|    Jan 18 Wed, 2017 5:07 am
FLASH NEWS

കൊളീജിയം നടപടികള്‍ സുതാര്യമല്ലെന്ന് ആരോപണം; ജസ്റ്റിസ് ചെലമേശ്വറിനെ ശരിവച്ച് മുന്‍ ചീഫ്ജസ്റ്റിസുമാര്‍

Published : 5th September 2016 | Posted By: SMR

ന്യൂഡല്‍ഹി: സുപ്രിംകോടതി ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തിന്റെ നടപടികള്‍ സുതാര്യമല്ലെന്ന ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ ആരോപണം ശരിവച്ച് മൂന്നു മുന്‍ ചീഫ്ജസ്റ്റിസുമാര്‍. കെ ജി ബാലകൃഷ്ണന്‍, പി സദാശിവം, ആര്‍ എം ലോധ എന്നിവരാണ് കൊളീജിയം നടപടികള്‍ സുതാര്യമാക്കേണ്ടത് അനിവാര്യമാണെന്നു വ്യക്തമാക്കിയത്. തങ്ങളുടെ കാലത്ത് കൊളീജിയം അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായൈക്യം ഉണ്ടാക്കുന്നതിനു പ്രശ്‌നമില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന വ്യക്തിയുടെ എല്ലാ വിഷയങ്ങളും ഉള്‍ക്കൊണ്ടുള്ള തുറന്ന ചര്‍ച്ചയാണ് കൊളീജിയം നടത്തേണ്ടത്. അങ്ങനെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായൈക്യം ഉണ്ടായാല്‍ മാത്രമേ ആ വ്യക്തിയെ നിയമിക്കാന്‍ പാടുള്ളൂവെന്ന് സദാശിവം പറഞ്ഞു. അംഗങ്ങള്‍ക്കിടയില്‍ ഏകാഭിപ്രായം ഉണ്ടാക്കാന്‍ ചീഫ്ജസ്റ്റിസിനു കഴിയണമെന്ന് ആര്‍ എം ലോധ അഭിപ്രായപ്പെട്ടു. തന്റെ സംശയങ്ങള്‍ ചീഫ്ജസ്റ്റിസ് തീര്‍ത്തില്ലെന്ന ചെലമേശ്വറിന്റെ പരാമര്‍ശം ഗൗരവമുള്ളതാണെന്ന് കെ ജി ബാലകൃഷ്ണന്‍ പറഞ്ഞു.
കൊളീജിയം സംവിധാനത്തില്‍ മാറ്റമുണ്ടായാല്‍ മാത്രമേ താന്‍ യോഗത്തില്‍ പങ്കെടുക്കൂവെന്ന് ചെലമേശ്വര്‍ കഴിഞ്ഞ ദിവസം ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂറിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. സുതാര്യത ഇല്ലാത്തതിനാലാണ് കഴിഞ്ഞ യോഗം ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനും ഒഴിവാക്കുന്നതിനും കുറഞ്ഞത് അഞ്ചു കാരണമെങ്കിലും കൊളീജിയം വ്യക്തമാക്കണം. ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയാല്‍ യോഗത്തിനെത്തും. യോഗത്തിന്റെ മിനുട്‌സ് രേഖപ്പെടുത്തുന്നില്ല. രണ്ടംഗങ്ങള്‍ ചേര്‍ന്ന് ജഡ്ജിമാരുടെ പേരുകള്‍ തീരുമാനിക്കുകയും ശേഷം യോഗത്തില്‍ വന്ന് ഈ പേരുകള്‍ അംഗീകരിക്കുകയല്ലേ എന്ന് എല്ലാവരോടും ചോദിക്കുകയും അത് അംഗീകരിക്കുകയും ചെയ്യുന്ന രീതിയാണ് നടക്കുന്നതെന്നും ചെലമേശ്വര്‍ കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക