|    Mar 30 Thu, 2017 2:47 am
FLASH NEWS

കൊളംബിയ: സര്‍ക്കാരും ഫാര്‍ക്ക് വിമതരും സമാധാന കരാറിലെത്തി

Published : 26th August 2016 | Posted By: SMR

ബൊഗോട്ട: കൊളംബിയന്‍ സര്‍ക്കാരും ഫാര്‍ക്ക് വിമതരും സമാധാനക്കരാറില്‍ ഒപ്പുവച്ചു. അഞ്ചുവര്‍ഷമായി സര്‍ക്കാരും വിമതരും തമ്മില്‍ തുടരുന്ന ലക്ഷക്കണക്കിനുപേര്‍ കൊല്ലപ്പെടാനിടയായ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ചരിത്രപരമായ തീരുമാനമായാണു വിശേഷിപ്പിക്കപ്പെടുന്നത്. ക്യൂബയില്‍ നടന്ന നാലുവര്‍ഷത്തോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണു സര്‍ക്കാരും വിമതരും സമാധാനക്കരാറിലെത്തുന്നത്.
ബുധനാഴ്ച ഒപ്പുവച്ച അന്തിമ കരാറിന്റെ ഭാഗമായി ആയുധങ്ങള്‍ ഉപേക്ഷിക്കുമെന്നും സാധാരണ ജീവിതത്തിലേക്കു തിരിച്ചുപോവുമെന്നും വിമതര്‍ വ്യക്തമാക്കി. പൂര്‍ണവും ആധികാരികവുമായ കരാറില്‍ എത്തിച്ചേര്‍ന്നതായും സംഘര്‍ഷങ്ങള്‍ക്ക് അവസാനമായതായും കൊളംബിയന്‍ സര്‍ക്കാരും ഫാര്‍ക്ക് വിമതരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. സുസ്ഥിര സമാധാനത്തിന്റെ അന്തരീക്ഷം രൂപീകരിക്കുന്നതിനായി ശ്രമം ആരംഭിക്കുമെന്നും ക്യൂബന്‍ നയതന്ത്രജ്ഞന്‍ റൊഡോള്‍ഫോ ബെനിയെറ്റ്‌സ് പുറത്തുവിട്ട ഫാര്‍ക്-കൊളംബിയ സര്‍ക്കാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ക്യൂബന്‍ തലസ്ഥാനം ഹവാനയിലാണ് സമാധാന ചര്‍ച്ചകള്‍ നടന്നത്. സമാധാന കരാര്‍ ഒക്ടോബര്‍ രണ്ടിന് കൊളംബിയയില്‍ നടക്കുന്ന ഹിതപരിശോധനയില്‍ പരിഗണിക്കും. ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിരയായവര്‍ക്കു നീതി ലഭ്യമാക്കുക, ഭൂപരിഷ്‌കരണം, മുന്‍ വിമതരുടെ രാഷ്ട്രീയ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളാണു കരാറില്‍ പരിഗണിച്ചത്.
കരാര്‍ പ്രകാരം നിലവില്‍ കൊളംബിയയുടെ വനമേഖലകളില്‍ കഴിയുന്ന 7000ത്തോളം ഫാര്‍ക് വിമതര്‍ യുഎന്‍ നിയന്ത്രണത്തിലുള്ള നിരായുധീകരണ ക്യാംപിലേക്കു മാറും. സായുധസംഘടനയെന്ന നിലയില്‍ നിന്നു മാറി ഫാര്‍ക് രാട്രീയ കക്ഷിയാവും. ആയുധങ്ങള്‍ മ്യൂസിയങ്ങളിലേക്കു മാറ്റും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day