|    Feb 24 Fri, 2017 12:37 am

കൊല്‍ക്കത്ത പ്ലീന തീരുമാനം: പ്രവര്‍ത്തനരേഖയ്ക്ക് സിപിഎം സംസ്ഥാന സമിതി അംഗീകാരം

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: കൊല്‍ക്കത്ത പ്ലീന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് പരിഷ്‌കരിച്ച പ്രവര്‍ത്തനരേഖയ്ക്ക് സിപിഎം സംസ്ഥാന സമിതി അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ മറുപടിക്കുശേഷമാണ് പ്രവര്‍ത്തനരേഖയ്ക്ക് അംഗീകാരം നല്‍കിയത്.
ഓരോ വര്‍ഷവും പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കുന്നതിനുമുമ്പ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് തീരുമാനം. നാലര ലക്ഷം അംഗങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിയിലുള്ളത്. 1,80,000 പേര്‍ പാര്‍ട്ടി അനുഭാവികളായി ഈവര്‍ഷം ചേര്‍ന്നിട്ടുണ്ട്. എന്നാല്‍, അംഗമായി തുടരുന്ന പലരും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്ന കീഴ്ഘടകങ്ങളുടെ റിപോര്‍ട്ട് പരിഗണിച്ചാണ് പുതിയ നിര്‍ദേശം. പാര്‍ട്ടി അംഗങ്ങളെ ഗുണനിലവാരമുള്ളതും പ്രവര്‍ത്തിക്കുന്നതുമായ അംഗങ്ങളാക്കി മാറ്റുന്നതിന് ഊന്നല്‍ നല്‍കുകയാണ് ലക്ഷ്യമിടുന്നത്.
2017ല്‍ അടുത്ത സൂക്ഷ്മ പരിശോധന നടക്കുമ്പോള്‍ ഓരോരുത്തരുടെയും പ്രവര്‍ത്തനം വിലയിരുത്തിയാവും അംഗത്വം പുതുക്കിക്കൊടുക്കുക. മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെ ഒഴിവാക്കും. സൂക്ഷ്മ പരിശോധനാ സമയത്ത് ഓരോ ഘടകങ്ങളും ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളും. പാര്‍ട്ടി ബ്രാഞ്ച്തലം മുതല്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കും.
പ്രവര്‍ത്തന രേഖയനുസരിച്ച് പാര്‍ട്ടി അംഗസംഖ്യയില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പങ്കാളിത്തം നല്‍കും. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 30 വയസ്സില്‍ താഴെയുള്ളവരുടെ അംഗസംഖ്യ ആകെ അംഗങ്ങളുടെ 30 ശതമാനത്തിലേക്കെത്തിക്കും.
സ്ത്രീകളുടെ അംഗസംഖ്യ അടുത്ത സമ്മേളനത്തിനു മുമ്പു പാര്‍ട്ടി അംഗസംഖ്യയുടെ 25 ശതമാനമാക്കണം. കാസര്‍കോട്, കണ്ണൂര്‍ ജില്ലയില്‍ അത് 30 ശതമാനമാക്കണം. ഇവിടെ നിലവില്‍ 25 ശതമാനം സ്ത്രീ അംഗസംഖ്യ പാര്‍ട്ടിക്കുണ്ടെന്നാണ് വിലയിരുത്തല്‍.
പാര്‍ട്ടിയുടെ എല്ലാ വര്‍ഗബഹുജനസംഘടനക—ളുടെയും സംസ്ഥാന കണ്‍വന്‍ഷനുകള്‍ ഇതിനായി ചേരും. ജനുവരിയില്‍ രണ്ടുദിവസം നീളുന്ന ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്ന് ഇതുസംബന്ധിച്ച പ്രായോഗിക തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് സംസ്ഥാന സമിതി നിര്‍ദേശം നല്‍കി. അടുത്ത പാര്‍ട്ടി സമ്മേളനത്തിനു മുമ്പുതന്നെ സംഘടനാ പ്ലീനം രേഖയില്‍ നിര്‍ദേശിക്കുന്ന ശുപാര്‍ശകള്‍ നടപ്പാക്കും. വിവിധ കമ്മിറ്റികളില്‍ ഇതിനായി ആവശ്യമായ മാറ്റം വരുത്തും.
കൊല്‍ക്കത്ത പ്ലീനം നിര്‍ദേശം നടപ്പാക്കുന്നതു സംബന്ധിച്ച കാര്യങ്ങളില്‍ സിപിഎം സംസ്ഥാനസമിതി തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. അച്ചടക്ക നടപടികള്‍ സംബന്ധിച്ച് പാര്‍ട്ടിയില്‍ പറയേണ്ടത് പരസ്യപ്പെടുത്താനാവില്ല. മാധ്യമങ്ങളോട് പറയേണ്ടതുണ്ടെങ്കില്‍ പറയും. സിപിഎമ്മിന് പലതരത്തിലുള്ള നടപടിക്രമങ്ങളാണ് ഇക്കാര്യത്തിലുള്ളതെന്ന് കോടിയേരി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക