|    May 27 Sat, 2017 12:15 am
FLASH NEWS

കോടതിയിലെ അതിക്രമം; സ്ത്രീത്വത്തെ അപമാനിക്കല്‍: അഭിഭാഷകര്‍ക്കെതിരേ കേസ്

Published : 17th October 2016 | Posted By: SMR

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് എട്ട് അഭിഭാഷകര്‍ക്കെതിരേ കേസ്. വനിതാ മാധ്യമപ്രവര്‍ത്തകരായ സി പി അജിത, ജസ്റ്റീന തോമസ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് വഞ്ചിയൂര്‍ പോലിസ് കേസെടുത്തത്.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, സ്ത്രീത്വത്തെ അപമാനിച്ചു, സംഘം ചേര്‍ന്നു ഭീഷണിപ്പെടുത്തി, കോടതിക്കുള്ളില്‍ നിന്നിറക്കിവിട്ടു തുടങ്ങിയ വിശദമായ പരാതിയാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സിറ്റി പോലിസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനു നല്‍കിയത്. വിജിലന്‍സ് പ്രത്യേക കോടതിയില്‍ വെളളിയാഴ്ചയാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകരുടെ അതിക്രമം ഉണ്ടായത്. അന്നത്തെ അക്രമത്തിന്റെ അടിസ്ഥാനത്തില്‍ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി ഉള്‍െപ്പടെ പത്ത് അഭിഭാഷകര്‍ക്കെതിരേ വഞ്ചിയൂര്‍ പോലിസ് കേസെടുത്തിരുന്നു.
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ടര്‍ പ്രഭാത് നായര്‍ നല്‍കിയ കേസില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ സാക്ഷികളാക്കുകയാണ് ചെയ്തത്. സമാന സ്വഭാവമുള്ള സംഭവമായതിനാല്‍ ഒരു കേസ് മതിയെന്നായിരുന്നു പോലിസിന്റെ വാദം.
പോലിസിന്റെ നടപടിക്കെതിരേ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കേസെടുത്തത്. വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ ബദറുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു അഭിഭാഷകരുടെ അതിക്രമം.
സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പുറമെ ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജിക്കും ഗവര്‍ണര്‍ക്കും ഇവര്‍ പരാതി നല്‍കിയിരുന്നു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പരാതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറി. ഇതില്‍ തുടര്‍നടപടി വേണമെന്നും സംഭവം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചതായാണ് വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day