|    Aug 20 Mon, 2018 9:44 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊള്ളപ്പലിശ ഇടപാട്: തമിഴ് സംഘാംഗം അറസ്റ്റില്‍

Published : 11th August 2018 | Posted By: kasim kzm

കൊച്ചി: കേരളത്തിലും തമിഴ്‌നാട്ടിലും കൊള്ളപ്പലിശ ഇടപാടു നടത്തിവന്ന സംഘത്തില്‍പ്പെട്ട ഒരാള്‍ അറസ്റ്റില്‍.
തിരുനെല്‍വേലി സ്വദേശി ബാലശങ്കര(34)നെയാണ് കായംകുളത്തുനിന്ന് കൊച്ചി സിറ്റി പോലിസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 1,65,000 രൂപയും ഇടപാടുകാരുടെ ചെക്കുകളും മറ്റു രേഖകളും പിടിച്ചെടുത്തു. കായംകുളത്ത് റെയില്‍വേ സ്റ്റേഷനു സമീപം തുണിക്കച്ചവടക്കാര്‍ എന്ന വ്യാജേന ആഡംബര വീട് വാടകയ്‌ക്കെടുത്ത് കേരളത്തിലെ പലിശ ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിവരികയായിരുന്നു ഇയാള്‍. ഇയാളുടെ തമിഴ്‌നാട്ടിലെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് കോടിക്കണക്കിനു രൂപയാണ് കേരളത്തിലെ വന്‍കിടക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി 200ഓളം സ്ഥാപനങ്ങള്‍ക്ക് കോടിക്കണക്കിനു രൂപ കൊള്ളപ്പലിശയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. വന്‍കിട ആശുപത്രികള്‍, സ്‌കൂളുകള്‍, ജ്വല്ലറികള്‍, ടെക്സ്റ്റയി ല്‍ ഷോപ്പുകള്‍ തുടങ്ങിയവര്‍ക്ക് ഇവര്‍ വായ്പ നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് ചെന്നൈ സ്വദേശി മഹാരാജനാണ് ഈ സംഘത്തിന്റെ തലവന്‍. കഴിഞ്ഞ ജൂലൈ 21ന് മഹാരാജനെ ചെന്നൈയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നവഴി കോയമ്പത്തൂര്‍ കാണിയൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം മാരകായുധങ്ങളുമായി വന്ന 30ഓളം ആളുകള്‍ കേരള പോലിസ് സംഘത്തെ ആക്രമിച്ച് മഹാരാജനെ രക്ഷപ്പെടുത്തിക്കൊണ്ടുപോയിരുന്നു. ഇതേത്തുടര്‍ന്ന് കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെയുടെ മേല്‍നോട്ടത്തി ല്‍പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ പി സി സജീവന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കെതിരേ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. പോലിസിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ കരുമത്താംപെട്ടി പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.
കേരളത്തില്‍ നിന്നും തിരുനെല്‍വേലിയിലേക്ക് കടന്നുകളഞ്ഞ പ്രതി ബാലശങ്കരനെ കായംകുളത്ത് എത്തിയിട്ടുണ്ടെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സ്‌പെഷ്യല്‍ ടീം അംഗങ്ങളായ എസ്‌ഐ പ്രേംകുമാര്‍, എഎസ്‌ഐമാരായ ഹരികുമാര്‍, ജോസഫ്, മാര്‍ഷല്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഫ്രാന്‍സിസ്, മുഹമ്മദ് ലിഷാദ്, ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഒളിവില്‍ താമസിച്ചിരുന്ന പ്രതി ബാലശങ്കറിനെ കായംകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്.
പനമ്പിള്ളി നഗര്‍ സ്വദേശി ഫിലിപ്പ് ജേക്കബ്ബ് പലിശ സംഘത്തില്‍ നിന്നും വാങ്ങിയ 40 ലക്ഷം രൂപ പലിശ സഹിതം തിരികെ നല്‍കിയിട്ടും ഈടായി നല്‍കിയ ഒന്നരക്കോടി രൂപ വിലയുള്ള വോള്‍വോ കാറും ചെക്ക്‌ലീഫും മറ്റു രേഖകളും തിരികെ നല്‍കാതിരുന്നതിനെത്തുടര്‍ന്ന് പള്ളുരുത്തി പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഘത്തലവന്‍ മഹാരാജനും സഹോദരന്‍മാരായ സ്വാമിനാഥന്‍, ശിവസുബ്ബ, രാജഗോപാല്‍ എന്നിവര്‍ക്കായുള്ള അന്വേഷണം പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss