|    Oct 17 Wed, 2018 2:44 am
FLASH NEWS

കോച്ച് ഫാക്ടറി: അട്ടിമറി നീക്കത്തിനെതിരേ ജനകീയ പ്രക്ഷോഭം വേണം

Published : 4th December 2015 | Posted By: swapna en

പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ട് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ സിപിഐ ജില്ലാ നിര്‍വാഹകസമിതി യോഗം പ്രതിഷേധിച്ചു. റെയില്‍വേ വികസനത്തില്‍ കേരളത്തെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയവും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന അനാസ്ഥയും നിഷ്‌ക്രിയത്വവുമാണ് ഈ ദുര്‍ഗ്ഗതിക്ക് കാരണം. മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയും ജനപ്രതിനിധികളും അധികൃതരും പങ്കെടുത്ത് തറക്കല്ലിട്ടത് എന്തിന് വേണ്ടിയാണെന്ന് ബന്ധപ്പെട്ടവര്‍ ജനങ്ങളോട് വിശദീകരിക്കണം. സ്വകാര്യ പങ്കാളിയെ ലഭിക്കാത്തതുകൊണ്ട് പദ്ധതി ഉപേക്ഷിക്കുകയാണെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. പദ്ധതി നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത റെയില്‍വെ അധികൃതര്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ആക്ഷേപാര്‍ഹമാണ്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെല്ലാം കോച്ച് ഫാക്ടറികള്‍ സ്ഥാപിച്ചിട്ടുളളത് പൊതുമേഖലയില്‍ തന്നെയാണ്. ഇവിടെ മാത്രം സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന ഉത്തരവാദിത്വവും ബാധ്യതയും സംസ്ഥാന സര്‍ക്കാരിനെ അടിച്ചേല്‍പ്പിക്കുകയാണുണ്ടായത്. പ്രതികൂല ഘടകങ്ങള്‍ മറികടന്ന് ഭൂമി ഏറ്റെടുത്ത് മുന്‍ എല്‍ ഡിഎഫ് സര്‍ക്കാര്‍ ഏല്‍പ്പിച്ചതുമാണ്. ഇത്തരമൊരു പദ്ധതി നഷ്ടപ്പെടുന്നത് നീതീകരണമില്ലാത്ത ജനദ്രോഹവും വഞ്ചനയുമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍വേ നടത്തിയ കൊല്ലങ്കോട്-ഗുരുവായൂര്‍ റെയില്‍വേ ലൈന്‍ ഉപേക്ഷിച്ച സ്ഥിതിയിലുമാണ്. വാഗ്ദാനം ചെയ്ത റെയില്‍വേ ആശുപത്രിയുടെ വികസനവും ഒന്നും നടന്നിട്ടില്ല. അകത്തേത്തറ-നടക്കാവ് മേല്‍പ്പാലം നിര്‍മിക്കണമെന്ന ജനങ്ങളുടെ ആവശ്യവും പരിഗണിക്കുന്നില്ല. ഇങ്ങനെ റെയില്‍വെ വികസന പദ്ധതികളില്‍ നിന്ന് സംസ്ഥാനം ഒഴിവാക്കപ്പെടുകയും അവഗണിക്കുകയും ചെയ്യുന്നതിനെതിരെ സിപിഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തില്‍ കെ വി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സി.അംഗം വി ചാമുണ്ണി, സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍കുനിശ്ശേരി, ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, ടി സിദ്ധാര്‍ത്ഥന്‍, പി എം വാസുദേവന്‍, എ എസ് ശിവദാസ്, കെ കൃഷ്ണന്‍കുട്ടി, പി മണികണ്ഠന്‍, കെ സി ജയപാലന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss