|    Dec 11 Mon, 2017 6:47 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കൊളീജിയം: ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നത് പുരോഗമിക്കുന്നെന്ന് ചീഫ്ജസ്റ്റിസ് നടപടിക്രമങ്ങളുടെ മാര്‍ഗരേഖ സര്‍ക്കാരിന് അയച്ചു

Published : 21st March 2017 | Posted By: fsq

ന്യൂഡല്‍ഹി: ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ മാര്‍ഗരേഖ (എംഒപി) തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് അയച്ചുവെന്ന്  ചീഫ്ജസ്റ്റിസ് ജെ എസ് ഖേഹാര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച്. കൊളീജിയം തയ്യാറാക്കിയ മാര്‍ഗരേഖ മാര്‍ച്ച് 14ന് കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടുണ്ടെന്ന് കോടതിക്കു പുറത്തു വച്ച് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയും വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ, കൊളീജിയവുമായി ബന്ധപ്പെട്ട 17 മാസം നീണ്ട അനിശ്ചിതത്വത്തിനും ജുഡീഷ്യറിയും കേന്ദ്രവുമായുള്ള ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കുമാണ് അവസാനമായിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് സുപ്രിംകോടതി കൊളീജിയം സംബന്ധിച്ച മാര്‍ഗരേഖയ്ക്ക് അന്തിമ രൂപം നല്‍കിയത്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി നിയമിക്കാന്‍ ഉദ്ദേശിക്കുന്ന ജഡ്ജിയുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് കൊളീജിയം എംഒപി തയ്യാറാക്കിയിരിക്കുന്നത്. എംഒപിക്ക് അന്തിമരൂപം നല്‍കാനായി ഇതിനകം ഏഴു യോഗങ്ങളാണ് കൊളീജിയം ചേര്‍ന്നത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നീ മുതിര്‍ന്ന ജഡ്ജിമാരാണ് കൊളീജിയത്തിലെ മറ്റംഗങ്ങള്‍. കൊളീജിയം രൂപീകരിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ തര്‍ക്കം തുടര്‍ന്നതിനാല്‍ ഉന്നത നീതിപീഠങ്ങളിലേക്കുള്ള ജഡ്ജിമാരെ നിയമിക്കുന്നതിനെ ബാധിച്ചിരുന്നു. ഇത് വൈകാതെ സര്‍ക്കാരും ജുഡീഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയും ചെയ്തു. ഇക്കാരണത്താ ല്‍ ഒരു വര്‍ഷത്തിലേറെയായി വിവിധ ഹൈക്കോടതികളില്‍ ഒഴിവുകളുള്ള ജഡ്ജിമാരുടെ ഒഴിവുകള്‍ കൂടാനും കാരണമായി. നിലവില്‍ രാജ്യത്തെ ഹൈക്കോടതികളില്‍ ആവശ്യത്തിനുള്ളതിന്റെ 60 ശതമാനം ജഡ്ജിമാരുടെ ഒഴിവുകളുണ്ട്. ജഡ്ജിമാരുടെ ഒഴിവു കാരണം വിവിധ ഹൈക്കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. അതിനിടെ. രാജ്യത്തെ ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്ന നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നുണ്ടെന്ന് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ജെ എസ് ഖേഹാര്‍ വ്യക്തമാക്കി. ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണം 25 ശതമാനം വര്‍ധിപ്പിക്കാന്‍ സുപ്രിംകോടതിയിലെ ഒരു മൂന്നംഗ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക