങ്ങളാണ്. ഇവ രണ്ടും അഭംഗുരം സംരക്ഷിക്കപ്പെടേണ്ടതുമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി പിണറായി വിജയനും ഐപിഐ അയച്ചിട്ടുണ്ട്. കോടതിയില്‍ മാധ്യമപ്രവര്‍ത്തനം തടയരുതെന്ന് ആവശ്യപ്പെട്ടും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളെ അപലപിച്ചും ജൂലൈ 27നും ഐപിഐ വാര്‍ത്താക്കുറിപ്പ് പുറപ്പെടുവിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക