|    Dec 15 Sat, 2018 2:54 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കൊല്ലും മുമ്പ് ജുനൈദിന്റെ ജനനേന്ദ്രിയം ചവിട്ടിത്തകര്‍ത്തു

Published : 29th June 2017 | Posted By: fsq

കെ എ സലിം

ന്യൂഡല്‍ഹി: തീവണ്ടിയില്‍ വംശീയകൊലയ്ക്ക് ഇരയായ 16കാരന്‍ ജുനൈദിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. കുത്തിക്കൊലപ്പെടുത്തിയതിന് പുറമെ ജുനൈദിന്റെ ജനനേന്ദ്രിയം തകര്‍ത്ത നിലയിലായിരുന്നുവെന്ന് അയല്‍വാസിയായ ബഷീറുദ്ദീന്‍ തേജസിനോട് പറഞ്ഞു. ജുനൈദിനെ കൊലപ്പെടുത്തും മുമ്പ് ക്രൂരമായി മര്‍ദിച്ചു. നിലത്തിട്ട് 25ഓളം പേര്‍ ചേര്‍ന്നു ചവിട്ടി. ജനനേന്ദ്രിയം ചവിട്ടിത്തകര്‍ത്തു. ശരീരത്തിന്റെ നിരവധി ഭാഗങ്ങളില്‍ കുത്തേറ്റ മുറിവുണ്ടായിരുന്നു. ഖുര്‍ആന്‍ പൂര്‍ണമായും മനപ്പാഠമാക്കിയ ജുനൈദ്, അതിനു നാട്ടുകാര്‍ നല്‍കിയ സമ്മാനത്തുകയുമായാണ് പെരുന്നാള്‍ വസ്ത്രം വാങ്ങാന്‍ ഡല്‍ഹിയിലെത്തിയത്. സഹോദരന്‍ ഹാഷിമും സുഹൃത്തുക്കളായ മുഹമ്മദ് മുഹ്‌സിന്‍, മുഹമ്മദ് മുഈന്‍ എന്നിവരുമായിരുന്നു കൂടെ. ഹിന്ദുത്വസംഘം വണ്ടിയില്‍ കയറിയപ്പോള്‍ തന്നെ ഇവരോട് സീറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകള്‍ അങ്ങനെ ഇരിക്കേണ്ടെന്നായിരുന്നു അവരുടെ പക്ഷം. സീറ്റ് ചോദിച്ചപ്പോള്‍ തന്നെ ജുനൈദ് എഴുന്നേറ്റ് സീറ്റ് ഒഴിഞ്ഞുനല്‍കി. ആ സീറ്റിലിരുന്ന ആളാണ് അവനെ ആദ്യം മുഖത്തടിച്ചതെന്ന് ഹാഷിം പറയുന്നു. ഞെട്ടല്‍ മാറാത്ത ഹാഷിം സംഭവങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കാന്‍ അശക്തനായിരുന്നു. അവര്‍ തങ്ങളെ പാകിസ്താനികളെന്നും ബീഫ് തിന്നുന്നവരെന്നും ആക്ഷേപിക്കുകയും തൊപ്പി തട്ടിത്തെറിപ്പിച്ചും താടി പിടിച്ചുവലിച്ചും അപമാനിക്കുകയും ചെയ്തുവെന്ന് ഹാഷിം പറയുന്നു. വണ്ടിയിലെ തിങ്ങിനിറഞ്ഞ ബോഗിയില്‍ മുന്നൂറോളം ആള്‍ക്കാരുണ്ടായിരുന്നു. ആരും തടഞ്ഞില്ലെന്ന് മാത്രമല്ല, തങ്ങളെ അപമാനിക്കാനും മര്‍ദിക്കാനും അവര്‍ പങ്കാളികളാവുകയും ചെയ്തു. പേടിയായപ്പോഴാണ് സഹോദരന്‍ സാക്കിറിനെ വിളിക്കുന്നത്. സാക്കിര്‍ ബല്ലഭ്ഗഡ് സ്‌റ്റേഷനില്‍ നിന്ന് വണ്ടിയില്‍ കയറി. അവിടെ സഹോദരങ്ങള്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും അതിനായില്ല. ബന്ധു മുഹ്‌സിനെയും സഹോദരന്‍ മുസ്തഖിമിനെയും കൂട്ടിയാണ് സാക്കിര്‍ സ്‌റ്റേഷനിലെത്തിയത്. ചെറിയ തര്‍ക്കമെന്നാണ് കരുതിയത്. എന്നാല്‍ വണ്ടിയില്‍ കയറിയ സാക്കിര്‍ തന്റെ സഹോദരന്‍മാരുടെ നിലവിളി കേട്ടു. തിക്കിത്തിരക്കി സാക്കിര്‍ സഹോദരന്‍മാര്‍ക്ക് അടുത്തെത്തുമ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഏറെ പിന്നിലായിരുന്നു. ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോഴേക്കും അവര്‍ കത്തിയെടുത്ത് തങ്ങളെ കുത്താന്‍ തുടങ്ങിയെന്ന് ഹാഷിം പറയുന്നു. ഇരുവശത്തും മൂര്‍ച്ചയുള്ള പ്രത്യേകതരം കത്തിയായിരുന്നു അവരുടെ കൈയിലുണ്ടായിരുന്നത്. അസോട്ടി സ്‌റ്റേഷനില്‍ എത്തിയതോടെ ഇവരെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചെറിഞ്ഞ് ഓടിപ്പോയി. മുഹ്‌സിനും മുസ്തഖിമും ഓടിയെത്തുമ്പോഴേക്കും ജുനൈദ് മരിച്ചിരുന്നു. സാക്കിര്‍ അബോധാവസ്ഥയിലായിരുന്നു. പരിക്കേറ്റ ഹാഷിം ഒരിടത്ത് ചാരിയിരിക്കുന്ന നിലയിലായിരുന്നു. പ്ലാറ്റ്‌ഫോമിലൂടെ മൂന്നുപേര്‍ ഓടി ബൈക്കില്‍ കയറിപ്പോവുന്ന സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളിലൊരാളെ പോലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 35കാരന്‍ പല്‍വാല്‍ സ്വദേശി രമേശ് കുമാര്‍ കൊലയാളികളുടെ കൂട്ടത്തിലുള്ളയാളാണെന്നു ഹാഷിം തറപ്പിച്ചുപറയുന്നു. സ്റ്റേഷനില്‍ രക്തം വാര്‍ന്നുകിടന്നിട്ടും സഹായിക്കാന്‍ ആരും തയ്യാറായിരുന്നില്ലെന്ന് ഹാഷിം പറയുന്നു. സാക്കിറിന്റെ ശരീരത്തില്‍ നിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു. ഒരു തൂവാല തരാന്‍ പോലും ആരുമുണ്ടായില്ല. 100 മീറ്റര്‍ അകലെ പോലിസുകാരുണ്ടായിരുന്നു. അവരും സഹായിക്കാനെത്തിയില്ല. 45 മിനിറ്റ് കഴിഞ്ഞാണ് ആംബുലന്‍സ് എത്തിയതെന്ന് ഹാഷിം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss