|    Nov 15 Thu, 2018 10:53 pm
FLASH NEWS
Home   >  Kerala   >  

കോച്ച് ഫാക്ടറി പ്രതിഷേധം: ഇപ്പോ വരാമെന്ന് പറഞ്ഞ് പോയ പ്രേമചന്ദ്രന്‍ എംപിയെ പിന്നെ കണ്ടില്ല, യുഡിഎഫ് നേതാക്കളുടേത് വഞ്ചനയുടെ കുറ്റബോധം- എംബി രാജേഷ്

Published : 2nd August 2018 | Posted By: sruthi srt

കോഴിക്കോട്: കോച്ച് ഫാക്ടറി പ്രശ്‌നനത്തില്‍ സംയുക്ത പ്രതിഷേധത്തില്‍ യുഡിഎഫ് എംപിമാര്‍ നടത്തിയ കള്ള നാടകത്തെ കുറിച്ച് തുറന്നടിച്ച് എംബി രാജേഷ്. അദ്ദേഹത്തിന്റെ വാക്കുകള്‍,

തങ്ങള്‍ എത്ര സത്യസന്ധതയില്ലാത്തവരാണെന്ന് കേരളത്തിലെ യുഡിഎഫ് എംപിമാര്‍ തെളിയിച്ചു. കോച്ച് ഫാക്ടറി പ്രശ്‌നമുന്നയിച്ച് പാര്‍ലമെന്റിന് മുന്നില്‍ യോജിച്ച പ്രതിഷേധം ഇന്നലെ സംഘടിപ്പിക്കാന്‍ നിശ്ചയിച്ചത് യുഡിഎഫ് എംപി.മാരുമായി ആലോചിച്ചാണ്. അവര്‍ സമ്മതമറിയിക്കുകയും ചെയ്തു. എന്നാല്‍ ഒരു മുന്നറിയിപ്പുമില്ലാതെ അവസാന നിമിഷം സംയുക്ത പ്രതിഷേധത്തില്‍ നിന്ന് അവര്‍ വിട്ടുനിന്നു. മാത്രമല്ല,പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ആവട്ടെ താനിപ്പോള്‍ വരാം എന്ന് പറഞ്ഞ് പാര്‍ലമെന്റിനകത്തേക്ക് പോയ ശേഷം പിന്നീട് വന്നതുമില്ല. കോണ്‍ഗ്രസ് എം.പി.മാര്‍ വിലക്കിയതാവണം. ഇന്നലെ സി.പി.എം ലോക്‌സഭാ നേതാവ് പി.കരുണാകരന്‍ കോണ്‍ഗ്രസ് ചീഫ് വിപ്പ് കെ.സി.വേണുഗോപാലുമായി സംസാരിച്ചാണ് ഇന്ന് സംയുക്ത പ്രതിഷേധം ആവാം എന്ന് നിശ്ചയിച്ചത്. പാലക്കാട് എം.പി. എന്ന നിലയില്‍ ഞാനും കെ.സി.വേണുഗോപാലടക്കം കഴിയാവുന്നത്ര യു.ഡി.എഫ്.എം.പി.മാരോടും സംസാരിച്ചിരുന്നു. രാവിലെ 10.30 ന് എത്താമെന്ന് അവരെല്ലാം സമ്മതിച്ചതുമാണ്. അതനുസരിച്ച് മാധ്യമങ്ങള്‍ക്കെല്ലാം അറിയിപ്പ് കൊടുത്തതും സംയുക്ത പ്രതിഷേധം എന്നായിരുന്നു.
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത കേരളത്തിലെ എം.പി.മാരുടെ സമ്മേളനത്തിന്റെ തീരുമാനമനുസരിച്ച് കൂടിയാണ് സംയുക്തപ്രതിഷേധം സംഘടിപ്പിച്ചത്.കോച്ച് ഫാക്ടറി വിഷയത്തില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നീങ്ങണമെന്നായിരുന്നു എം.പി.മാരുടെ സമ്മേളനത്തിന്റെ തീരുമാനം. മാത്രമല്ല, പ്രധാനമന്ത്രിയെ കണ്ട സര്‍വകക്ഷി സംഘത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് കോച്ച്ഫാക്ടറിയായിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റെയില്‍ഭവനു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ തങ്ങളെ വിളിച്ചില്ലെന്ന് പരിഭവം പറഞ്ഞവരാണിവര്‍. ഇപ്പോള്‍ ഉപചാരപൂര്‍വ്വം ക്ഷണിച്ചപ്പോഴുള്ള സ്ഥിതിയോ? ഇതിനുമുമ്പ്, മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ കോച്ച് ഫാക്ടറി ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിയെ കാണാന്‍ ഒരുമിച്ചു പോകാന്‍ ക്ഷണിച്ചപ്പോഴും യു.ഡി.എഫ്.എം.പി.മാര്‍ പിന്‍മാറുകയാണ് ചെയ്തിട്ടുള്ളത്. ഇന്നത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എന്തെങ്കിലും അസൗകര്യമോ എതിര്‍പ്പോ അവസാന നിമിഷം വരെ അവര്‍ അറിയിച്ചിരുന്നുമില്ല. പങ്കെടുക്കുമെന്ന് പറഞ്ഞ് വിട്ടുനിന്നതിനെ കൊടിയ വഞ്ചനയായി മാത്രമേ കാണാനാവൂ. അല്ലെങ്കിലും കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഏറ്റവുമധികം വഞ്ചന കാട്ടിയിട്ടുള്ളവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരുകളായിരുന്നല്ലോ. അതേ പാത പിന്തുടരുന്ന മോദി സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ ഇവര്‍ക്കെന്ത് ധാര്‍മ്മിക അവകാശം? യു.ഡി.എഫ്.എം.പി.മാര്‍ അവസാന നിമിഷം പിന്‍മാറിയത് കോച്ച് ഫാക്ടറി കാര്യത്തില്‍ തങ്ങള്‍ കാണിച്ച വഞ്ചനയുടെ കുറ്റബോധം കൊണ്ടാവാനെ തരമുള്ളൂ. പക്ഷേ, ഞങ്ങളെയാരും വിളിച്ചില്ല, ഞങ്ങളോടാരും പറഞ്ഞില്ല, ഞങ്ങളൊന്നുമറിഞ്ഞില്ല എന്നിനി മിണ്ടിപ്പോകരുത്. നിങ്ങള്‍ തനി വഞ്ചകരാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായിക്കഴിഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss