|    May 24 Thu, 2018 1:37 am
FLASH NEWS
Home   >  Sports  >  Cricket  >  

കൊല്‍ക്കത്ത െൈനറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍

Published : 19th May 2017 | Posted By: ev sports

കൊല്‍ക്കത്ത കീഴടക്കി മുംബൈ ഫൈനലില്‍…..ഫൈനല്‍ പോരില്‍ പൂനെ- മുംബൈ പോരാട്ടം പൊളിക്കും

ബംഗളൂരു: ബംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തെ മുംബൈയുടെ നീലപട്ടാളം ഉശിരന്‍ പ്രകടനം കാഴ്ചവയ്ച്ചപ്പോള്‍ തടസം നില്‍ക്കാന്‍ മഴയ്ക്കും തോന്നിയില്ല. മഴക്കാറുമൂടിയ മൈതാനത്തില്‍ മുംബൈയുടെ ചുണക്കുട്ടന്‍മാര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 18.5 ഓവറില്‍ 107 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടി ബാറ്റിങില്‍ 14.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് വിജയം കണ്ടു. ബൗളിങില്‍ കരണ്‍ ശര്‍മ മുംബൈയെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ(45*) ബാറ്റിങിലും മുംബൈയെ പടനയിച്ചു. 21 ന് നടക്കുന്ന ഫൈനലില്‍ പൂനെ സൂപ്പര്‍ജയന്റ്‌സാണ് മുംബൈയുടെ എതിരാളി.
യൂസഫ് പഠാനും ട്രന്റ് ബോള്‍ട്ടുമില്ലാതെ നിര്‍ണായക മല്‍സരത്തിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കത്തില്‍ തന്നെ പിഴച്ചു. വെടിക്കെട്ട് ഓപണര്‍ ക്രിസ് ലിനെ(4) രണ്ടാം ഓവറില്‍ തന്നെ ബൂംറ മടക്കിയത് കൊല്‍ക്കത്തയുടെ തകര്‍ച്ചയുടെ തുടക്കമായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ മുംബൈ ബൗളര്‍മാരെ കൊല്‍ക്കത്തന്‍ ബാറ്റിങ് നിരയെ പിടിച്ചുനിര്‍ത്തി. സുനില്‍ നരേയ്‌നും(10) റോബിന്‍ ഉത്തപ്പയും(1) അടുത്തടുത്ത് മടങ്ങിയതോടെ കൊല്‍ക്കത്ത സമ്മര്‍ദത്തിലായി. നരേയ്‌നെ കരണ്‍ ശര്‍മ മടക്കിയപ്പോള്‍ റോബിന്‍ ഉത്തപ്പയെ ബൂംറയും പുറത്താക്കി. കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയുടെ ശക്തി ഗൗതം ഗംഭീറും(12) കരണ്‍ ശര്‍മയ്ക്ക് മുന്നില്‍ വീണതോടെ കൊല്‍ക്കത്ത 6.5 ഓവറില്‍ നാല് വിക്കറ്റിന് 31 എന്ന നിലയിലേക്ക് തകര്‍ന്നു. മധ്യനിരയിലെ യൂസഫ് പഠാന്റെ അഭാവം നികത്താനെത്തിയ കോളിന്‍ ഡി ഗ്രാന്റ്‌ഹോം(0) അക്കൗണ്ട് തുറക്കും മുമ്പേ മടങ്ങിയതോടെ കൊല്‍ക്കത്ത വന്‍ തകര്‍ച്ചയെ മുന്നില്‍ കണ്ടു. എന്നാല്‍ ആറാം വിക്കറ്റിലൊത്തുചേര്‍ന്ന സൂര്യകുമാര്‍ യാദവും(31) ഇഷാങ്ക് ജാഗിയും(28) ചേര്‍ന്ന് നടത്തിയ നേരിയ ചെറുത്ത് നില്‍പ്പാണ് കൊല്‍ക്കത്തയെ 100 കടത്തിയത്. പീയൂഷ് ചൗളയേയും(2) നദാന്‍ കോള്‍ട്ടര്‍ നെയ്‌ലിനേയും(6) മിച്ചല്‍ ജോണ്‍സണ്‍ ഒരേ ഓവറില്‍ മടക്കി. കൊല്‍ക്കത്തയുടെ പ്രതീക്ഷ സൂര്യകുമാര്‍ യാദവിനെ ബൂംറ മലിംഗയുടെ കൈകളിലെത്തിച്ചു. 11ാമന്‍ അങ്കിത് രജപുത്തിനെ(4) മലിംഗ ക്ലീന്‍ ബൗള്‍ഡ് ചെയ്തതോടെ കൊല്‍ക്കത്തയുടെ ബാറ്റിങ് 18.5 ഓവറില്‍ ഏഴ് വിക്കറ്റിന് 107 എന്ന നിലയില്‍ അവസാനിച്ചു. കരണ്‍ ശര്‍മ മൂന്നോവറില്‍ 16 റണ്‍സ് മാത്രം വിട്ട് നല്‍കി നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബൂംറ മൂന്നോവറില്‍  ഏഴ് റണ്‍സ് മാത്രം വിട്ടുനല്‍കിമൂന്ന് വിക്കറ്റും സ്വന്തമാക്കി. മിച്ചല്‍ ജോണ്‍സണ്‍ രണ്ടും ലസിത് മലിംഗ ഒരു വിക്കറ്റും വീഴ്ത്തി തിളങ്ങി.
108 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ മുംബൈയ്ക്കും തുടക്കം പിഴച്ചു. ലിന്‍ഡന്‍ സിമ്മണ്‍സ്(3), പാര്‍ഥിവ് പട്ടേല്‍(14), അമ്പാട്ടി റായിഡു(6) എന്നിവര്‍ തുടക്കത്തിലേ തന്നെ മടങ്ങിയെങ്കിലും  നാലാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പുറത്തെടുത്ത രോഹിത് ശര്‍മയും(26) ക്രുണാലും (45*) ചേര്‍ന്ന് മുംബൈയെ വിജയത്തിനടുത്തെത്തിച്ചു. നാലാമനായി രോഹിത് മടങ്ങുമ്പോള്‍ മുംബൈ 12.2 ഓവറില്‍ നാല് വിക്കറ്റിന് 88 എന്ന നിലയിലായിരുന്നു. 30 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം 45 റണ്‍സുമായി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച ക്രുണാല്‍ പൊള്ളാര്‍ഡിനെ(9*) കൂട്ടുപിടിച്ച് കൂടുതല്‍ അപകടം വരുത്താതെ മുംബൈയെ വിജയത്തിലെത്തിച്ചു. ആദ്യ പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്താണ് പൂനെ സൂപ്പര്‍ജയന്റ്‌സ് ഫൈനലില്‍ കടന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss