|    Jul 24 Mon, 2017 8:23 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കോടതികളിലെ മാധ്യമ വിലക്ക് നഷ്ടം പൊതുസമൂഹത്തിന്: ഡോ. സെബാസ്റ്റിയന്‍ പോള്‍

Published : 13th October 2016 | Posted By: SMR

കോഴിക്കോട്: കോടതി റിപോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ നഷ്ടം പൊതുസമൂഹത്തിന് മാത്രമായിരിക്കുമെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍. കെയുഡബ്ല്യൂജെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാലിക്കറ്റ് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച ഉയര്‍ത്തിപ്പിടിക്കുക മാധ്യമ സ്വാതന്ത്ര്യം ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടതി പ്രവര്‍ത്തനങ്ങളില്‍ സുതാര്യത നല്‍കുന്നത് പൊതുസമൂഹത്തിന്റെ നിരീക്ഷണമാണ്. ഇവിടെ സമൂഹത്തിന്റെ നിരീക്ഷണം ഉറപ്പുവരുത്തുന്നത് മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ ഇത് ഇല്ലാതാവും. സംസ്ഥാനത്ത് എന്തു നടക്കുന്നു എന്നത് അറിയാതാവും. ഒരു അഭിഭാഷകന്‍ സ്ത്രീയെ കടന്നു പിടിച്ച സംഭവം വാര്‍ത്തയായതോടയാണ് മാധ്യമങ്ങള്‍ക്ക് നേരെ അഭിഭാഷകര്‍ തിരിഞ്ഞത്.
അക്രമം നടത്തിയവര്‍ക്ക് മുതിര്‍ന്ന ചില ജഡ്ജിമാരുടെ പിന്തുണ ഉണ്ടെന്നുള്ളത് ഗൗരവകരമാണ്. കോടതിയില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് ലാഘവത്തോടെ കണ്ടാല്‍ സദാചാരവിരുദ്ധരെ സംരക്ഷിക്കപ്പെടുന്ന അവസ്ഥയാവും ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുതിര്‍ന്ന ഒരു ജസ്റ്റിസ് പ്രതികരിച്ചത് മാധ്യമപ്രകരില്ലാത്തതിനാല്‍ രണ്ടുമാസം സമാധാനം ഉണ്ടായിരുന്നു എന്നാണ്. ഒരു ഹൈക്കോടതി ജഡ്ജി പരസ്യമായി ഇങ്ങനെ പ്രതികരിച്ചത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. കോടതി റിപോര്‍ട്ടിങിനായി അഭിഭാഷകര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച നിര്‍ദേശങ്ങളും നിബന്ധനകളും അസ്വീകാര്യമാണ്.
മാധ്യമങ്ങളെ വാര്‍ത്താശേഖരണത്തില്‍ നിന്ന് വിലക്കാന്‍ അഭിഭാഷകര്‍ക്കോ ജഡ്ജുമാര്‍ക്കോ അധികാരമില്ല. അടിയന്തിരാവസ്ഥാ കാലത്ത് പോലും വാര്‍ത്താശേഖരണത്തിന് തടസ്സമില്ലായിരുന്നതായി അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍വരദൂര്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ അഡ്വ. പി എസ് ശ്രീധരന്‍പ്പിള്ള, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍ പി രാജേന്ദ്രന്‍, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍, കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി എന്‍ രാജേഷ്, ഖജാഞ്ചി വിപുല്‍ നാഥ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക