|    Apr 23 Sun, 2017 9:25 pm

കൊഴിഞ്ഞുപോക്ക് തടയല്‍: നടപടികള്‍ ദ്രുതഗതിയില്‍

Published : 22nd October 2016 | Posted By: SMR

കല്‍പ്പറ്റ: ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള കര്‍മപദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ശരവേഗം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എസ്എസ്എ, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായാണ് കര്‍മപദ്ധതി നടപ്പാക്കുന്നത്. ഈ മാസം രണ്ടാംവാരം തുടര്‍ച്ചയായി അവധി വന്നതിനെ തുടര്‍ന്ന് പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ പലരും സ്‌കൂളിലേക്ക് വരാത്ത സാഹചര്യത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും ട്രൈബല്‍ പ്രമോട്ടര്‍മാരുടെയും അടിയന്തര യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഈ യോഗത്തിലാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനമായത്. കര്‍മപദ്ധതിയുടെ ഭാഗമായി അടിയന്തര ശ്രദ്ധപതിയേണ്ട ഊരുകളും ഊര് വിദ്യാകേന്ദ്രത്തിനുള്ള സ്ഥലവും നവംബര്‍ മൂന്നിനകം തിരഞ്ഞെടുക്കും. സ്‌കൂള്‍ ജാഗ്രതാ സമിതികളും ഊര് ജാഗ്രതാ സമിതികളും രൂപീകരിക്കും. ഊര് പഠനകേന്ദ്രം ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും.  പഞ്ചായത്തിലെ തനതു പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിക്കും. നവംബര്‍ 30നകം ഊര്, സ്‌കൂള്‍ ജാഗ്രതാ സമിതി അംഗങ്ങള്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ഊര് പഠനകേന്ദ്രം ഇന്‍സ്ട്രക്ടര്‍, പഞ്ചായത്ത് നിയോഗിച്ച പ്രവര്‍ത്തകര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ അംഗങ്ങളായി ബ്ലോക്ക് അടിസ്ഥാനത്തില്‍ റിസോഴ്‌സ് പൂള്‍ തയ്യാറാക്കും. പ്രമോട്ടര്‍മാര്‍, നോഡല്‍ ഓഫിസര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പ്രധാനാധ്യാപകര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍, ബിആര്‍സി ട്രെയിനര്‍, ഊര് ജാഗ്രതാ സമിതി, പഠനകേന്ദ്രം ഇന്‍സ്ട്രക്ടര്‍, ബിപിഒ എന്നിവര്‍ അംഗങ്ങളായി ബ്ലോക്ക്തല റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരിക്കും.ഇതുമായി ബന്ധപ്പെട്ട ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.  ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ കെ സുരേന്ദ്രന്‍, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, ഐടിഡിപി അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫിസര്‍ പി ഇസ്മായില്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്, എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ജി എന്‍ ബാബുരാജ്, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഒ പ്രമോദ്, പ്രോഗ്രാം ഓഫിസര്‍ എം ഒ സജി പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day